മോഹൻലാൽ എന്ന വിസ്മയം
Sunday, May 14, 2023 1:26 AM IST
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയുടെ കംപ്യൂട്ടർ ബോയി എന്ന കഥയാണ് നാടകമായി ഒരു ടീം അവതരിപ്പിക്കുന്നത്. അതിൽ തൊണ്ണൂറുകാരന്റെ വേഷം അഭിനയിച്ചത് ആറാം ക്ലാസ് വിദ്യാർഥി വി. മോഹൻലാൽ. സംവിധായകൻ സീനിയർ വിദ്യാർഥിയായ സുധീർകുമാർ.
മോഹൻലാലിന്റെ ആദ്യാഭിനയമായിരുന്നു അത്. നാടകം പഠിപ്പിച്ചതും ചായം തേച്ചതും സുധീർകുമാർ തന്നെ. ഫലം വന്നപ്പോൾ മികച്ച നാടകം കംപ്യൂട്ടർ ബോയി, മികച്ച നടൻ മോഹൻലാൽ. പഴയ ആറാം ക്ലാസുകാരൻ നടൻ ഇന്ന് അറുപത്തിമൂന്നാം വയസിൽ എത്തി അഭിനയ ചക്രവാളങ്ങൾ കീഴടക്കുകയാണ്. 21-നാണ് മോഹൻലാലിന്റെ ജന്മദിനം.
മോഡൽ സ്കൂളിലെ പഴയ സംവിധായക വിദ്യാർഥിയായ സുധീർകുമാറാണ് ജനപ്രിയതാരമായി മാറിയ മണിയൻപിള്ള രാജു. മോഹൻലാൽ എന്ന ആക്ടറിനു അഭിനയം പരിശീലിപ്പിക്കാനും ആദ്യമായി മേക്കപ്പിടാനും സാധിച്ചതിന്. അത് ദൈവനിയോഗമായി കാണുന്നുവെന്നാണ് മണിയൻപിള്ള രാജു പറഞ്ഞിട്ടുള്ളതും.
കുറച്ചു വർഷങ്ങൾക്കു മുന്പ് ശബരിമല ദർശനം കഴിഞ്ഞ് മേൽശാന്തിയെ കണ്ട് പ്രസാദം വാങ്ങുന്പോൾ ഉണ്ടായ ഒരനുഭവവും മണിയൻപിള്ള രാജു പങ്കുവയ്ക്കാറുണ്ട്. മേൽശാന്തി കസേരയിൽനിന്നെഴുന്നേറ്റ് മണിയൻപിള്ള രാജുവിനെ തൊഴുതു. വല്ലാതെ വിഷമിച്ചുപോയ അദ്ദേഹം പെട്ടെന്ന് ചോദിച്ചു. ‘അങ്ങ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.’ മേൽശാന്തി പുഞ്ചിരിയോടെ പറഞ്ഞത്. ‘ബൃഹസ്പതിയല്ലെ, ദേവഗുരു.’ മണിയൻപിള്ള രാജുവിനു എന്താണ് മേൽശാന്തി പറഞ്ഞതിന്റെ പൊരുൾ എന്ന് അപ്പോൾ മനസിലായില്ല. മേൽശാന്തിയെ വണങ്ങി മലയിറങ്ങുന്പോൾ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മോഹൻലാലിന് ആദ്യം ചായമിട്ടതും ആദ്യനാടകം സംവിധാനം ചെയ്തതും പരാമർശിച്ചാകും ദേവഗുരു എന്ന് വിശേഷിപ്പിച്ചത്. ഇതേക്കുറിച്ച് മണിയൻപിള്ള രാജു.
‘മോഹൻലാലിനൊപ്പം അന്ന് എട്ടു വിദ്യാർഥികൾക്കും ഞാൻ അഭിനയം പറഞ്ഞുകൊടുത്തിരുന്നു. മേക്കപ്പും ഇട്ടിരുന്നു. അവരിൽ ഒരാൾപോലും പിന്നീട് അഭിനയിച്ചതായി കേട്ടിട്ടില്ല. മോഹൻലാൽ പ്രതിഭ കൊണ്ടും അർപ്പണംകൊണ്ടും നടന ഇതിഹാസമായി വളർന്നതാണ്. അനന്തമായ ആ വഴിക്കു ഞാനൊരു നിമിത്തമായി എന്നത് ഈശ്വരനിയോഗമായി തന്നെ കാണുകയാണ്.’
1978-ൽ മോഹൻലാലിന്റെ സുഹൃത്തുക്കളും സിനിമാപ്രേമികളുമായ അശോക് കുമാർ, സുരേഷ് കുമാർ, മണിയൻപിള്ള രാജു, പ്രിയദർശൻ എന്നിവർ ചേർന്ന് ഒരുക്കിയ തിരനോട്ടത്തിൽ ഒരു കോമഡിവേഷം ചെയ്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ തുടക്കം.ആ സിനിമ സാമാന്യ പ്രേക്ഷകരിലേക്ക് എത്തിയതുമില്ല. അത് വെറുമൊരു തുടക്കം. പിന്നീടങ്ങോട്ട് മലയാള സിനിമാലോകം സാക്ഷിയായത് അക്ഷരാർഥത്തിൽ ഒരു താരോദയം തന്നെയാണ്. 1980-ൽ ഫാസിലിന്റെ സംവിധാനത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലൻ നരേന്ദ്രൻ ആയി സിനിമയുടെ നിർമാതാവ് നവോദയ അപ്പച്ചൻ മോഹൻലാലിനെ തെരഞ്ഞെടുത്തത് പിൽക്കാലത്ത് ചരിത്രമായി മാറി. മുടി നീട്ടി വളർത്തി, മുഖം നിറയെ പാടുകളും കണ്ണുകളിൽ പ്രത്യേക ഭാവവുമുള്ള നരേന്ദ്രനെ പ്രേക്ഷകരിൽ ബഹുഭൂരിപക്ഷവും വെറുത്തു. പ്രേംകൃഷ്ണനും പ്രഭയുമായുള്ള സ്വർഗീയ നിമിഷങ്ങളിലേക്കു പെട്ടെന്ന് കടന്നുവന്ന് ചുണ്ട് ഒരു വശത്തേക്കു കോട്ടി പ്രേം.... പ്രേംകൃഷ്ണൻ.... എന്നുപറയുന്ന മോഹൻലാലിനെ ഭയന്നിരുന്നു പലരും.
എങ്കിലും ആ നോട്ടവും ക്രൗര്യവും പ്രേക്ഷകരുടെ നെഞ്ചിലെവിടെയൊക്കെയോ ഉടക്കി.
എണ്പതുകളുടെ തുടക്കത്തിൽ സഞ്ചാരി, അട്ടിമറി, ഉൗതിക്കാച്ചിയ പൊന്ന്, കേൾക്കാത്ത ശബ്ദം, കുയിലിനെ തേടി തുടങ്ങിയ പല സിനിമകളിലും നരേന്ദ്രന്റെ മട്ടും ഭാവവും ക്രൂരതയുമൊക്കെയുള്ള കഥാപാത്രങ്ങളെ മോഹൻലാൽ അവതരിപ്പിച്ചിരുന്നു. നരേന്ദ്രനെ വെറുത്തതുപോലെതന്നെ പ്രേക്ഷകർ ഈ കഥാപാത്രങ്ങളെയും വെറുത്തു.
വൈകാതെ ആദ്യ വില്ലൻ പരിവേഷത്തെ മായ്ച്ചുകളയുന്ന ചില വേഷങ്ങൾ ലഭിച്ചുതുടങ്ങി. താവളത്തിലെ രാജപ്പനും കാറ്റത്തെ കിളിക്കൂട്ടിലെ ഉണ്ണികൃഷ്ണനും പ്രേക്ഷകർക്ക് മുന്നിൽവന്നു. അതൊരു മാന്ത്രിക യാത്രയുടെ തുടക്കമായിരുന്നു.
പിന്നീട് ഇന്നുവരെ മോഹൻലാലിന്റെ എത്രയെത്ര വേഷപ്പകർച്ചകളാണ് സിനിമാ ലോകം അത്ഭുതത്തോടെ കണ്ടത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ കൊടുംവില്ലൻ മുതൽ മോഹൻലാൽ ആടിത്തിമിർത്ത വേഷങ്ങളുടെ വൈവിധ്യം വാക്കുകൾ കൊണ്ട് പറയുക അസാധ്യം! ഏറ്റവും റേഞ്ചുള്ള നടൻ എന്നും പൂർണനായ നടൻ എന്നും ചലച്ചിത്ര നിരൂപകൻമാർ മോഹൻലാലിനെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.
പെണ് ഹൃദയങ്ങൾ വെറുത്തുപോയ നരേന്ദ്രനിൽ നിന്നും എത്ര ദൂരം മുന്നേറിയിരിക്കുന്നു മലയാളികളുടെ സ്വന്തം ലാലേട്ടൻ. പ്രണയവും കുറുന്പും സ്നേഹവും വാത്സല്യവും നെഞ്ചുറപ്പും ത്യാഗവും സാക്ഷാത്കരിച്ച നൂറു നൂറു കഥാപാത്രങ്ങൾ. തലമുറകളാണ് ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനെ ഇന്നും ആരാധിക്കുന്നത്! വെറുതെയല്ല ദേവഗുരു എന്ന് ശബരിമല മേൽശാന്തി മണിയൻപിള്ള രാജുവിനോട് പറഞ്ഞത്....
എസ്. മഞ്ജുളാദേവി