ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
Sunday, May 28, 2023 1:07 AM IST
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമൊരുക്കിയത് ബംഗാളിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു.
പാശ്ചാത്യ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരർഥത്തിൽ ഇന്ത്യൻ ദേശീയതയുടെ നട്ടെല്ലുതന്നെയായി മാറി. 1817ൽ ഹിന്ദു കോളജും 1824 ൽ സംസ്കൃത കോളജും ആരംഭിച്ചു. പിന്നാലെ 1835ൽ ഏഷ്യയിലെതന്നെ ആദ്യത്തെ മെഡിക്കൽ കോളജായി കോൽക്കത്ത മെഡിക്കൽ കോളജ് രംഗത്തെത്തി. ബെഥുൻ കോളജ്, പ്രസിഡൻസി കോളജ്, സ്കോട്ടിഷ് ചർച്ച് കോളജ്, ഹിന്ദു സ്കൂൾ എന്നിവയുടെ വരവോടെ കോൽക്കത്തയിലെ കോളജ് സ്്ട്രീറ്റ് ഇന്ത്യയുടെ വിദ്യാഭ്യാസ ഹബ്ബായി മാറുകയായിരുന്നു.
1857ലാണ് പഞ്ചാബ് മുതൽ റംഗൂണ് വരെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂട്ടിയിണക്കി കൊൽക്കത്ത സർവകലാശാല രൂപീകരിക്കുന്നത്. അക്കാലത്ത് ഇത്രയേറെ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന മറ്റൊരു സർവകലാശാല വേറെയില്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൽക്കത്ത സർവകലാശാലയുടെ കീഴിൽ 82 കോളജുകളാണ് ഉണ്ടായിരുന്നത്. സർവകലാശാലയിൽ ആദ്യകാലത്ത് സിൻഡിക്കേറ്റ് യോഗത്തിനും മറ്റുമായി പ്രത്യേക വേദിയില്ലായിരുന്നു.
മെഡിക്കൽ കോളജ് കെട്ടിടത്തിലോ വാടക ഹാളിലോ ആയിരുന്നു യോഗങ്ങൾ നടന്നിരുന്നത്. ആദ്യത്തെ സർവകലാശാല പരീക്ഷ സംഘടിപ്പിച്ചതുതന്നെ ടൗണ് ഹാളിലായിരുന്നു. പിന്നീട് വലിയ കൂടാരങ്ങൾ കെട്ടി ഉയർത്തിയാണ് പരീക്ഷകൾ നടത്തിയിരുന്നതെന്ന് സർവകലാശാലാ രേഖകളിലുണ്ട്.
1861 ആയപ്പോഴേക്കും സ്വന്തമായി വലിയ കെട്ടിടമില്ലാതെ സർവകലാശാലയ്ക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന സ്ഥിതിയായി. അങ്ങനെ 1862ൽ ഒരു വലിയ കെട്ടിടം പണിയാൻ തീരുമാനിച്ചു.
ഇതിനായി 1862 ജനുവരി 31ന് അലക്സാണ്ടർ ഡഫിന്റെ കീഴിൽ കമ്മിറ്റി രൂപീകരിച്ചു. 1865ൽ കമ്മിറ്റി നൽകിയ പ്ലാൻ അംഗീകരിക്കപ്പെട്ടു. ധർഭംഗയിലെ രാജാവായിരുന്ന മഹേശ്വർസിംഗ് ബഹാദൂർ നൽകിയ ഭൂമിയിലായിരുന്നു കെട്ടിടം നിർമിച്ചത്. മെഡിക്കൽ കോളജിനും പ്രസിഡൻസി കോളജിനും നടുവിലായിരുന്നു ഈ സ്ഥലം.
ഇതിനോടനുബന്ധിച്ചാണ് നിയോക്ലാസിക്കൽ ശൈലിയിൽ സെനറ്റ് ഹാളിന്റെയും നിർമാണം നടക്കുന്നത്. മുന്നിൽനിന്നു നോക്കുന്പോൾ ഗ്രീക്ക് ക്ഷേത്രത്തിന്റെ മാതൃകയായിരുന്നു സെനറ്റ് ഹാളിന്. ആറു വർഷമെടുത്ത് 1873 മാർച്ച് 12നാണ് ഹാളിന്റെ നിർമാണം പൂർത്തിയാകുന്നത്.
കോൽക്കത്ത സർവകലാശാലയുടെ ചരിത്രവും പാരന്പര്യവും ഒരുപോലെ സമ്മേളിക്കുന്ന ഒരിടമാണ് സെനറ്റ് ഹാൾ. ചരിത്രത്തിൽ അടിയാളപ്പെടുത്തപ്പെട്ട നിരവധി ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾക്ക് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബിരുദദാനം ഉൾപ്പടെ കലാ, സാംസ്കാരിക സംഗമങ്ങളുടെ സ്ഥിരംവേദിയുമാണിത്. 1937ലെ ബിരുദദാന ചടങ്ങ് ശുദ്ധ ബംഗാളിയിൽ രവീന്ദ്രനാഥ് ടാഗോർ പൊഴിച്ച വാഗ്ധോരണി ഉൾപ്പടെ നിരവധി പ്രഗത്ഭരുടെ പ്രസംഗങ്ങളും ഈ ഹാളിൽ നടന്നിട്ടുണ്ട്.
ഇതേ ഹാളിൽവച്ചാണ് 1932ൽ ബിന ദാസ് എന്ന വിദ്യാർഥി അന്നത്തെ സർവകലാശാല വൈസ് ചാൻസലറായിരുന്ന സ്റ്റാൻലി ജാക്സനെ വധിക്കാൻ ശ്രമിച്ചതും. സെനറ്റ് ഹാളിന്റെ ചരിത്രപ്രാധാന്യം മനസിലാക്കി 1957ൽ അതിന്റെ നൂറാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക സ്റ്റാന്പ് പുറത്തിറക്കിയിരുന്നു.
1934ൽ സെനറ്റ് ഹാൾ ഓൾ ബംഗാൾ കോണ്ഫറൻസിന് വേദിയായി. 1955ൽ പഥേർ പാഞ്ചാലി എന്ന ഇന്ത്യൻ സിനിമയിലെ വിസ്മയം പുറത്തിറങ്ങിയതിനുശേഷം സത്യജിത് റേ എന്ന് പ്രതിഭയ്ക്ക് ലഭിച്ച ആദരിക്കലിന് വേദിയായത് സെനറ്റ് ഹാൾ തന്നെ. 1941 ഓഗസ്റ്റ് ഏഴിന് രവീന്ദ്രനാഥ് ടാഗോറിന്റെ ഭൗതികശരീരവുമായി വിലാപ യാത്ര ആദര സൂചകമായി ഏതാനും നിമിഷങ്ങൾ സെനറ്റ് ഹാളിന്റെ മുന്നിൽ മൗനം ആചരിച്ചു നിൽക്കുകയുണ്ടായി.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സർവകലാശാലയിലെ എല്ലാ ഡിപ്പാർട്ട്മെന്റുകൾക്കുമായി കോളജ് സ്ട്രീറ്റിലെ സ്ഥലം തികയാതെ വന്നു. അതോടെ സർവകലാശാല കാന്പസ് താരക്നാഥ് പാലിത് സംഭാവന നൽകിയ ബാല്ലിഗഞ്ചിലെ വിശാലമായ സ്ഥലത്തേക്ക് മാറ്റാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. അതിനിടെ ചില സ്ഥാപിത താത്പര്യക്കാർ സെനറ്റ് ഹാൾ ഇടിച്ചുപൊളിച്ചു സ്ഥലസൗകര്യം ഉണ്ടാക്കാം എന്ന ആശയവുമായി മുന്നോട്ടു വന്നു. ഹാളിൽ വേണ്ടത്ര ആളുകളെ കൊള്ളാൻ കഴിയില്ലെന്നും അറ്റകുറ്റപ്പണിപോലും നടത്താൻ കഴിയാത്ത അവസ്ഥയാണെന്നുമായിരുന്നു അവരുടെ വാദം.
ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ അന്നത്തെ മുഖ്യമന്ത്രിയും സർവകശാലയിലെ മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. ബി.സി. റോയ് കെട്ടിടം പൊളിക്കാനുള്ള അനുമതി നൽകി. 1960ൽ സെനറ്റ് ഹാൾ പൊളിക്കാൻ തീരുമാനിക്കുന്പോൾ ഡോ. ഗ്യാൻചന്ദ്ര ഘോഷ് ആയിരുന്നു വൈസ് ചാൻസിലർ.
അങ്ങനെ ഇന്ത്യയിലുടനീളമുള്ള ചരിത്രാരാധകരുടെ മനസ് വേദനിപ്പിച്ച് സെനറ്റ് ഹാളിന്റെ ചുമരുകൾ ഇടിഞ്ഞുവീണു. പ്രൗഢിയുടെ പ്രതീകമായിരുന്ന ഭീമൻ തൂണുകൾ പലതായി ഒടിഞ്ഞുവീണു. നീണ്ട ഇടനാഴികൾ നിലം പൊത്തി. ഭംഗിയാർന്ന പഴയ ഗോവണികൾ നിമിഷം നേരം കൊണ്ട് കല്ലും കന്പിയുമായി നിലം പതിച്ചു. 80 വർഷം പഴക്കം ചെന്നിട്ടും സെനറ്റ് ഹാൾ ഉറപ്പുള്ളതും സുരക്ഷിതവുമായിരുന്നെന്നാണ് പൊളിക്കാൻ ഏൽപ്പിച്ച ഏജൻസി പിന്നീട് വെളിപ്പെടുത്തിയത്. സെനറ്റ് ഹാൾ പൊളിക്കുന്നു എന്നത് അക്കാലത്ത് ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയായിരുന്നു.
സെനറ്റ് ഹാൾ പൊളിച്ചതോടെ ബംഗാളിന്റെ ചരിത്രത്തിലെ ഒരധ്യായംതന്നെ ഇല്ലാതായി. വില പിടിപ്പുള്ള ചിത്രങ്ങളും പുസ്തകങ്ങളും ഫർണിച്ചറുമെല്ലാം ഇതോടൊപ്പം അപ്രത്യക്ഷമായി. അന്നത്തെ മുഖ്യമന്ത്രിയുടെ പിടിപ്പുകേടായാണ് സെനറ്റ് ഹാൾ പൊളിച്ചതിനെ പിന്നീട് ചരിത്രകാരൻമാർ വിലയിരുത്തിയത്. സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ചരിത്ര സ്മാരകം കെടുകാര്യസ്ഥത കൊണ്ടു പൊളിച്ചു നീക്കിയെന്ന ചീത്തപ്പേര് മറ്റാരേയുംകാൾ ഡോ. റോയിയുടെ തലയിൽ പതിച്ചു.
കോൽക്കത്ത നോട്ടീസ്/സെബി മാത്യു