പൂരം കാണാൻ വന്ന പൊൻകുന്നം വർക്കി
Sunday, June 4, 2023 1:13 AM IST
പള്ളിയെയും പുരോഹിതരെയും ആക്ഷേപിച്ചും വിമർശിച്ചും ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുള്ള വ്യക്തിയാണ് പൊൻകുന്നം വർക്കി. ഏതാനും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘വഴിതുറന്നു’ എന്ന നാടകം. കോട്ടയം കേരളാ തിയറ്റേഴ്സ് ഈ നാടകം തൃശൂർ ടൗണ്ഹാളിൽ അവതരിപ്പിച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നു.
എം.പി. പോളിന്റെ ജീവിതകഥയാണെന്നു പരോക്ഷമായി വിളിച്ചുപറയുന്ന ഇതിവൃത്തം. ഇതിൽ വൈദികനായ ഒരു കഥാപാത്രമുണ്ട്. പള്ളിയുടെ ചില നിയമങ്ങൾ അപരിഷ്കൃതവുമാണെന്നും മനസാക്ഷിക്കു വിരുദ്ധമായി ളോഹയ്ക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയാനിഷ്ടമില്ലെന്നും തോന്നിയ ആ വൈദികൻ നാടകത്തിന്റെ അന്ത്യത്തിൽ ളോഹ എനിക്കൊരു ഭാരമാണ് എന്നു പറഞ്ഞുകൊണ്ട് തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നു.
നാടകം തീർന്നപ്പോൾ എന്റെ യുവമനസിൽ ചില പ്രതിഷേധങ്ങൾ തലപൊക്കി. ഈ നാടകം കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ‘പൊള്ളുന്ന പരമാർഥങ്ങൾ’ എന്ന നാടകം എഴുതുകയില്ലായിരുന്നു.
പൊൻകുന്നം വർക്കിയെ മൂന്നുനാലു സന്ദർഭങ്ങളിൽ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്കുശേഷം ഞങ്ങൾ കൂടുതൽ അടുത്തു. ചാട്ടുളിപോലുള്ള തൂലികയുടെ ഉടമ എന്നനിലയിൽ എനിക്ക് അദ്ദേഹത്തെ ബഹുമാനമാണ്. വർഷങ്ങൾക്കു മുന്പ് മാവേലിക്കരയിൽ ഒരു സമ്മേളനത്തിൽ എന്റെ നാടകങ്ങളെ അദ്ദേഹം പ്രശംസിച്ചത് എന്നെ അദ്ഭുതപ്പെടുത്തി.
വർക്കിയെക്കുറിച്ചു രസകരമായൊരു ഓർമ്മ പങ്കുവയ്ക്കട്ടെ. 1974 ൽ അന്നത്തെ എസ്.പി.സി.എസ്. സെക്രട്ടറി എം.കെ. മാധവൻനായരും പൊൻകുന്നം വർക്കിയുംകൂടി കോട്ടയത്തുനിന്നു പൂരം കാണാൻ തൃശൂരെത്തി.
പകൽപ്പൂരവും കുടമാറ്റവും അവർ കണ്ടുകാണണം. ഞാനെന്റെ ഓഫീസിലായിരുന്നു. മാധവൻനായർ സാഹിത്യ അക്കാദമിയിൽനിന്ന് എന്നെ ഫോണിൽ വിളിച്ചു. കൂടെ പൊൻകുന്നം വർക്കിയുമുണ്ടെന്നു പറഞ്ഞപ്പോൾ എനിക്കേറെ സന്തോഷം. ഇരുവരെയും ഞാൻ വീട്ടിലേക്കു ക്ഷണിച്ചു. അവർ വന്നു. പാതിരാത്രിയാകുന്പോൾ വെടിക്കെട്ടു കാണാൻ പോകാം എന്ന തീരുമാനത്തിലെത്തി. ഭക്ഷണം കഴിഞ്ഞു വർക്കി കിടന്നു. ഞാനും മാധവൻനായരും വർത്തമാനം പറഞ്ഞിരുന്നു. 12 മണിയായപ്പോൾ വെടിക്കെട്ടിനു പോകാൻ വർക്കിയെ വിളിച്ചപ്പോൾ എഴുന്നേൽക്കാൻ ഭാവമില്ല. നല്ല ഉറക്കം. വീണ്ടും വീണ്ടും വിളിച്ചു.
‘പൂരമൊക്കെ കഴിഞ്ഞില്ലേ. ഇനി വെടിക്കെട്ട്! അതു നിങ്ങള് പോയി കാണ്. വിവരം എന്നോടു പറഞ്ഞാൽ മതി, ഞാനില്ല.’ പാതിമയക്കത്തിലുള്ള മറുപടി.
കോട്ടയത്തുനിന്നു പൂരം കാണാൻ വന്നിട്ടു വെടിക്കെട്ടു കാണാതെ വർക്കി കിടന്നുറങ്ങി. ഞാനും മാധവൻനായരും വെടിക്കെട്ട് കണ്ടു തിരിച്ചുപോന്നു. മാധവൻനായർ അക്കാദമിയിലേക്കും ഞാൻ വീട്ടിലേക്കും മടങ്ങി. പൊൻകുന്നം വർക്കി അപ്പോഴും ഗാഢനിദ്രയിലാണ്.
തൃശൂർ കിഴക്കന്പാട്ടുകരയിലെ ലൂർദുപുരത്താണ് എന്റെ വീട്. അടുത്തുതന്നെയാണ് നിരൂപകനും മുൻ വിദ്യാഭ്യാസമന്ത്രിയുമായ പ്രഫ. ജോസഫ് മുണ്ടശേരിയുടെ വീടും. സാഹിത്യരംഗത്ത് എതിരാളികളെ കാര്യകാരണസഹിതം യുക്തിഭദ്രമായി വെട്ടിനിരത്തിയിരുന്ന ധീരനായിരുന്നല്ലോ മുണ്ടശേരി മാസ്റ്റർ.
വർക്കിക്ക് പിറ്റേന്നു രാവിലെ ഒരു ദൗത്യമുണ്ടായിരുന്നു. മുണ്ടശേരിയെ ഒന്നു സന്ദർശിക്കുക.
ഞങ്ങൾ മാഷെ കാണാൻ ചെന്നു. വർക്കിയെ കണ്ടപ്പോൾ മാഷ്ക്ക് ആശ്ചര്യവും ആനന്ദവും.
‘എടോ! തന്നെ കണ്ടിട്ട് ശ്ശി കാലമായല്ലോ.’
‘അതുകൊണ്ടുതന്നെയാ വന്നത്. ഞാനിന്നലെ ജോസിന്റെ വീട്ടിലായിരുന്നു.
‘വർക്കി പൂരവും വെടിക്കെട്ടും കാണാൻ വന്നതാ.’ ഞാൻ പറഞ്ഞു.
‘വെടിക്കെട്ടു കണ്ടോ? എങ്ങനെയുണ്ടായിരുന്നു?’ മാഷുടെ ചോദ്യം.
ഞാനും വർക്കിയും ഒളിഞ്ഞ പുഞ്ചിരിയോടെ പരസ്പരം നോക്കി. വർക്കി മൊഴിഞ്ഞു.
‘വെടിക്കെട്ടു മനസിൽവച്ചു സുഖമായിട്ടുറങ്ങി’. ഒരു കൂട്ടച്ചിരി.
അപ്പോൾ മാഷ്ടെ കമന്റ്: ‘ഉറങ്ങാനായിട്ടാണ് ഇവിടെ വന്നതെങ്കിൽ അതു പാന്പാടിയിലെ വർക്കിയുടെ വീട്ടിൽതന്നെ ആവാമായിരുന്നല്ലോ’
‘അങ്ങനെയായാൽ മുണ്ടശേരിയെ കാണാൻ പറ്റുമോ?’
പിന്നെ ദീർഘമായ കുശലംപറച്ചിലായിരുന്നു. സ്നേഹവും ആദരവും സൗഹാർദവും പൂത്തുലഞ്ഞുനിന്ന സംസാരം. രണ്ടു പ്രതിഭകളുടെ സംഗമം.മാഷ്ടെ സഹധർമ്മിണി കത്രീന ഒരുക്കിയ പ്രാതലും കഴിച്ചു വർക്കിയും ഞാനും മടങ്ങി. നേരെ പോയതു സാഹിത്യ അക്കാദമിയിലേക്ക്. അവിടെ മാധവൻനായർ കാത്തിരിപ്പുണ്ടായിരുന്നു.
ഏറ്റവുമൊടുവിൽ ഞാൻ വർക്കിയെ സന്ദർശിച്ചത് 1994 ജനുവരിയിലാണ്. അദ്ദേഹത്തെ കാണാൻ മാത്രമായി കോട്ടയം പാന്പാടിയിലെ വസതിയിൽ ചെന്നു. തനിച്ചാണ് താമസം. ഞാൻ ചെല്ലുന്പോൾ വർക്കി മറ്റൊരാളുമൊത്ത് ചെസ് കളിക്കുന്നു.
അപ്രതീക്ഷിതമായി എന്ന കണ്ടതിൽ അദ്ദേഹം സന്തോഷവും ആശ്ചര്യവും പ്രകടിപ്പിച്ചു. ആരുടെ മുന്പിലും നട്ടെല്ലു വളയ്ക്കാത്ത വ്യക്തിയാണ് വർക്കി. പക്ഷേ പ്രായാധിക്യം അദ്ദേഹത്തിന്റെ നട്ടെല്ല് അല്പം വളച്ചിരിക്കുന്നു. സാവധാനമേ നടക്കാനാവൂ. സംസാരത്തിൽ പഴയ വീര്യം അപ്പോഴുമുണ്ട്. ഞങ്ങൾ ദീർഘനേരം സംസാരിച്ചു.
എങ്ങനെ സമയം ചെലവഴിക്കുന്നു എന്നു ചോദിച്ചപ്പോൾ പറഞ്ഞു: ‘ഓർമകൾ അയവിറക്കിയും ഇടയ്ക്കിടെ പുകയില ചവച്ചും ബീഡി വലിച്ചും ചെസ് കളിച്ചും ധാരാളം വായിച്ചും സമയം ചെലവഴിക്കുന്നു, നാളുകളങ്ങനെ തള്ളിനീക്കുന്നു.’ ആ അഗ്നിപർവതം 2004ൽ കെട്ടടങ്ങി.
സി.എൽ.ജോസ്