സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്തിലെ അദ്വിതീയനായ നെയ്യാറ്റിൻകര വാസുദേവന്‍റെ ഓർമദിനമായിരുന്നു കഴിഞ്ഞ 13ന്...

മും​ബൈ​യി​ലെ ഒ​രു സം​ഗീ​ത​വേ​ദി​യി​ൽ​വ​ച്ച് മൃ​ദം​ഗ വി​ദ്വാ​ൻ ഉ​മ​യാ​ൾ​പു​രം ശി​വ​രാ​മ​ൻ ഇ​ങ്ങ​നെ പ​റ​ഞ്ഞു: ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ അ​യ്യ​ർ, രാ​മ​നാ​ട് കൃ​ഷ്ണ​ൻ, എം.​ഡി. രാ​മ​നാ​ഥ​ൻ എ​ന്നീ മ​ഹാ​ര​ഥന്മാ​രു​ടെ ആ​ലാ​പ​നാ​നു​ഭ​വം ഒ​രു​മി​ച്ചു നേ​ട​ണ​മെ​ങ്കി​ൽ നി​ങ്ങ​ൾ നെ​യ്യാ​റ്റി​ൻ​ക​ര വാ​സു​ദേ​വ​നെ കേ​ൾ​ക്കൂ!

അ​നു​ഗൃ​ഹീ​ത​നാ​യ നാ​ദ​സ്വ​ര വാ​ദ​ക​നാ​യി​രി​ക്കു​ന്പോ​ഴും മ​രം​വെ​ട്ടു​കാ​ര​നാ​യി ജീ​വി​ച്ച​യാ​ളാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര വാ​സു​ദേ​വ​ന്‍റെ പി​താ​വ്. ചെ​റു​പ്പ​ത്തി​ൽ ഏ​റെ​ക്കാ​ലം പി​താ​വി​നൊ​പ്പം മ​രം​മു​റി​ക്കാ​നും അ​തി​നെ ക​ഷ​ണ​ങ്ങ​ളാ​ക്കി അ​റു​ത്തെ​ടു​ക്കാ​നും വാ​സു​ദേ​വ​നും സ​ഹാ​യി​യാ​യി​രു​ന്നു. മ​ര​ത്തി​ൽ കോ​ടാ​ലി വീ​ഴു​ന്പോ​ൾ അ​തി​ലൊ​രു സം​ഗീ​ത​മു​ള്ള​താ​യി ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടെ​ന്ന് ഒ​രി​ക്ക​ൽ വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യം സ​ദാ സം​ഗീ​ത​ത്തി​ൽ മു​ങ്ങി​യി​രു​ന്നു.

ആ​ഹാ​ര​മി​ല്ലാ​ത്ത വി​ഷു

ഒ​രു വി​ഷു​നാ​ളി​ലാ​ണ് വാ​സു​ദേ​വ​ന്‍റെ അ​ച്ഛ​ൻ ചി​റ്റാ​ക്കോ​ട് കൈ​വ​ർ​വി​ള വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ ഈ ​ലോ​കംവി​ട്ട​ത്. ത​വി​ലും നാ​ദ​സ്വ​ര​വും മ​ര​മ​റു​പ്പും ശ്രു​തി​ചേ​ർ​ന്ന ജീ​വി​ത​ത്തി​ന്‍റെ അ​ന്ത്യം. അ​ന്നു​മു​ത​ൽ വി​ഷു​നാ​ളി​ൽ വാ​സു​ദേ​വ​ന് നി​രാ​ഹാ​ര​മാ​ണ്. വീ​ട്ടി​ലെ അ​ടു​പ്പി​ൽ തീ​പൂ​ട്ടാ​റി​ല്ല. പ​ട്ടി​ണി കി​ട​ന്നാ​ലും പാ​ട്ടു​ക​ച്ചേ​രി​ക്കു പോ​കും. അ​ത്ര​യ്ക്കു​ണ്ടാ​യി​രു​ന്നു അ​ച്ഛ​നോ​ടു​ള്ള സ്നേ​ഹം, പാട്ടിനോടും.

വി​ഷു​ദി​വ​സം ക​ച്ചേ​രി ഏ​ൽ​ക്കു​ന്പോ​ൾ ക്ഷീ​ണ​മാ​കി​ല്ലേ എ​ന്നു പ​രി​ഭ​വി​ക്കും പ​ത്നി അ​മ്മു​ക്കു​ട്ടി. ഇ​ന്നാ​ണ് എ​നി​ക്ക് ഏ​റ്റ​വും ന​ന്നാ​യി പാ​ടാ​നാ​വു​ക. പാ​ടി​പ്പാ​ടി​യ​ല്ലേ ഞാ​ൻ വി​ശ​പ്പ​ക​റ്റി​യി​രു​ന്ന​ത് എ​ന്നാ​വും മ​റു​പ​ടി.

1939 ഡി​സം​ബ​ർ 25ന്, ​ക്രി​സ്മ​സും അ​ഷ്ട​മി​രോ​ഹി​ണി​യും ഒ​ന്നി​ച്ചു​വ​ന്ന തി​ങ്ക​ളാ​ഴ്ച​യാ​ണ് തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ലെ നെ​യ്യാ​റ്റി​ൻ​ക​ര അ​ത്താ​ഴ​മം​ഗ​ലം എ​ന്ന നാ​ട്ടി​ൽ വാ​സു​ദേ​വ​ന്‍റെ ജ​ന​നം. അ​ത്താ​ഴ​ത്തി​നും പ്രാ​ത​ലി​നും പാ​ടു​പെ​ട്ടി​രു​ന്ന കു​ടും​ബ​മാ​ണ്.

ചെ​റി​യ പാ​ട്ടൊ​ക്കെ പ​രി​ശീ​ലി​ച്ച് ക​ച്ചേ​രി​ക​ൾ​ക്കു പോ​യി​ത്തു​ട​ങ്ങി​യ​പ്പോ​ൾ അ​ത്താ​ഴ​മം​ഗ​ലം വാ​സു​ദേ​വ​ൻ എ​ന്നു പേ​രു പ​രി​ഷ്ക​രി​ച്ചാ​ലോ എ​ന്നാ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ താ​ൻ ജ​നി​ച്ച അ​തേ നാളിൽത്ത​ന്നെ ജന്മമെ​ടു​ത്ത ശ്രീ​കൃ​ഷ്ണ ഭ​ഗ​വാ​ന്‍റെ ക്ഷേ​ത്രം നി​ല​കൊ​ള്ളു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടാ​നാ​യി​രു​ന്നു വാ​സു​ദേ​വ​ന്‍റെ നി​യോ​ഗം.

ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘ​ത്തി​നൊ​പ്പം ജന്മനാ​ളി​ന്‍റെ സ​വി​ശേ​ഷ​ത​പോ​ലെ അ​ന്പ​ല​മെ​ന്നോ പ​ള്ളി​യെ​ന്നോ ഭേ​ദ​മി​ല്ലാ​തെ വാ​സു​ദേ​വ​ൻ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും അ​മ​ര​വി​ള, ത​ക്ക​ല, പാ​റ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ച്ചേ​രി​ക​ൾ​ക്കു പോ​കും.

പ​ള്ളി​ക​ളി​ലാ​ണെ​ങ്കി​ൽ ക​ച്ചേ​രി​പ്പാ​ട്ടി​നി​ട​യ്ക്ക് യേ​ശു, മ​റി​യം, യ​ഹോ​വ എ​ന്നൊ​ക്കെ ചേ​ർ​ക്ക​ണ​മെ​ന്നു പ​റ​യും അ​ച്ചന്മാ​ർ. എ​ല്ലാം ദൈ​വ​ത്തി​ന്‍റെ നാ​മ​ങ്ങ​ളാ​ണ​ല്ലോ എ​ന്ന ഉ​റ​പ്പി​ൽ വാ​സു​ദേ​വ​ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്യും. അ​ച്ചന്മാ​ർ​ത​ന്നെ വ​രി​ക​ളെ​ഴു​തി ഏ​ല്പി​ക്കും. ഓ​രോ​ന്നി​നും മു​ക​ളി​ൽ ഇ​ങ്ങ​നെ കു​റി​പ്പു​ണ്ടാ​കും: വാ​താ​പി എ​ന്ന മ​ട്ട്, ന​ഗു​മോ​മു എ​ന്ന മ​ട്ട്, ക്ഷീ​ര​സാ​ഗ​ര എ​ന്ന മ​ട്ട്..!

എ​ണ്ണ​മൊ​ത്ത പ​ക്ക​മേ​ള​വു​മാ​യി വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ ക​ച്ചേ​രി ന​ട​ത്തു​ന്ന​തു സ്വ​പ്നം​ക​ണ്ടു ന​ട​ന്ന വാ​സു​ദേ​വ​ൻ ആ​വേ​ശ​ത്തോ​ടെ പാ​ടും. ക​ച്ചേ​രി ക​ഴി​ഞ്ഞാ​ൽ പ​ള്ളി​യി​ൽ​നി​ന്നു കേ​ക്കും മ​ര​ച്ചീ​നി പു​ഴു​ങ്ങി​യ​തും സു​ഭി​ക്ഷം. അ​ത്താ​ഴം മം​ഗ​ളം. (ഭ​ക്ഷ​ണ​ത്തി​ന്‍റെ മ​ഹ​ത്വം ന​ന്നാ​യ​റി​ഞ്ഞ​തി​നാ​ൽ പി​ൽ​ക്കാ​ല​ത്ത് ആ​രെ​ങ്കി​ലും ഭ​ക്ഷ​ണം വേ​ണ്ട എ​ന്നു പ​റ​ഞ്ഞാ​ൽ വാ​സു​ദേ​വ​ന് ദേ​ഷ്യ​മാ​യി​രു​ന്നു).

കു​റ​ച്ചേ​യു​ള്ളൂ എ​ന്ന ആ​ശ്വാ​സ​വാ​ക്കോ​ടെ പ​ള്ളി​മേ​ട​യി​ൽ​വ​ച്ച് അ​ച്ച​ൻ കൊ​ടു​ക്കു​ന്ന ക​വ​റി​ലു​ള്ള​ത് എ​ന്താ​ണോ അ​ത​ത്ര​യും തു​ല്യ​മാ​യി സം​ഗീ​ത​സം​ഘ​ത്തി​നു വീ​തി​ച്ചാ​ലേ വാ​സു​ദേ​വ​ന് മ​ന​സ​മാ​ധാ​നം വ​രു​മാ​യി​രു​ന്നു​ള്ളൂ. ക​ച്ചേ​രി​ക​ൾ സ്വ​പ്നം​ക​ണ്ട വാ​സു​ദേ​വ​ന്‍റെ സ്വ​രം പി​ൽ​ക്കാ​ല​ത്ത് ലോ​ക​മെ​ങ്ങു​മു​ള്ള മ​ഹ​ത്താ​യ വേ​ദി​ക​ളി​ൽ മു​ഴ​ങ്ങി.

മ​ധു​ര​ഗാം​ഭീ​ര്യം

ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ അ​യ്യ​ർ​ക്കു കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ​നി​ന്നും പി​ന്നീ​ട് രാ​മ​നാ​ട് കൃ​ഷ്ണ​നി​ൽ​നി​ന്നും സം​ഗീ​തം അ​ഭ്യ​സി​ച്ച നെ​യ്യാ​റ്റി​ൻ​ക​ര വാ​സു​ദേ​വ​ൻ ത​ന്‍റെ ഗാം​ഭീ​ര്യ​വും മാ​ധു​ര്യ​വു​മു​ള്ള സ്വ​രം​കൊ​ണ്ടും ഭാ​ഷാ വ്യാ​ക​ര​ണ​ത്തി​ലെ പാ​ണ്ഡി​ത്യം​കൊ​ണ്ടും കേ​ൾ​വി​ക്കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​യി. പാ​ര​ന്പ​ര്യ​വും പ​രീ​ക്ഷ​ണ​ങ്ങ​ളും ഒ​രു​പോ​ലെ വ​ഴ​ങ്ങി​യ നാ​ല്പ​താ​ണ്ടു​ക​ൾ!

യേ​ശു​ദാ​സ്, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, തി​രു​വി​ഴ ജ​യ​ശ​ങ്ക​ർ, ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു. ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​ൻ, മു​ഖ​ത്ത​ല ശി​വ​ജി തു​ട​ങ്ങി​യ​വ​ർ ശി​ഷ്യ​രും.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി സം​ഗീ​ത കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും, ആ​കാ​ശ​വാ​ണി​യി​ൽ എ ​ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റു​മാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി പ്ര​ക്ഷേ​പ​ണം ചെ​യ്തി​രു​ന്ന ക​ർ​ണാ​ട​ക സം​ഗീ​ത​പാ​ഠ​ത്തി​ലൂ​ടെ വാ​സു​ദേ​വ​നി​ൽ​നി​ന്നു സ്വ​രം പ​ക​ർ​ന്നു​കി​ട്ടി​യ​വ​ർ നി​ര​വ​ധി.

ആ​ർ. കൃ​ഷ്ണ​സ്വാ​മി​യാ​ണ് മു​ന്പ് സം​ഗീ​ത​പാ​ഠം നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. എ​ങ്ങ​നെ​യോ മു​ട​ങ്ങി​യ​പ്പോ​യ അ​ത് വാ​സു​ദേ​വ​ൻ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ നി​ല​യ​ത്തി​ൽ​നി​ന്നു​ള്ള പ്ര​ക്ഷേ​പ​ണം കേ​ട്ടി​രു​ന്ന അ​ത്ര​ത​ന്നെ പ​ഠി​താ​ക്ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഉ​ണ്ടാ​യി. ഒ​രു മാ​സ​മെ​ടു​ത്താ​ണ് ഒ​രു കീ​ർ​ത്ത​നം ഭം​ഗി​യാ​യി പ​ഠി​പ്പി​ക്കു​ക. ആ​കാ​ശ​വാ​ണി​യി​ലെ സം​ഗീ​തം ഇ​ഷ്ട​പ്പെ​ട്ട മ​റ്റു ജീ​വ​ന​ക്കാ​രും ഇ​ട​വേ​ള​ക​ളി​ൽ വാ​സു​ദേ​വ​ന്‍റെ റെ​ക്കോ​ർ​ഡിം​ഗ് കേ​ൾ​ക്കാ​ൻ വ​ന്നി​രി​ക്കും. അ​ത്ര സു​ന്ദ​ര​മാ​യി​രു​ന്നു ആ ​അ​നു​ഭ​വ​മെ​ന്ന​തി​ന് മ​റ്റെ​ന്തു​വേ​ണം തെ​ളി​വ്!

ഈ​ശ്വ​രാ​നു​ഭ​വം!

ഈ​ശ്വ​ര​ൻ ഇ​ല്ല എ​ന്നു പ​റ​ഞ്ഞു​ന​ട​ക്കു​ന്ന​വ​ർ​ക്കു​പോ​ലും വാ​സു​ദേ​വ​ൻ പാ​ടി​ക്കേ​ൾ​ക്കു​ന്പോ​ൾ ആ​രൊ​ക്കെ​യോ ഉ​ണ്ട്, എ​ന്തൊ​ക്കെ​യോ ഉ​ണ്ട് എ​ന്നു തോ​ന്നി​പ്പോ​കു​ന്നു- കൃ​ഷ്ണാ നീ ​ബേ​ഗ​നേ ബാ​രോ എ​ന്ന കീ​ർ​ത്ത​ന​ത്തെ പ​രാ​മ​ർ​ശി​ച്ച് വാ​സു​ദേ​വ​നോ​ട് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത് അ​ന്ന് മ​ന്ത്രി​യാ​യി​രു​ന്ന ടി.​കെ. രാ​മ​കൃ​ഷ്ണ​നാ​ണ്. ഒ​രു ട്രെ​യി​ൻ യാ​ത്ര​യി​ൽ ഒ​രു​മി​ച്ചു ചേ​ർ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ. ജ​യ ജ​യ പ​ത്മ​നാ​ഭ വാ​സു​ദേ​വ​ൻ പാ​ടു​ന്ന​ത്ര ആ​രു പാ​ടി​യാ​ലും ഇ​ഷ്ട​പ്പെ​ടി​ല്ല എ​ന്നു​കൂ​ടി പ​റ​ഞ്ഞത്രേ ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ.

അ​ത്ര​യും അ​നു​ഭ​വ​ങ്ങ​ൾ പ​ല കേ​ൾ​വി​ക്കാ​ർ​ക്ക് പ​ല​വി​ധ​ങ്ങ​ളി​ൽ പ​ക​ർ​ന്ന സ്വ​രം അ​വ​സാ​ന​കാ​ല​ത്ത് മൗ​ന​ത്തി​ലേ​ക്കു മെ​ല്ലെ ന​ട​ന്നു. വാ​സു​ദേ​വ​നെ പ്ര​മേ​ഹം ത​ള​ർ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ​ത്. പ​ഠി​ക്കാ​നെ​ത്തു​വ​രോ​ടു​പോ​ലും നാ​ളെ​യാ​വാം എ​ന്നു​പ​റ​ഞ്ഞ് ഒ​ന്നും പാ​ടാ​തെ, ഒ​ന്നും കേ​ൾ​ക്കാ​തെ ഇ​രു​ന്നു​തു​ട​ങ്ങി അ​ദ്ദേ​ഹം.

ആ​കാ​ശ​വാ​ണി​യി​ൽ​നി​ന്നു ത​ന്നെ​യാ​യി​രു​ന്നു ഒ​ടു​വി​ലൊ​രു ക​ച്ചേ​രി​ക്കു​ള്ള വി​ളി. പ്രമേഹം കാ​ലുകളെ പി​ണ​ക്കിയി​ട്ടും സ്റ്റു​ഡി​യോ​യി​ൽ ക​സേ​ര​യി​ൽ ഇ​രു​ന്നു​പാ​ടാ​ൻ വാ​സു​ദേ​വ​ൻ സ​മ്മ​തി​ച്ചി​ല്ല. ക​ഷ്ട​പ്പെ​ട്ടു നി​ല​ത്തു​ത​ന്നെ ഇ​രു​ന്നു പാ​ടി.

ഒ​ടു​വി​ലൊ​രു​നാ​ൾ മ​ന​സു​തു​റ​ന്ന് ഇ​ങ്ങ​നെ പ​റ​ഞ്ഞു- സം​ഗീ​ത​ത്തി​ന്‍റെ​യും എ​ന്‍റെ​യും ന​ല്ല സ​മ​യം അ​സ്ത​മി​ച്ചു. എ​ല്ലാം​കൊ​ണ്ടും എ​നി​ക്കു സം​ഗീ​തം വ​രാ​താ​യി. മൗ​ന​മാ​ണി​പ്പോ​ൾ കൂ​ടു​ത​ലി​ഷ്ടം...

2008 മേ​യ് 13നാ​യി​രു​ന്നു നെ​യ്യാ​റ്റി​ൻ​ക​ര വാ​സു​ദേ​വ​ന്‍റെ അ​ന്ത്യം.
(വിവരങ്ങൾക്കു കടപ്പാട്:
ചിട്ടസ്വരങ്ങൾ‍/ കൃഷ്ണമൂർത്തി)

ഹരിപ്രസാദ്