അനുഭവങ്ങളുടെ കരുത്തിൽ മുന്നോട്ട്...
Saturday, October 2, 2021 5:17 AM IST
“പ്രതീക്ഷിക്കാത്ത വഴിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെയുള്ള ജീവിതം. അച്ഛൻ നേവി ഉദ്യോഗസ്ഥനായിരുന്നു. കലാരംഗവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അവിടെനിന്നും ദൈവത്തിന്റെ പദ്ധതിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെ’’
സൗന്ദര്യംകൊണ്ടും അഭിനയംകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് കൃഷ്ണകുമാർ. മിനിസ്ക്രീനിൽ അനൗണ്സറായി തുടങ്ങി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ കൃഷ്ണകുമാറിന്റേത് ഇന്നൊരു സിനിമ കുടുംബമാണ്. മകൾ അഹാന മലയാളത്തിലെ ഒന്നാം നിര നായികയാകുന്പോൾ ദിയയും ഇഷാനിയും ഹൻസികയും വിവിധ സിനിമയുടെ ഭാഗമായിക്കഴിഞ്ഞു.
നടൻ എന്നതിനൊപ്പം ഒരു ദേശീയ പാർട്ടിയുടെ കേരളത്തിലെ മുൻനിര നേതാവുകൂടിയാണ് കൃഷ്ണകുമാർ. സിനിമയും പരന്പരകളും തന്റെ തൊഴിലിടമാക്കുന്പോൾ പൊതുപ്രവർത്തനം സേവന കർമമണ്ഡലമായി മാറ്റുകയാണ്. എവിടെയും നിലപാടുകൾ തുറന്നു പറയാനുള്ള ആർജവവും ഈ കലാകാരനു കരുത്താകുന്നു...
കരിയറിലെ വ്യത്യസ്ത പാതകൾ
പ്രതീക്ഷിക്കാത്ത വഴിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെയുള്ള ജീവിതം. അച്ഛൻ നേവി ഉദ്യോഗസ്ഥനായിരുന്നു. ഇതുപോലെ ഒരു കരിയറിലേക്ക് എത്തുമെന്നാണ് ഞാനും പ്രതീക്ഷിച്ചിരുന്നത്. കലാരംഗവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. കോളജ് കാലഘട്ടത്തിൽ തിരുവനന്തപുരത്ത് എന്റെ വീടിനടുത്താണ് അന്നു ദൂരദർശൻ ഡയറക്്ടറായിരുന്ന കുഞ്ഞികൃഷ്ണൻ സാർ താമസിക്കാനെത്തുന്നത്. അദ്ദേഹവുമായുള്ള പരിചയമാണ് എന്നെ ദൂരദർശനിൽ അനൗണ്സറാകുന്നത്. അവിടെനിന്നും ദൈവത്തിന്റെ പദ്ധതിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെ.
ദൂരദർശൻ വഴിത്തിരിവായി
അഞ്ചു വർഷം ദൂരദർശനിൽ ജോലി ചെയ്തു. അവിടെനിന്നും എന്റെ മുന്നിലേക്ക് അവസരങ്ങൾ തുറന്നുവരികയായിരുന്നു. ദൂരദർശനിൽ അനൗണ്സറായിരുന്നപ്പോഴാണ് മണിശ്രീധർ, കൈലാസ് നാഥ് എന്നിവർ എന്നെ തേടിവരുന്നത്. തമിഴിലെ സീനിയർ സംവിധായകനായ കെ ബാലചന്ദറിന്റെ മകനാണ് കൈലാസ്.
അവർ മലയാളത്തിൽ ഒരു സീരിയൽ നിർമിക്കുന്നു. നെടുമുടി വേണുവാണ്് പ്രധാന കഥാപാത്രം. ഒരു എപ്പിസോഡിലേക്കാണ് എന്നെ വിളിക്കുന്നത്. അന്നുവരെ ഞാൻ അഭിനയിച്ചിട്ടില്ല. അവർ തന്ന സീൻ അഭിനയിച്ചു കാണിച്ചപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാനൊരു പ്രൈവറ്റ് കന്പനിയിൽ ജോലി ചെയ്തിരുന്നു.
ഒരു സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട സമയത്താണ് ആകസ്മികമായി സുഹൃത്ത് അനിക്കുട്ടനെ കാണുന്നത്. ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവും നിർമാതാവുമായി സുരേഷ് കുമാറിന്റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. സുരേഷ്കുമാർ ഡൽഹിയിൽ സിനിമയുടെ ആവശ്യത്തിനു പോയിരിക്കുകയാണ്.
പിന്നീട് സുരേഷേട്ടൻ എന്നെ ഫോണ് വിളിച്ച് ഡൽഹിയിലേക്കു വരാൻ പറഞ്ഞു. കാശ്മീരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അതിന്റെ സംവിധായകൻ രാജീവ് അഞ്ചലിനെ മുന്പുതന്നെ പരിചയമുണ്ട്. അങ്ങനെയാണ് കാശ്മീരത്തിലൂടെ നടനായി സിനിമയിലെത്തുന്നത്. ശാരദച്ചേച്ചിയുടെ മകന്റെ വേഷമാണ് ചെയ്യുന്നത്. ഒരു മകനെന്നപോലെ ശരിക്കും സ്നേഹവും കരുതലും അനുഭവിച്ചറിയുകയായിരുന്നു.
സ്ത്രീയിലെ വേഷം നിർണായകം
സിന്ധുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുട്ടിയുള്ള കാലത്ത് ഞങ്ങൾ വാടക വീട്ടിലാണ് താമസം. സ്ത്രീ സീരിയൽ ഏഷ്യാനെറ്റിൽ പ്രക്ഷേപണം തുടങ്ങിയിട്ടുണ്ട്. സ്ത്രീയുടെ നിർമാതാവ് ശ്യാം സുന്ദറാണ് 10 ദിവസത്തെ ഷൂട്ടിംഗിനു വരണമെന്നു പറയുന്നത്. നടൻ സിദ്ധിഖും വിനയ പ്രസാദുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങൾ.
അന്നു സിദ്ധിഖിനു പെട്ടന്നു സിനിമയിൽ തിരക്കായി. ഒപ്പം എന്റെ വില്ലൻ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ സീരിയലിലെ കഥാപാത്രവും വലുതായി. പിന്നീട് എന്റെ വില്ലൻ കഥാപാത്രവും വിനയ പ്രസാദുമായുള്ള ഫൈറ്റായി സീരിയലിന്റെ പ്രധാന ഘടകം. 10 ദിവസം അഭിനയിക്കാൻ പോയ ഞാൻ 180 ദിവസം അതിൽ അഭിനയിച്ചു. പിന്നീട് സിനിമയിലും അവസരങ്ങളെത്തി.
തമിഴിലും തിളക്കം
തമിഴിൽ സണ് ടിവിയിലെ തങ്കം എന്ന സീരിയൽ വലിയ വിജയമായിരുന്നു. അതിൽ രമ്യാ കൃഷ്ണന്റെ ഭർത്താവായാണ് ഞാൻ അഭിനയിച്ചത്. ജില്ലാ കളക്ടറുടെ വേഷമായിരുന്നു ഞാൻ അവതരിപ്പിച്ചത്. തമിഴ് ജനത കലാകാരൻമാരെ വളരെ സ്നേഹിക്കുന്നവരാണ്. അവിടെ എന്നെ കളക്ടർ എന്നായിരുന്നു ആളുകൾ വിളിച്ചത്. പിന്നീട് ദൈവത്തിരുമകൾ അടക്കം ഒരുപിടി സിനിമകളും ചെയ്തു.
സിനിമയുടെ ഇടവേളകളിൽ ബിസിനസ് രംഗത്തേക്കും കടക്കുന്നത്. പ്രേക്ഷകർ നൽകിയ സ്നേഹം ബിസിനസ് രംഗത്തും എനിക്കു നേട്ടങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
പെണ്പടയ്ക്കൊപ്പം
കുറച്ചുനാൾ മുന്പ് ഞാൻ ഫേസ്ബുക്കിലെഴുതിയിരുന്നു, മാറുന്ന മേൽവിലാസങ്ങൾ എന്ന്. അച്ഛനമ്മമാരുടെ മേൽവിലാസത്തിൽ വളർന്നു. പിന്നീട് നടനായപ്പോൾ ഒരു മേൽവിലാസം ലഭിച്ചു. ഇപ്പോൾ എന്റെ മക്കളുടെ പേരു പറഞ്ഞാണ് ആളുകൾ പറയുന്നത്. അതു ശരിക്കും ഞാനിഷ്ടപ്പെടുന്നു. സ്ത്രീകളിൽനിന്നും എന്നും അനുഗ്രഹവും സ്നേഹവും ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്നെ നടനാക്കി നിലനിർത്തിയതും സ്ത്രീ എന്ന സീരിയലാണ്. അതുകൊണ്ടാണ് എന്റെ വീടിനും സ്ത്രീ എന്ന പേര് നൽകിയത്. സ്ത്രീകൾക്കു ഉന്നമനം നൽകുന്പോൾ ആ നാടും വളരുമെന്നതാണ് സത്യം.
മക്കളും സിനിമയിലേക്ക്
എന്റെ മകൾ എന്നതാണ് അഹാനയ്ക്കും സിനിമയിലേക്കുള്ള വിലാസമെങ്കിലും പ്രേക്ഷക ഇഷ്ടം നേടണമെങ്കിൽ, സിനിമ മേഖലയിൽ പിടിച്ചുനിൽക്കണമെങ്കിൽ അവർ തന്നെ കഴിവ് പ്രകടമാക്കണം. ലൂക്ക എന്ന ചിത്രത്തിൽ അഹാന നന്നായി ചെയ്തെന്നു തോന്നിയിട്ടുണ്ട്. വണ് എന്ന ചിത്രത്തിൽ ഇഷാനിയും നാച്വറലായി പെർഫോം ചെയ്തിട്ടുണ്ട്. ലൂക്കയിൽ അഹാനയുടെ ബാല്യം ചെയ്തത് ഹൻസികയാണ്.
എന്റെ മക്കൾക്കു മാത്രമല്ല, ഇന്നത്തെ കുട്ടികൾക്ക് വളരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അടിയാണ് ഇനി അഹാനയുടെ റിലീസാകാനുള്ള സിനിമ. മക്കൾ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ പോലും ഞാൻ പോകാറില്ല. അവർ സ്വതന്ത്രമായി ചെയ്യട്ടെയെന്നാണ് കരുതുന്നത്. അടി നിർമിച്ചത് ദുൽഖറാണ്. അതിന്റെ പ്രിവ്യൂ കണ്ടതിനു ശേഷം അഹാന നന്നായി ചെയ്തിട്ടുണ്ടെന്നു മമ്മൂട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. മമ്മൂട്ടി അങ്ങനെ പറയുന്പോൾ എനിക്കും അത് മനസിനും സന്തോഷം നൽകുന്നു.
സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ
ധനമുണ്ടാക്കാവുന്ന ഒരിടം കൂടിയാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ. എന്റെ മക്കളും അതിൽ സജീവമാണ്. അവരോടു ഞാൻ എപ്പോഴും പറയുന്നത്, നമ്മുടെ ക്രിയാത്മകത ഉപയോഗിച്ച് നൻമ പകരുന്നതാകണം പ്രവൃ ത്തികൾ. മറ്റൊരാളെ വേദനിപ്പിച്ച് വ്യൂസ് കൂട്ടി പണമുണ്ടാക്കാൻ ശ്രമിക്കരുത് . നമ്മുടെ ശരി അങ്ങനെയായിരിക്കണം. ഒരു സമയത്ത് സൈബർ അക്രമണം നേരിട്ടപ്പോൾ, ഒളിച്ചിരുന്ന് എയ്യുന്ന അന്പുകളോട് പ്രതികരിക്കേണ്ടതില്ല. പ്രതികരിച്ചാലും, രസകരമായി ആരേയും നോവിക്കാതെ ചെയ്യണം എന്നാണ് ഞാൻ പറഞ്ഞത്. സമൂഹ മാധ്യമങ്ങൾ ഇരുവായ്ത്തലയുള്ള വാളാണ്. വളരെയധികം ജാഗ്രത വേണ്ട ഇടം. കുട്ടികളും മാതാപിതാക്കളും അതിൽ വളരെ ശ്രദ്ധ പുലർത്തണം.
സേവനം രാഷ്ട്രീയം
ആളുകളോട് ഇടപെടാനും തൊട്ടു സംസാരിക്കാനും ആഗ്രഹിക്കുന്ന ആളാണ്. ചുറ്റുമുള്ളവർക്കു വേണ്ടി നമുക്കു പലതും ചെയ്യാനാകും. സിനിമയിലൂടെ ആളുകളെ സ്ന്തോഷിപ്പിക്കാൻ സാധിച്ചു. സഹായം ആവശ്യമായ ഒരുപാടാളുകൾ നമ്മുടെ ചുറ്റുമുണ്ട്. അവർക്കായി എന്തു ചെയ്യാമെന്ന ചിന്തയാണ് രാഷ്്ട്രീയത്തിലേക്ക് എന്നെ എത്തിച്ചത്. അധികാരം ജനങ്ങളുടെ സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നതാണ് എന്നെ പ്രേരിപ്പിച്ചത്. അതിനായാണ് ശ്രമിക്കുന്നത്.
ലിജിൻ കെ ഈപ്പൻ