ഹന്ന ഉ​ൾ​ക്കാ​ഴ്ച​യു​ടെ പാ​ഠ​പു​സ്ത​കം
‘ഇ​ന്നു നി​ന്നെ ക​ളി​യാ​ക്കു​ന്ന​വ​രൊ​ക്കെ ഒ​രി​ക്ക​ൽ നി​ന​ക്കു​വേ​ണ്ടി കൈ​യ​ടി​ക്കും.’
സ​ഹ​പാ​ഠി​ക​ളു​ടെ പ​രി​ഹാ​സ​ങ്ങ​ൾ കേ​ട്ടു ക​ര​ഞ്ഞ ഹ​ന്ന​യെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് ഇ​ങ്ങ​നെ പ​റ​യു​ന്പോ​ൾ അ​മ്മ ലി​ജ​യും അ​വ​ൾ​ക്കൊ​പ്പം മൗ​ന​മാ​യി ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു.

ജ​ന്മ​നാ​ലേ​യു​ള്ള പ​രി​മി​തി​യു​ടെ പേ​രി​ലാ​ണ് ഹ​ന്ന പ​ഠ​ന​നാ​ളു​ക​ളു​ടെ ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ ക​ളി​യാ​ക്ക​പ്പെ​ട്ട​ത്. അ​ന്ധ​ത​യു​ടെ ഇ​രു​ളിൽനി​ന്ന് ആ​ത്മ​വി​ശ്വാ​സ​വും ദൈ​വാ​ശ്ര​യ​ത്വ​വും ബ​ല​മാ​ക്കി വി​ജ​യ​ത്തി​ലേ​ക്കു കു​തി​ക്കാ​ൻ ഇവൾക്ക് അ​മ്മ​യു​ടെ സാ​ന്ത്വ​ന​വും ക​രു​ത​ൽ വാ​ക്കു​ക​ളും മ​തി​യാ​യി​രു​ന്നു. ബാ​ല്യം മു​ത​ൽ പ​രി​മി​തി​ക​ളോ​ടു പോ​രാ​ടി വി​ജ​യ​ങ്ങ​ളു​ടെ വിസ്മയ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് അ​ഭി​മാ​ന​ത്തോ​ടെ കു​തി​ച്ചു​യ​ർ​ന്ന​തി​ന്‍റെ ജീ​വി​ത​മാ​ണ് പ​ത്തൊ​ന്പ​തു​കാ​രി ഹ​ന്ന​യ്ക്കു പ​റ​യാ​നു​ള്ള​ത്.

ഹ​ന്ന ആ​ലീസ് സൈ​മ​ണ്‍. ഇ​ക്ക​ഴി​ഞ്ഞ സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 500 ൽ 496 ​മാ​ർ​ക്കു നേ​ടി ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ പ്ര​തി​ഭ. അ​മേ​രി​ക്ക​യി​ലെ നോ​ട്ട​ർ​ഡാം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ സൈ​ക്കോ​ള​ജി ബി​രു​ദ​പ​ഠ​ന​ത്തിനായി പു​റ​പ്പെ​ടു​ക​യാ​ണ് ഹ​ന്ന. പ​ഠ​ന​ത്തി​നി​ടെ നി​ര​വ​ധി പാ​ട്ടു​ക​ൾ​ക്കു സം​ഗീ​തം ന​ൽ​കു​കയും ക​ഥാ​സ​മാ​ഹാ​രം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത ഹ​ന്ന. കാ​ഴ്ച​പ​രിമി​​തി​യെ അ​തി​ജീ​വി​ച്ച് അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​വ​ൾ അ​പാ​ര​മാ​യ നേ​ട്ട​ങ്ങ​ളെ സ്വ​ന്ത​മാ​ക്കുന്ന​ത്.


മൈ​ക്രോ​ഫ്ത​ൽ​മി​യ

അ​ത്യ​പൂ​ർ​വ​ നേ​ത്ര​രോ​ഗമാ​യ മൈ​ക്രോ​ഫ്ത​ൽ​മി​യ​യാ​ണ് ഹ​ന്നയെ ബാ​ധി​ച്ച​ത്. ക​ണ്ണു​ക​ളു​ടെ ബാ​ഹ്യ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വൈ​ക​ല്യ​ത്തി​നൊ​പ്പം ആ​ന്ത​രിക ഭാ​ഗ​ങ്ങ​ളി​ലും സ​ങ്കീ​ർ​ണ​ത​ക​ളു​ള്ള രോ​ഗ​മാ​യ​തി​നാ​ൽ ചി​കി​ത്സ പ്രാ​യോ​ഗി​ക​മാ​യി​രു​ന്നി​ല്ല. കോ​ർ​ണി​യ​യെ മാ​ത്രം ബാ​ധി​ക്കു​ന്ന രോ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ ശസ്ത്രക്രിയയ്ക്കും സാ​ധ്യ​ത​യി​ല്ല. ക​ണ്ണു​ക​ളു​ടെ ആ​ന്ത​രി​ക ഭാ​ഗ​ങ്ങ​ൾ​ക്കു വ​ള​ർ​ച്ച​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ചി​കി​ത്സയില്ലെ​ന്നാ​ണ് വൈ​ദ്യ​ശാ​സ്ത്രം വി​ധി​യെ​ഴു​തി​യ​ത്.
കാ​ഴ്ച​യി​ലേ​ക്കു​ള്ള ജീ​വി​തം അസാ​ധ്യ​മാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്പോ​ഴും ജീ​വി​ത​വ​ഴി​ക​ളി​ൽ ഇ​രു​ട്ടു​പ​ര​ക്കാ​നും വെ​ല്ലു​വി​ളി​ക​ൾ​ക്കു​മു​ന്നി​ൽ തോ​റ്റു​കൊ​ടു​ക്കാ​നും ത​യാ​റാ​യിരുന്നി​ല്ല. പ​രി​മി​തി​കളെ നേരിട്ടു മു​ന്നേ​റാ​നു​ള്ള ക​രു​ത്തും ക​രു​ത​ലും അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഇ​വ​ൾ സ്വ​ന്ത​മാ​ക്കി.
കാ​ഴ്ച​പ​രി​മി​തി​യു​ള്ള ഹ​ന്ന​യെ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​യി​രുന്നില്ല. മ​റ്റു കു​ട്ടി​ക​ൾ പ​ഠി​ക്കു​ക​യും ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന​തുപോ​ലെ ഇ​വ​ളും വ​ള​ര​ണ​മെ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചു. ഇരുൾ മൂടിയ ജീ​വി​തം വ​ഴി​യ​ട​ഞ്ഞു​പോ​കാ​ൻ ആ​വ​ർ ആ​ഗ്ര​ഹി​ച്ചി​ല്ല. ഹ​ന്ന​യു​ടെ അ​വ​കാ​ശ​ത്തെ​യും ആ​ഗ്ര​ഹ​ത്തെയും പ്ര​ചോ​ദി​പ്പി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ഒ​പ്പം നി​ന്ന​താ​ണ് ഇവൾക്കു വ​ഴി​ത്തി​രി​വാ​യ​ത്.

പെ​രു​ന്പാ​വൂ​ർ വെ​ങ്ങോ​ല സ്വ​ദേ​ശി സൈ​മ​ണ്‍ മാ​ത്യു​വി​ന്‍റെ​യും ലി​ജയുടെയും മൂ​ത്ത മ​ക​ളാ​ണു ഹ​ന്ന. സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ലീ​ഗ​ൽ അ​ഡ്വൈ​സ​റാ​യ സൈ​മ​ണ്‍ ജോ​ലി​യു​ടെ​യും മ​ക​ളു​ടെ പ​ഠ​ന​ത്തി​ന്‍റെ​യും സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി ക​ലൂ​രി​ലാ​ണു താ​മ​സം.
മ​ക​ളു​ടെ പ​ഠ​ന​വും വാ​യ​ന​ക​ളും എ​ളു​പ്പ​മാ​ക്കാ​ൻ അ​ധ്യാ​പി​ക​യാ​യ അ​മ്മ ലി​ജ ബ്രെ​യി​ലി ലി​പി പ​ഠി​ച്ചെ​ടു​ത്തു. ക​ലൂ​ർ ഗ്രീ​റ്റ്സ് പ​ബ്ലി​ക് സ്കൂ​ളി​ലാ​യി​രു​ന്നു അ​ഞ്ചാം ക്ലാ​സ് വ​രെ ഹ​ന്ന​യു​ടെ പ​ഠ​നം. ബ്രെ​യി​ലി പ​രി​ശീ​ലി​ച്ച​തോ​ടെ ഹ​ന്ന​യ്ക്ക് പ​ഠ​നം എ​ളു​പ്പ​മാ​യി.

ആ​റാം ക്ലാ​സു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു വ​രെ കാ​ക്ക​നാ​ട് രാ​ജ​ഗി​രി ക്രി​സ്്തു​ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ഒ​ന്പ​താം ക്ലാ​സി​ലെ​ത്തി​യ​തോ​ടെ കം​പ്യൂ​ട്ട​ർ സ​ഹാ​യ​ത്തോ​ടെ പ​ഠ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി.
സൈ​മ​ണും ലി​ജ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ ഏ​ഴാം ക്ലാ​സു​കാ​ര​ൻ ഹാ​നോ​ക്കും ഒ​ന്നാം ക്ലാ​സു​കാ​ര​ൻ ഡാ​നി​യേ​ലും ഹ​ന്ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

‘എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് മാ​തൃ​ക​ക​ളേ​റെ​യി​ല്ല. എ​ന്നാ​ൽ ശ്ര​മി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വി​ജ​യി​ക്കാ​നാ​യി. എ​നി​ക്ക് പ്രോ​ത്സാ​ഹ​ന​വും ക​രു​ത​ലും ധൈ​ര്യ​വും ന​ൽ​കി​യ മാ​താ​പി​താ​ക്ക​ളു​ടെ പ​ങ്ക് വ​ലു​താ​ണ്. വീ​ണു​പോ​കാ​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ മറികടന്നു മു​ന്നേ​റാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം സ​ന്നി​വേ​ശി​പ്പി​ച്ച​ത് അ​വ​രാ​ണ്. ഒ​രു പ്ര​ശ്നം നേ​രി​ടു​ന്പോ​ൾ, ചി​ല​രെ​ങ്കി​ലും എ​ന്നെ പി​ൻ​ത​ള്ളാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ, സാ​ഹ​ച​ര്യം പ്ര​തി​കൂ​ല​മാ​കു​ന്പോ​ൾ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് എ​നി​ക്കു ബ​ലം.’ ഹ​ന്ന പ​റ​യു​ന്നു.

മാ​താ​പി​താ​ക്ക​ളാ​യ സൈ​മ​ണും ലി​ജ​യും ഹ​ന്ന​യെ​ക്കു​റി​ച്ച് അ​ഭി​മാ​ന​ത്തോ​ടെ പ​ങ്കു​വ​യ്ക്കു​ന്നു:
ഇ​ത്ര​യും നാ​ൾ ദൈ​വ​മാ​ണു ഹ​ന്ന​യെ ന​ട​ത്തി​യ​ത്. ഇ​നി​യും ദൈ​വം മു​ന്നോ​ട്ട വഴി നയിക്കുമെന്നു പ്ര​ത്യാ​ശി​ക്കു​ന്നു. കാ​ഴ്ച​പ​രി​മി​തി അ​വ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കു ത​ട​സ​മാ​ക​രു​തെ​ന്നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ​യൊ​ക്കെ മ​ന​സി​ൽ. പ്ര​തി​സ​ന്ധി​ക​ൾ ഒ​രു​പാ​ട് അ​തി​ജീ​വി​ച്ചു. ഇ​നി​യും ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യേക്കാം. ആ​ത്മ​വി​ശ്വാ​സ​വും ദൈ​വ​വി​ശ്വാ​സ​വും അ​വ​ൾ​ക്കു ബ​ല​മാ​കു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​ത്യാ​ശ.


സം​ഗീ​തം, മോ​ട്ടി​വേ​ഷ​ൻ

ഈ​ണ​ത്തിൽ ഈ​ര​ടി​ക​ൾ പാ​ടി​ത്ത​ന്ന അ​മ്മ​യി​ൽ നി​ന്നാണ് സം​ഗീ​ത പാ​ഠ​ങ്ങ​ൾ ഹ​ന്ന ആ​ദ്യം പ​രി​ശീ​ലി​ച്ച​ത്. പ​രി​മി​തി​ക​ളു​ടെ പേ​രി​ൽ പ​രി​ഹ​സി​ക്കു​ന്ന​വ​ർ​ക്കു മു​ന്നി​ൽ സ്വ​ത​സ്സി​ദ്ധ​മാ​യ ക​ഴി​വു​ക​ളും കഠിനാധ്വാനവും കൊ​ണ്ടു ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാ​ൻ അ​മ്മ തുടരെ ഓ​ർ​മി​പ്പി​ച്ചു.
പ​ത്താം ക്ലാ​സു വ​രെ സം​ഗീ​തം പ​ഠി​ച്ചു. ഇക്കാലത്ത് പ​ത്ത് ഇം​ഗ്ലീ​ഷ് ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണ​മൊ​രു​ക്കി. ഹ​ന്ന​യു​ടെ ത​ന്നെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ ​ഗാ​ന​ങ്ങ​ൾ ആ​സ്വ​ദി​ച്ച​ത് ഒ​ട്ടേ​റെ​പ്പേ​രാ​ണ്. അ​തി​ശ​യം ജ​നി​പ്പി​ക്കു​ന്ന അ​തി​ജീ​വ​ന​വ​ഴി​ക​ൾ ഹൃ​ദ്യ​മാ​യി പൊ​തു​വേ​ദി​ക​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ള്ള ഹ​ന്ന അ​റി​യ​പ്പെ​ടു​ന്ന മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​ണ്. പ​ഠ​ന​ത്തി​നൊ​പ്പം അ​നാ​ഥ​മ​ന്ദി​ര​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു സ്്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ പ​രി​ശീ​ലി​പ്പി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു.

സൈ​ക്കോ​ള​ജി​യി​ൽ യു​എ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യും എ​ഴു​ത്തി​ലും സം​ഗീ​ത​ത്തി​ലും പ്ര​തി​ഭ തെ​ളി​യി​ക്കു​ക​യുമാ​ണ് ചെ​റി​യ ക്ലാ​സു​ക​ൾ മു​ത​ൽ ഹ​ന്ന​യു​ടെ സ്വ​പ്ന​ങ്ങ​ൾ.
ഗ്രന്ഥ​ര​ച​യി​താ​വാ​കാ​നു​ള്ള മോ​ഹം ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സാ​ക്ഷാ​ത്ക​രി​ച്ചു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ‘വെ​ൽ​ക്കം ഹോം’ ​എ​ന്ന ആ​റ് ഇം​ഗ്ലീ​ഷ് ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹ​ാരം. ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ച സ​മ​യ​ത്താ​യി​രു​ന്നു ഈ ​ക​ഥ​ക​ൾ എ​ഴു​തി​യ​ത്.

ബാ​ല്യം മു​ത​ൽ ക​ഥ​ക​ൾ കേ​ൾ​ക്കു​ന്ന​ത് ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു. പി​താ​വ് സൈ​മ​ണ്‍ ഒ​ട്ടേ​റെ ക​ഥ​ക​ൾ വാ​യി​ച്ചു​കൊ​ടു​ത്തു. ഇം​ഗ്ലീ​ഷ് മ​ല​യാ​ള​ം ക​ഥ​ക​ൾ​ക്കൊ​പ്പം, ബൈ​ബി​ൾ വി​വ​ര​ണ​ങ്ങ​ളും മ​ന​സി​ൽ ഇ​ടം നേ​ടി.
ഇ​മാ​ജി​നേ​ഷ​ൻ എ​ന്തെ​ന്നും അ​തി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്തെ​ന്നും ക​ഥ​ക​ൾ വാ​യി​ച്ചു​ത​ന്ന അ​പ്പ​യാ​ണ് പ​ഠി​പ്പി​ച്ച​തെ​ന്നു ഹ​ന്ന. ചെ​റി​യ ക്ലാ​സു​ക​ളി​ൽ​ത​ന്നെ ഇ ​പു​സ്ത​ക​ങ്ങ​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു വാ​യി​ച്ചി​രു​ന്നു. ക​ഥ​യെ​ഴു​ത്തി​ന്‍റെ ഭാവനാ ലോ​ക​ത്തി​ലേ​ക്ക് വ​ഴി​ന​ട​ത്തി​യ​തും അ​പ്പ​ത​ന്നെ. പു​സ്ത​ക​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ചു​മ​ത​ല​യും സൈ​മ​ണ്‍ മ​നോ​ഹ​ര​മാ​യി നി​ർ​വ​ഹി​ച്ചു.​എ​ന്തെ​ങ്കി​ലും എ​ഴു​തു​ക​യെ​ന്ന​ത​ല്ല വാ​യി​ക്കു​ന്ന​വ​ർ​ക്കു പോ​സി​റ്റീ​വ് എ​ന​ർ​ജി ന​ൽ​കു​ന്ന​താ​വ​ണം ര​ച​ന​ക​ളെ​ന്ന ചി​ന്ത​യാ​ണ് ഹന്ന​യ്ക്ക്.

ക​ണ്ണു​ക​ളു​ടെ വൈ​ക​ല്യം നേ​രി​ൽ​ക​ണ്ടു ‘പ്രേ​തം’ എ​ന്നു​വ​രെ വി​ളി​ച്ചു പ​രി​ഹ​സി​ച്ച സ​ഹ​പാ​ഠി​ക​ളും എ​നി​ക്കു​ണ്ടാ​യി​രു​ന്നു. സ്കൂ​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ന്പോ​ൾ സ​ങ്ക​ട​പ്പെ​ട്ടു ക​ര​ഞ്ഞ നാ​ളു​ക​ൾ...

എ​ല്ലാ​വ​രും ക​ളി​യാ​ക്കു​ന്പോ​ൾ, ഞാൻ ദൈ​വ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ സൃ​ഷ്ടി​യെ​ന്നു ചി​ന്തി​ക്കാ​നും വി​ശ്വ​സി​ക്കാ​നു​മാ​യി​രു​ന്നു ഇ​ഷ്ടം. ഇ​ല്ലാ​യ്മ​ക​ളും സ​ങ്ക​ട​ങ്ങ​ളു​മ​റി​ഞ്ഞ് എ​ല്ലാം ഒ​രു​ക്കി​ത്ത​ന്ന ദൈ​വം അ​ദ്ഭു​ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു ഹ​ന്ന​യു​ടെ ബോ​ധ്യം.
ക​ണ്ണി​ൽ ഇ​രു​ട്ടു പ​ട​രു​ന്പോ​ൾ, ഓ​രോ അ​പ​രി​ചി​ത​മാ​യ ശ​ബ്ദ​ത്തി​ലും പ​രി​ഭ്രാ​ന്ത​യാ​കു​ന്പോ​ൾ, അ​മ്മ​യു​ടെ കൈ​ക​ളി​ൽ മു​റു​കെ​പ്പി​ടി​ച്ചു നീ​ങ്ങി​യ അ​ന്ധ​യാ​യ പെ​ണ്‍​കു​ട്ടി. ഇ​ന്ന് ഇ​ത്ര​മേ​ൽ ഉ​യ​ര​ങ്ങ​ളി​ലും നേ​ട്ട​ങ്ങ​ളി​ലും എ​ത്തി​യ​ത് അ​ദ്ഭു​ത​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ്?
ദൈ​വ​ത്തി​ൽ ആ​ന​ന്ദി​ക്കു​ക, അ​വി​ടു​ന്ന് നി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു​ത​രും എ​ന്ന സ​ങ്കീ​ർ​ത്ത​ക​ന്‍റെ വാ​ക്കു​ക​ളാ​ണ് ഹ​ന്ന​യു​ടെ ബ​ല​വും ധൈ​ര്യ​വും.

ഇ​ന്ന​ലെ​വരെ നടന്ന വ​ഴി​ക​ൾ കഠിനമായിരുന്നു. അ​മ്മ​യു​ടെ മ​ടി​യി​ൽ കി​ട​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞു​പോ​യ നി​രാ​ശാ​ജ​ന​ക​മാ​യ നി​ര​വ​ധി സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്. മാ​താ​പി​താ​ക്ക​ളി​ലൂ​ടെ ദൈ​വം പ്രത്യാശയും ആശ്വാസവും നൽകിയ അ​നേ​കം സ​ന്ദ​ർ​ഭ​ങ്ങ​ളും ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യി. ദൈ​വ​ത്തി​ന്‍റെ ശ​ക്തി​യാ​ൽ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​നു​ള്ള പ്രാപ്തി നി​ന്നി​ലു​ണ്ട് എ​ന്ന അ​പ്പ​യു​ടെ തുടർ‌ച്ചയായ ഓ​ർ​മ​പ്പെ​ടു​ത്ത​ലായിരുന്നു ഹ​ന്ന​യു​ടെ ബ​ലം.

ദൈ​വം സ​മ്മാ​നി​ച്ച ഏ​റ്റ​വും വി​ല​പ്പെ​ട്ട സ​മ്മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് എ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ. ആ​രെ​ങ്കി​ലും എ​ന്നെ സ​ങ്ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ഹാ​നോ​ക്ക് എ​നി​ക്കൊ​പ്പം ചേ​ർ​ന്നു നി​ൽ​ക്കും. ഡാ​നി​യേ​ൽ.. എ​ന്‍റെ കു​ഞ്ഞ​നി​യ​ൻ. എ​ന്‍റെ ന​ല്ല അ​ധ്യാ​പ​ർ, സു​ഹൃ​ത്തു​ക്ക​ൾ അ​വ​രു​ടെ​യൊ​ക്ക നൽകുന്ന അ​നു​ഗ്ര​ഹ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ​് എ​നി​ക്കു നേ​ട്ട​മാ​യ​ത്.
മി​ക​വി​ലേ​ക്കു പ​റ​ന്ന്
ഹ്യു​മാ​നി​റ്റീ​സാ​യി​രു​ന്നു പ്ല​സ്ടു​വി​നു ഹ​ന്ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. സൈ​ക്കോ​ള​ജി​യി​ൽ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​നും സൈ​ക്കോ​ള​ജി​സ്റ്റാ​വാ​നു​മുള്ള ആ​ഗ്ര​ഹം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഹ​ന്ന അ​മേ​രി​ക്ക​യി​ലേ​ക്കു പോ​വു​ക​യാ​ണ്.

60 ല​ക്ഷം വാ​ർ​ഷി​ക ഫീ​സു​ള്ള (ആ​കെ കോ​ഴ്സ് ഫീ​സ് ര​ണ്ടു കോ​ടി​യോ​ളം രൂ​പ) നോ​ട്ട​ർ​ഡാം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​നം അ​സാ​ധ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന​പ്പോ​ഴാ​ണ് സ്കോ​ള​ർ​ഷി​പ്പോ​ടെ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം തേ​ടി​യെ​ത്തി​യ​ത്. ഫീ​സും താ​മ​സ​വും ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സും അ​നു​ബ​ന്ധ ചെ​ല​വു​ക​ളു​മെ​ല്ലാം കോ​ള​ജ് ത​ന്നെ വ​ഹി​ക്കും.

മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മ​ങ്ങ​ൾ കേ​ൾ​ക്കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും സാ​ധി​ക്ക​ണ​മെ​ന്ന​താ​ണു സൈ​ക്കോ​ള​ജി​സ്റ്റാ​വാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ലേ​ക്കു നയിച്ച​ത്. ദൈ​വ​ മഹത്വത്തിനായി ഇ​നി​യും പാ​ട്ടു​ക​ൾ എ​ഴു​ത​ി പാടണം, പോ​സി​റ്റീ​വ് എ​ന​ർ​ജി പ​ക​രു​ന്ന പു​സ്ത​ക​ങ്ങ​ൾ എ​ഴു​ത​ണം... ഹ​ന്ന​യു​ടെ ന​ല്ല സ്വ​പ്ന​ങ്ങ​ൾ​ക്ക് എന്നും പു​തു​ചി​റ​കു​ക​ൾ.

ജീ​വി​തം എ​പ്പോ​ഴും ഒ​രു പൂ​ന്തോ​ട്ട​മോ സു​ഗ​ന്ധ​മു​ള്ള റോ​സാ​പ്പൂ​ക്ക​ളു​ടെ പ​ര​വ​താ​നി​യോ ആ​യി​രി​ക്കി​ല്ല, അ​തി​നി​ട​യി​ൽ മു​ള്ളു​ക​ളു​ള്ള കു​റ്റി​ക്കാ​ടു​ക​ളു​ണ്ടാ​കും. എ​ന്നാ​ൽ ഒ​ന്നി​നും നി​ങ്ങ​ളെ താ​ഴെ​യി​റ​ക്കാ​നോ വേ​ദ​നി​പ്പി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന് നി​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ, ആ ​മു​ള്ളു​ക​ളു​ള്ള ചെ​ടി​ക​ൾ ശൂ​ന്യ​ത​യി​ലേ​ക്ക് മ​ങ്ങി​പ്പോ​കും.

അ​തി​നാ​ൽ ധീ​ര​മാ​യ പു​ഞ്ചി​രി​യോ​ടെ മു​ന്നോ​ട്ട് ന​ട​ക്കു​ക. സ​ങ്ക​ട​ങ്ങ​ൾ, പ​രി​മി​തി​ക​ൾ, ദു​രി​ത​ങ്ങ​ൾ, നി​ഷേ​ധാ​ത്മ​ക​മാ​യ മാ​ന​സി​കാ​വ​സ്ഥ... അ​വ​യ്ക്കെ​തി​രെ ധീ​ര​മാ​യ പു​ഞ്ചി​രി​യോ​ടെ പോ​രാ​ടു​ക. അ​വ​സാ​നം സൂ​ര്യകിരണങ്ങൾ നി​ങ്ങ​ളു​ടെ കാർമേ​ഘ​ങ്ങ​ളെ ഭേ​ദി​ക്കും. വെള്ളിവെളിച്ചം കടന്നുവരും. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും അ​സ്ത​മി​ക്കും. ഒ​ടു​വി​ൽ നി​ങ്ങ​ൾ വി​ജ​യ​ത്തി​ലേ​ക്കെ​ത്തും. അ​ന്ന് നി​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാം;

‘ഞാ​ൻ എ​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ​ക്കെ​തി​രേ പോ​രാ​ടുന്നു; കഠിനാധ്വാനത്തിലും പ്രാർഥനയിലും ഞാൻ‌ വലിയ പരിമിതികളെ മറികടക്കുന്നു‘.

സി​ജോ പൈ​നാ​ട​ത്ത്