നിരഞ്ജിന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും...
Sunday, January 9, 2022 7:27 AM IST
ഛോട്ടാ മുംബൈയുടെ സമയത്താണ് സിനിമയിൽ അഭിനയിക്കുന്നതിനുള്ള താൽപര്യം അച്ഛനോട് പറയുന്നത്. സിനിമയിൽ എത്തണമെന്നത് എന്റെ ആഗ്രഹവും സ്വപ്നവുമായിരുന്നു. കോളജിലെത്തിയ സമയത്താണ് ബ്ലാക്ക് ബട്ടർഫ്ളൈ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നീട് പഠനം പൂർത്തിയാക്കി വന്നപ്പോൾ ബോബിയിൽ അവസരം ലഭിച്ചു.
പ്രേക്ഷകർ സ്വീകരിച്ച ഒരു താത്വിക അവലോകനത്തിലൂടെ പ്രേക്ഷക മനസിലേക്ക് ഇടം നേടുകയാണ് യുവതാരം നിരഞ്ജ് മണിയൻപിള്ള രാജു. താരപുത്രൻ എന്ന പരിവേഷത്തിൽ നിന്നും നടൻ എന്നതിലേക്കാണ് തന്റെ യാത്രയെന്നു നിരഞ്ജ് പറയുന്നു. ബോബി എന്ന ചിത്രത്തിലൂടെ നായകനായി തുടക്കംകുറിച്ച നിരഞ്ജ് പിന്നീട് മോഹൻലാൽ- രഞ്ജിത്ത് ടീമിന്റെ ഡ്രാമ, സകലകലാശാല, സൂത്രക്കാരൻ, ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി. തന്റെ പുതിയ സിനമയും കഥാപാത്രവും പ്രേക്ഷക ഇഷ്ടം നേടുന്പോൾ നിരഞ്ജ് മനസ് തുറക്കുന്നു....
തികഞ്ഞ ആക്ഷേപ ഹാസ്യ ചിത്രമായ ഒരു താത്വിക അവലോകനത്തിലൂടെ മികച്ചൊരു വിജയം നേടിയിരിക്കുന്നു. ചിത്രത്തിലേക്ക് എത്തുന്നത്?
സംവിധായകൻ അഖിൽ മാരാർ പറഞ്ഞപ്പോൾതന്നെ കഥ എനിക്ക് ഇഷ്ടമായി. നായക കഥാപാത്രം എന്നതിനേക്കാൾ ചിത്രത്തിന്റെ കഥാപശ്ചാത്തലവും അതിന്റെ ട്രീറ്റ്മെന്റുമാണ് എന്നെ ആകർഷിച്ചത്. നായകൻ, ക്യാരക്ടർ റോൾ, വില്ലൻ എന്നതിനപ്പുറം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരുടെ ഇഷ്ടം നേടണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രേക്ഷകരെ വിനോദിപ്പിക്കുന്നതായിരിക്കണം സിനിമ. അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകളാണ് ഓരോ സിനിമയും. വ്യത്യസ്തങ്ങളായ സിനിമകളുടെ ഭാഗമാകണം. ചെറിയൊരു സിനിമാ മേഖലയാണ് നമ്മുടേത്. നിരവധി കഴിവുറ്റ പ്രതിഭകൾ ഇവിടെയുണ്ട്. എന്നിലേക്ക് വരുന്ന കഥാപാത്രങ്ങളിൽ ഇഷ്ടം നേടുന്നവയാണ് ഞാൻ ചെയ്യുന്നത്.
ഇന്നു മലയാളത്തിൽ നിരവധി യുവതാരങ്ങൾ എത്തുന്നു. അവർക്കുള്ള ഇടം ലഭിക്കുന്നുണ്ടോ ?
നിരവധി പ്രതിഭകളാണ് സിനിമയുടെ എല്ലാ മേഖലയിലും ഇന്നെത്തുന്നത്. എങ്കിലും എല്ലാവർക്കും നിറയെ അവസരങ്ങൾ ഉണ്ടാകണമെന്നില്ല. പക്ഷേ, മികച്ച എഴുത്തുകാരും സംവിധായകരും മലയാള സിനിമയിൽ ഉണ്ടെന്നത് മേഖലയെ സംബന്ധിച്ചു വളരെ ഗുണകരമായ കാര്യമാണ്. എന്നെ സംബന്ധിച്ചു മണിയൻപിള്ള രാജുവിന്റെ മകൻ എന്ന പരിവേഷം പ്രേക്ഷകർക്കിടയിലില്ല. ബോബിയിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ അതായിരുന്നു മേൽവിലാസം.
ബോബി, ഫൈനൽസ് എന്നീ മേൽവിലാസം തന്നെയാണ് പ്രേക്ഷകർക്കിടയിലുള്ളതായി തോന്നിയിട്ടുള്ളത്. മണിയൻ പിള്ള രാജുവിന്റെ മകന്റെ മകൻ എന്ന പേര് സിനിമ മേഖലയിൽ ഉണ്ട്. അച്ഛൻ നിർമാതാവായ രണ്ടു സിനിമയിലാണ് ഞാൻ അഭിനയിച്ചത്. ആദ്യ സിനിമ ബ്ലാക്ക് ബട്ടർഫ്ളൈയിൽ വില്ലൻ കഥാപാത്രമായിരുന്നു. ഫൈനൽസിൽ ക്യാരക്ടർ വേഷമായിരുന്നു. അച്ഛൻ നിർമിക്കുന്ന സിനിമകളിൽ മറ്റുള്ള യുവതാരങ്ങളെ അഭിനയിപ്പിക്കണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്.
ബോബിയിലൂടെയാണ് തുടക്കം. സിനിമയിലേക്ക് എത്തുന്നത്?
സ്കൂൾ പഠനകാലത്ത് തന്നെ സിനിമയോട് ഇഷ്ടമുണ്ടായിരുന്നു. എന്റെ സഹോദരനാണ് ക്ലാസിക് സിനിമകൾ കാണുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിരുന്നത്. ഛോട്ടാ മുംബൈയുടെ സമയത്താണ് സിനിമയിൽ അഭിനയിക്കുന്നതിനുള്ള താൽപര്യം അച്ഛനോട് പറയുന്നത്. അന്ന് അച്ഛൻ നിരുത്സാഹപ്പെടുത്തുകയായിരുന്നു. എങ്കിലും സിനിമയിൽ എത്തണമെന്നത് എന്റെ ആഗ്രഹവും സ്വപ്നവുമായിരുന്നു.
അങ്ങനെയാണ് കോളജിലെത്തിയ കാലത്ത് ബ്ലാക്ക് ബട്ടർഫ്ളൈ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. പക്ഷേ, ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വിദേശത്തു പഠനം പൂർത്തിയാക്കി വന്നപ്പോഴാണ് ബോബി എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. സിനിമയിലെത്തിയപ്പോൾ കൃത്യനിഷ്ടത പുലർത്തുന്ന കാര്യമാണ് അച്ഛൻ എനിക്കു നൽകിയ ഉപദേശം. മറ്റുള്ളവരുടെ സമയത്തിന്റെ വില നമ്മൾ ഓർക്കേണ്ടതുണ്ട്. അതു കൃത്യമായി പുലർത്താൻ ശ്രമിക്കുന്നുമുണ്ട്. എന്റെ സിനിമകളുടെ കാര്യത്തിൽ മറ്റൊന്നിലും അച്ഛൻ ഇടപെടാറില്ല.
മലയാളത്തിലെ മുതിർന്ന നിർമാതാവാണ് അച്ഛൻ. അദ്ദേഹത്തിന്റെ നിർമാണ ഇടങ്ങളിലേക്ക്?
അച്ഛന്റെ ഇഷ്ടങ്ങളും കാഴ്ചപ്പാടുമാണ് നിർമിച്ചിട്ടുള്ള ഓരോ സിനിമകളും. അത് അച്ഛന്റേതായ ഇടമാണ്. 45 വർഷത്തിലേറെയായി അദ്ദേഹം മലയാള സിനിമയുടെ ഭാഗമാണ്. അച്ഛൻ നടനും നിർമാതാവുമാണ് എന്നത് സിനിമയിലേക്കുള്ള എന്റെ കടന്ന് വരവ് കുറച്ച് എളുപ്പമാക്കിയിട്ടുണ്ട്. പ്രേക്ഷക ഇഷ്ടം നേടിയിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും. അച്ഛന്റെ ഇഷ്ടങ്ങളാണ് നിർമിക്കുന്ന ഓരോ പ്രോജക്ടുകളും.
പുതിയ ചിത്രങ്ങൾ
റിലീസാകാനുള്ളത് ത്രയം എന്ന ചിത്രമാണ്. വിവാഹ ആവാഹനം എന്നൊരു ഫാന്റസി ചിത്രമാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് ഒടിടി റിലീസായിരിക്കും. മറ്റ് ചർച്ചകൾ പുരോഗമിക്കുന്നു.
സിനിമയുടെ മറ്റിടങ്ങളിലേക്കുള്ള ഇഷ്ടം?
കഥകൾ എന്റെ മനസിലുണ്ടാകുമെങ്കിലും എഴുത്തിൽ ആത്മവിശ്വാസമില്ല. മനസിലുണ്ടാകുന്ന കഥകളെ സുഹൃത്തുക്കളോട് പറയാറാണ് പതിവ്. ക്രിയാത്മകമായി ചിന്തിക്കാൻ കഴിയുന്നുണ്ട് എന്നത് സിനിമയിൽ ആവശ്യമായ ഘടകമാണ്. അതിന് സാധിക്കുന്നു എന്നത് ഭാവിയിൽ സംവിധാനം ചെയ്യണം എന്നൊരു ആഗ്രഹത്തിലേക്കാണ് എത്തിക്കുന്നത്. വളരെ മുന്നൊരുക്കങ്ങളും പഠനങ്ങളും സംവിധാനം ചെയ്യുന്നതിനു വേണ്ടതാണ്. സിനിമയെന്നത് ഒരു കൂട്ടായ പരിശ്രമമാണ്. അത്തരത്തിൽ ഭാവിയിൽ സംവിധാനം ചെയ്യണമെന്നും കരുതുന്നു.
ലിജിൻ കെ ഈപ്പൻ