ട്യൂലിപ് പൂക്കളുമായി സല്ലപിച്ച് അഹാന
Saturday, April 15, 2023 7:09 AM IST
എനിക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ കിട്ടാൻ സമയമെടുത്തതുകൊണ്ടാണ് കുറച്ചു സിനിമകൾ മാത്രം ചെയ്യാനായത്. മുന്നോട്ടും അങ്ങനെതന്നെയായിരിക്കും.
നടി, മോഡൽ, യൂട്യൂബർ എന്നീ നിലകളിൽ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ. 2014 ൽ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ സിനിമയിലുടെ എത്തിയ അഹാന ഒന്പതു വർഷം പിന്നിടുന്പോഴും ചുരുക്കം ചില സിനിമകൾ മാത്രമാണ് ചെയ്തത്. സിനിമകൾ കുറവാണെങ്കിലും മറ്റു പ്ലാറ്റ്ഫോമുകളിലൂടെ മലയാളി മനസുകളിൽ എന്നും അഹാനയുണ്ട്.
അഹാന നായികയായ ‘അടി’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ദുൽഖർ സൽമാൻ നിർമിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. പ്രശോഭ് വിജയനാണ് സംവിധായകൻ. "അടി’ തിയറ്ററുകളിലെത്തിയപ്പോൾ അഹാന കുടുംബത്തോടൊപ്പം യൂറോപ്പിൽ അവധിയാഘോഷത്തിലാണ്. അഹാനയുടെ വിശേഷങ്ങളിലേക്ക്...
കുറച്ചു സിനിമകൾ മാത്രം
ഞാൻ സ്റ്റീവ് ലോപ്പസ് ചെയ്യുന്ന സമയത്തുതന്നെ മനസിൽ കുറിച്ചിട്ടു നല്ല സിനിമകൾ മാത്രം ചെയ്താൽ മതിയെന്ന്. അത്തരത്തിൽ ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ കിട്ടാൻ സമയമെടുത്തതുകൊണ്ടാണ് കുറച്ചു സിനിമകൾ മാത്രം ചെയ്യാനായത്. മുന്നോട്ടും അങ്ങനെതന്നെയായിരിക്കും.
പേരിന്റെ പൊരുൾ
അടി പേരു സൂചിപ്പിക്കുന്നതുപോലെ അടിപിടിയെക്കുറിച്ചു സംസാരിക്കുന്ന സിനിമയാണ്. എന്നാൽ അടി മാത്രമല്ല റൊമാൻസും കോമഡിയുമുള്ള കുടുംബചിത്രമാണ്. ഗീതിക എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. സജീവ് നായരായാണ്് ഷൈൻ ടോം ചാക്കോ. ഇതുവരെ കണ്ടതും ചെയ്തതുമായ കഥാപാത്രങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണിത്.
സംവിധാന മോഹം
ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് വലിയ ആഗ്രഹമാണ്. കാരണം കഥകൾ പറയാൻ എനിക്കു വലിയ ഇഷ്ടമാണ്. സിനിമപോലൊരു വലിയ പ്ലാറ്റ്ഫോമിൽനിന്നു കഥ പറയുന്പോൾ ഏറ്റവും ഭംഗിയുള്ളതും മികച്ചതുമായിരിക്കണം .
വീട്ടിൽ അച്ഛനൊഴികെ ഞങ്ങൾ അഞ്ചു പേരും യുട്യൂബിൽ സജീവമാണ്. ഞങ്ങൾ വളരെ എൻജോയ് ചെയ്യുന്നൊരു പ്ലാറ്റ്ഫോമാണിത്. അമ്മ ഉൾപ്പെടെ ഞങ്ങൾ ക്ക് വലിയൊരു ഓഡിയൻസിനെയാണ് യുട്യൂബ് തന്നത്. സിനിമയിലൊക്കെ ജോലി ചെയ്യുന്ന ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ് ഓഡിയൻസ്. വലിയൊരു ഓഡിയൻസ് എനിക്കുണ്ട് എന്ന വിശ്വാസം വന്നത് യുട്യൂബിൽ സജീവമായതിനു ശേഷമാണ്.
സൈബർ ആക്രമണം
ഏതൊരു പ്രശ്നവും ഒരിക്കൽ നേരിട്ടുകഴിഞ്ഞാൽ വ്യക്തിപരമായി നമ്മൾ കൂടുതൽ ശക്തരാകും. മുൻകാലത്തെതു പോലെയല്ല. സൈബർ ആക്രമണങ്ങളെക്കുറിച്ച് ഇപ്പോൾ ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പത്തു പേരെങ്കിലുമുണ്ടാകും അത് ചോദ്യം ചെയ്യാൻ. അതുകൊണ്ട് വ്യാജ അക്കൗണ്ടുകളിൽനിന്നുള്ള ആക്രമണങ്ങൾ കുറഞ്ഞുവരുന്നുണ്ട് എന്നാണ് തോന്നുന്നത്.
അവധിക്കാലം
കുറേനാൾ മുന്പ് പ്ലാൻ ചെയ്ത ഒരു ട്രിപ്പാണ് ഇത്. അത് അടി സിനിമയുടെ റിലീസ് സമയത്തു തന്നെ ആയിപ്പോയി. റിലീസിംഗ് അടുത്ത ദിവസമാണ് തീരുമാനമായത്.
അമ്മ സിന്ധുവിന്റെ വലിയ ആഗ്രഹമായിരുന്നു നെതർലാൻഡിലെ ട്യൂലിപ് പൂക്കൾ കാണുകയെന്നത്. ആദ്യം പാരീസിലാണ് പോയത്. പിന്നീട് ആംസ്റ്റർഡാമിൽ വന്നു. ഫാമിലിയായിട്ട് കുറേ നാളുകൾക്കു ശേഷമാണ് ഒരു വിദേശ ട്രിപ്പ് വരുന്നത്.
പ്രദീപ് ഗോപി