ഫലപ്രദമായ ചികിത്സ
Sunday, August 1, 2021 7:08 AM IST
ഇവിടത്തെ ആശുപത്രികളെ കാര്യക്ഷമതയുള്ള ഒരു നല്ല വർക്ക്ഷോപ്പിനോടാണ് ഉപമിക്കാൻ തോന്നുന്നത്. അപകടത്തിൽപ്പെട്ട ഒരു വാഹനം നന്നാക്കുന്നതോടുകൂടി സമഗ്രമായ ഒരു പുതുക്കലും നൽകിയേ ഒരു നല്ല വർക് ഷോപ്പുടമ അതു തിരിച്ചയയ്ക്കൂ. പഴയവയ്ക്കാകട്ടെ നിവൃത്തിയുള്ളിടത്തോളം പുതുജീവൻ നൽകാൻ ശ്രമിക്കുകയും ചെയ്യും. വാഹനങ്ങളോട് ഒരുവിധമായ വൈകാരികബന്ധവും അയാൾക്കില്ലതാനും.
ഒരു രോഗിക്ക് സുഖവും രോഗമുക്തിയും കൊടുക്കാൻ ഏതറ്റംവരെയും പോകും ഇവർ. എക്സ്റേ, സ്കാനിംഗ്, ഓപ്പറേഷൻ തുടങ്ങിയവയെല്ലാം എത്ര ചെലവേറിയതായാലും ഗവണ്മെന്റ് ചെലവിൽ നടത്തിക്കൊടുക്കും. (നല്ല രീതിയിൽതന്നെ കരം ഈടാക്കും. 40 ശതമാനംവരെ ആദായത്തിൽനിന്നു കൊടുക്കേണ്ടിവരാം. നികുതി വെട്ടിക്കാൻ പഴുതൊന്നുമില്ല. വാങ്ങിയെടുക്കുന്ന പണമെല്ലാം ജനങ്ങളുടെ സുഖജീവിതത്തിനായി ചെലവാക്കുകയുംചെയ്യും സർക്കാർ). എന്റെ വീഴ്ചയും ക്ഷതവുമായി ബന്ധമില്ലാത്ത ഒന്നാണ് ഒരു കൈവിരൽ മടങ്ങിയിരിക്കുന്ന അവസ്ഥ. രണ്ടു വർഷത്തിലേറെയായി. വേദനയില്ല. ഇക്കാര്യം പറഞ്ഞതേ അവർ എന്നെ എക്സ്റേ മുറിയിൽ കൊണ്ടുപോയി. പ്രത്യേക ഡോക്ടർ വിവരമെല്ലാം ചോദിച്ച്, ആശുപത്രി വിട്ടശേഷം തുടർ ചികിത്സയ്ക്കുള്ളതെല്ലാം ഏർപ്പാടാക്കി. എല്ലാ കുറവുകളും പരിഹരിച്ചിട്ടു വേണമല്ലോ റോഡിൽ ഇറക്കാൻ.
വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമെങ്കിലും രോഗിക്ക് അപകടം വരുന്ന ഒരു കാര്യത്തിനും വിട്ടുവീഴ്ചയില്ല. നടക്കാൻ തുടങ്ങുന്പോൾ വീണുപോകുന്ന ഒരു രോഗിണി ഉണ്ടായിരുന്നു എന്റെ മുറിയിൽ. അവർക്കാണെങ്കിൽ നടക്കാൻ വലിയ താത്പര്യം. കുളിപ്പിച്ച് വസ്ത്രം മാറ്റി കൊണ്ടുവന്ന് അവരെ കിടക്കയ്ക്ക് അരികിലിലുള്ള കസേരയിൽ ഇരുത്തും. അവർ എഴുന്നേറ്റാലുടനെ കുഷന്റെ അടിയിൽനിന്ന് ഒരു ബെല്ലടി കേൾക്കാം. ബെല്ലും അവരുംകൂടിയുള്ള മത്സരംകണ്ട് ഞങ്ങൾ ചിരിക്കും. അവരും. (നമ്മുടെ നാട്ടിലും അത്യന്താധുനിക ആശുപത്രികളിൽ ഇത്തരം സംവിധാനങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, സാധാരണക്കാരന് അപ്രാപ്യം.)
സിസിലിയാമ്മ പെരുമ്പനാനി
[email protected]