മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം 28 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ.ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും രാവുണ്ണി മാഷുമെല്ലാം വീണ്ടും എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. 4 കെ ഡോൾബി അറ്റ്മോസിൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ പുതിയ പതിപ്പിന് മികച്ച പ്രതികരണമാണ.് അച്ഛന് വെറും ഓട്ടക്കാലണയും പതിനെട്ടാംപട്ട തെങ്ങുമായ മകൻ... മകന് കടുവയും ചെകുത്താനുമായ അച്ഛൻ. പുതിയ സ്ഫടികത്തെക്കുറിച്ച് സംവിധായകൻ ഭദ്രൻ സംസാരിക്കുന്നു.
രണ്ടു സിനിമകളുടെ പ്രയത്നം
28 വർഷങ്ങൾക്ക് മുന്പ് സ്ഫടികം റിലീസ് ചെയ്തപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന്റെ അഞ്ചിരട്ടിയാണിപ്പോൾ. പുതിയ സാങ്കേതിക വിദ്യയിൽ വന്ന സ്ഫടികത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അന്ന് ഒട്ടനവധിപേർ പലവട്ടം സ്ഫടികം കണ്ടിരുന്നു. അവരിൽ പലരും പറയുന്നത് അന്നത്തേതല്ല ഇന്നത്തേതാണ് സിനിമയെന്നാണ്. അതിൽ അഭിനയിച്ചവരിൽ ചിലരെല്ലാം വിട്ടുപിരിഞ്ഞു. എന്നാൽ ഇന്ന് സിനിമ കണ്ടു തീരുന്പോൾ അവരെല്ലാം ജീവിക്കുന്നു എന്നു തോന്നിപ്പോകും. പുതിയ സാങ്കേതികവിദ്യയിൽ അന്നുണ്ടായിരുന്നതിനേക്കാൾ അഭിനേതാക്കളുടെ വികാരങ്ങൾക്കനുസൃതമായ തെളിച്ചം കാണാനാകും. സൗണ്ട് ഇഫക്ട്സ് അതിമനോഹരമാണ്. സാധാരണ ഡോൾബി സിനിമകൾ കാണുന്പോൾ മ്യൂസിക്കും ഇഫക്ട്സും ഡയലോഗും കൂടിച്ചേർന്ന് ശബ്ദകോലാഹലമായിരിക്കും. അതിൽ നിന്നു വ്യത്യസ്തമായി അനുയോജ്യമായ തരത്തിലാണ് ശബ്ദം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്ഫടികം തിയറ്ററുകളിലെത്തിക്കാൻ രണ്ടു സിനിമയുടെ പ്രയത്നം ആവശ്യമായിവന്നു.
ഫോർ കെ സാങ്കേതികവിദ്യ
പണ്ട് സിനിമ കാണിച്ചിരുന്നത് നെഗറ്റീവ് ഫിലിമുകൾ കൊണ്ടായിരുന്നു. നെഗറ്റീവ് പോയി പോസിറ്റീവ് വന്നു. പിന്നീടത് ഓടുന്ന പ്രൊജക്ടർ വന്നു. ഇന്നു സിനിമ പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറി. ആ രീതിയിൽ ഫിലിമിൽനിന്ന് സ്ഫടികത്തെ എങ്ങനെ പുതിയ രീതിയിലേക്ക് കൊണ്ടുവരാമെന്നു ചിന്തിച്ചു. ഭാഗ്യത്തിന് നിർമാതാവ് ആർ. മോഹൻ സിനിമയുടെ കണ്ടന്റ് ഹൈ റസലൂഷനിൽ ട്രാൻസ്ഫർ ചെയ്തു സൂക്ഷിച്ചിരുന്നു. അതു ഡിജിറ്റലൈസേനിലേക്കു മാറ്റുകയായിരുന്നു.
വീണ്ടും എത്തിക്കാൻ കാരണം
സ്ഫടികം എന്ന സിനിമയുടെ കഥാതന്തു അന്നും ഇന്നും പുതിയതു തന്നെയാണ്. ഇത് എക്കാലവും നിലനിൽക്കുന്ന കുടുംബകഥയാണ്. സ്ഫടികം പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനും എട്ടു വർഷം മുന്പ് എന്റെ മനസിലെത്തിയ കഥയായിരുന്നു അത്. പല കുടുംബങ്ങളിലും ബന്ധങ്ങളിൽ വിള്ളൽ വീഴാറുണ്ട്.
പലരും സിനിമ കണ്ടിട്ട് ഇക്കാര്യം എന്നോട് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. പലരും കത്തുകളിലൂടെയും വാട്സ്ആപ് മെസേജുകളിലൂടെയും ആ സിനിമയുടെ തുടരുന്ന കാലിക പ്രസക്തി എന്നെ അറിയിച്ചുകൊണ്ടേയിരുന്നു. അതാണ് ഒരിക്കൽക്കൂടി സ്ഫടികം കുടുംബങ്ങൾക്കു മുന്നിലെത്തിക്കണമെന്നു തോന്നാൻ കാരണം.
എന്റെ നാടായ പാലായിൽനിന്നു പത്തിരുപതു കിലോമീറ്റർ ചുറ്റളവിലുള്ള കുറേ ചെറുപ്പക്കാർ പത്തു മുപ്പതു മോട്ടോർ സൈക്കിളുകളിൽ കുറേ വർഷങ്ങളായി മോഹൻലാലിന്റെ ജന്മദിനത്തിൽ എന്റെ വീട്ടിൽ വരുമായിരുന്നു. ലാലിന്റെ ജന്മദിനം ആഘോഷമാക്കാനായി സ്ഫടികം സ്കീനിൽ കാണാൻ എന്താണ് വഴിയെന്നു ചോദിക്കാനായിരുന്നു അവരുടെ വരവ്. ഒരിക്കൽ ഏറ്റുമാനൂരിൽവച്ച് എന്നെ കണ്ട സംഘം സ്ഫടികത്തിന്റെ പകുതി ഭാഗം കൈയിലുണ്ട്, പ്രൊജക്ടർ വച്ച് പ്രദർശിപ്പിക്കാൻ അനുവാദം നൽകാമോ എന്നു ചോദിച്ചു. അനുവാദം നൽകേണ്ടത് നിർമാതാവല്ലേ, അല്ലെങ്കിലും പകുതി കണ്ടിട്ട് എന്താ കാര്യം എന്നു ഞാൻ ചോദിച്ചു. അത്രയെങ്കിലും ഒരു തുണി വലിച്ചുകെട്ടി ബിഗ് സ്കീനിൽ കാണാമല്ലോ എന്നവർ പറഞ്ഞു. ഇതെനിക്ക് വലിയ എനർജി നൽകി.
ലാലിനു പറ്റില്ലായിരിക്കും, തോമായ്ക്കു പറ്റും
പൂക്കോയിയുമായുള്ള ചുവപ്പ് ഡ്രസ് കോഡിലുള്ള സംഘട്ടനം കഴിഞ്ഞ് എല്ലാവരെയും തീർത്ത് മുട്ടനാടിന്റെ ചങ്കിലെ ചോര കുടിച്ച് മുണ്ടൊന്നുമില്ലാത്ത ആടുതോമ മുണ്ടും ഷർട്ടും വാങ്ങാൻ പാച്ചുപിള്ളയുടെ കടയിലേക്ക് വരുന്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വലിവണ്ടിയിൽ ചാടിക്കയറി അപ്പുറത്തേക്ക് ചാടുന്ന ഒരു സീനുണ്ടായിരുന്നു. ഓടുന്ന ഉന്തുവണ്ടിയിൽ ബാലൻസ് കിട്ടുമോ എന്നു ലാൽ ചോദിച്ചു. ലാലിന് ബാലൻസ് കിട്ടില്ലായിരിക്കാം, പക്ഷേ തോമായ്ക്കു കഴിയും എന്നു ഞാൻ പറഞ്ഞു. ചിരിച്ചുകൊണ്ട് ലാൽ ഞാൻ പറഞ്ഞപോലെ ആ രംഗം ഗംഭീരമാക്കി.
തിലകനുമായുള്ള വഴക്ക്
മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും നല്ല, ഒത്തിരി പ്രത്യേകതകളുള്ള നടനാണ് തിലകൻ. അത് അംഗീകരിച്ചുകൊണ്ടാണ് ഞാനിത് പറയുന്നതും. അദ്ദേഹം ഈ സിനിമയിൽ വേണമെന്ന് ദൈവികമായ തീരുമാനമായിരുന്നു. കാരണം, ഞങ്ങൾ അത്രയും ശത്രുതയിൽ ഇരിക്കുന്പോഴാണ് ഈ സിനിമയിലേക്ക് അദ്ദേഹം വരുന്നത്. ഞാൻ തിലകന്റെ വിളിക്കായി കാതോർത്തിരിക്കുകയായിരുന്നു. അദ്ദേഹമല്ലാതെ ആ കഥാപാത്രം ചെയ്യാൻ വേറെ ഒരാൾ എന്റെ മനസിലില്ലായിരുന്നു. നല്ല സ്നേഹത്തോടെയാണ് തിലകൻ വന്നതും സിനിമ പൂർത്തിയാക്കുന്നതുവരെ കൂടെനിന്നതും. മുന്പ് എന്റെയൊരു സിനിമയുടെ ഡബ്ബിംഗിൽ മെലഡി എന്ന് പറയുന്നതിന് പകരം മെലുഡി എന്നാണ് അദ്ദേഹം പറഞ്ഞത്. മെലഡി എന്ന് പറയാൻ ഞാൻ പറഞ്ഞതിന്റെ പേരിലാണ് ഞങ്ങളുടെ വഴക്ക് നടക്കുന്നത്. നീ എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാൻ വരണ്ടെന്ന് പറഞ്ഞ് അദ്ദേഹം ചൂടായി. അത് പറഞ്ഞ് പറഞ്ഞ് ഭയങ്കര പ്രശ്നമായി. അദ്ദേഹം ഡബ്ബ് ചെയ്തപോലെതന്നെ ആ സിനിമ റിലീസ് ചെയ്തു. പിൽക്കാലത്ത് സിനിമ കണ്ടതിനുശേഷം തെറ്റ് എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് മനസിലായി എന്നാണ് എന്റെ വിശ്വാസം.
ശത്രുതയിൽ ചിത്രീകരണം
തിലകനും കെപിഎസി ലളിതയുമായി അഭിപ്രായവ്യത്യാസത്തിൽ നിൽക്കുന്ന കാലത്താണ് ചാക്കോ മാഷായി തിലകനും ഭാര്യയായി (മേരി) കെപിഎസി ലളിതയും സ്ഫടികത്തിൽ അഭിനയിക്കുന്നത്.
ഒരുമിച്ചുള്ള രംഗങ്ങളിൽ ഒരു പിണക്കവും ഇല്ലാതെ വളരെ മനോഹരമായി അഭിനയിക്കും. അതുകഴിഞ്ഞാൽ രണ്ടുപേരും രണ്ടിടത്തു പോയിരിക്കും. അപ്പോൾ ഞാൻ തിലകനോടു ചോദിച്ചു ഇതെങ്ങനെ പറ്റുമെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ സ്റ്റാർട്ട് കാമറ ആക്ഷൻ പറയുന്പോൾ കെപിഎസി ലളിതയെ എടുത്ത് ദൂരെ കളയും. പിന്നെ എന്റെ മുന്നിലുള്ളത് മേരി എന്ന കഥാപാത്രം മാത്രം.
ഇന്ദ്രൻസ്
ഇന്ദ്രൻസാണ് സ്ഫടികത്തിനു കോസ്റ്റ്യൂം ചെയ്തത്. ഇന്ദ്രൻസ് അന്ന് നല്ല തിരക്കിലാണ്. അന്നും എക്സ്ട്രാ സ്മാർട്ടാണ് ഇന്ദ്രൻസ്. ഇന്ദ്രൻസ് ചാടിച്ചാടി നിൽക്കുന്ന ആളാണ്. അവന്റെ ആ വരവ് കണ്ടപ്പോൾ നിനക്ക് അഭിനയിക്കാൻ ഒരവസരം തരട്ടെയെന്നു ചോദിച്ചു. ചെറിയൊരു റോൾ ആയിരുന്നെങ്കിലും ഇന്ദ്രൻസിന്റെ ഡയലോഗും കാട്ടിക്കൂട്ടലുമൊക്കെ കണ്ടതോടെ ആ കഥാപാത്രം നീണ്ടുപോയി. സ്ഫടികത്തിൽ ഇന്ദ്രൻസ് ശരിക്കും അഭിനയിക്കുന്നില്ലെന്ന് പറയാം. ബിഹേവ് ചെയ്ത് പോവുകയാണ് ചെയ്തത്.
കുടുംബചിത്രം
എല്ലാ കാലഘട്ടത്തിലും കുടുംബങ്ങളിൽ ഉണ്ടാകുന്ന വിഷയമാണ് ഈ സിനിമ പറയുന്നത്. കാലികപ്രസക്തി നഷ്ടമാകാത്ത കുടുംബചിത്രമാണ് സ്ഫടികം. എനിക്ക് സ്വപ്നങ്ങൾ ഒന്നുമില്ല, എല്ലാം അപ്പൻ തീരുമാനിച്ചോ എന്നു പറഞ്ഞു ഡോക്ടറായ ഒരു സുഹൃത്തുണ്ട് എനിക്ക്.
എന്റെ സ്വപ്നങ്ങളെയെല്ലാം നീ ചവിട്ടി മെതിച്ചുവെന്നു ചാക്കോമാഷ് മകനോട് ഈ സിനിമയിൽ പറയുന്നുണ്ട്. മക്കൾക്ക് വീടൊരുക്കുക എന്നതിലുപരി അവരുടെ ഇഷ്ടംകൂടി മാതാപിതാക്കൾ കണ്ടു തിരിച്ചറിയുക തന്നെ വേണം എന്ന സന്ദേശം പകർന്നുനൽകുന്ന സിനിമയാണ് സ്ഫടികം.
പ്രദീപ് ഗോപി