മലയാള സിനിമയുടെ കുതിപ്പും കിതപ്പും
Sunday, June 4, 2023 1:57 AM IST
മലയാള സിനിമ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. 2023 പകുതിയോട് അടുക്കുന്പോൾ തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി റിലീസ് ചെയ്തത് എഴുപതിലധികം സിനിമകൾ. ഇതിൽ തിയറ്ററുകളിലെത്തി പ്രേക്ഷകരെ രസിപ്പിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം.
യുവനിരയെ അണിനിരത്തി ഒരുക്കിയ രോമാഞ്ചവും മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരമായ 2018 എന്ന സിനിമയുമാണ് ആൾക്കൂട്ടത്തെ ആകർഷിച്ചത്. ചെറിയ ബജറ്റിലും പ്രകൃതി സിനിമകളെന്ന വിളിപ്പേരിലും നിർമിക്കുന്ന റിയലിസ്റ്റിക് സിനിമകളോട് പ്രേക്ഷകർ മുഖം തിരിച്ചപ്പോൾ നഷ്ടക്കണക്കുകൾ നൂറു കോടിക്കു മേലെയാണ്.
മോളിവുഡ് സിനിമാലോകത്തെ, പ്രകൃതിവുഡ് എന്ന പേരിൽ ട്രോളുകളിലൂടെ പരിഹസിക്കുന്ന ഘട്ടം വരെ എത്തിനിൽക്കെയാണ് ആൾക്കൂട്ട പ്രളയം സൃഷ്ടിച്ച 2018 എത്തിയത്. നല്ല സിനിമകളെ എല്ലാക്കാലത്തും പ്രേക്ഷകർ ചേർത്തു പിടിക്കുമെന്ന തിരിച്ചറിവ് അണിയറ പ്രവർത്തകർക്ക് ഈ സിനിമ നൽകുന്നു.
ലഹരിയിൽ മുങ്ങിയ വെള്ളിത്തിര
മലയാള സിനിമയുടെ പെരുമ നിലംപരിശാകുന്ന സാഹചര്യമാണ് സമീപകാലത്ത് പുറം ലോകം കേൾക്കുന്നത്. ജീവിതഗന്ധിയായ ചലച്ചിത്രങ്ങളിലൂടെ തലയുയർത്തിനിന്ന മലയാള സിനിമ ഇന്ന് അപകീർത്തി നേരിടുകയാണ്. മൗലിക സിനിമകൾ സൃഷ്ടിച്ചവരൊക്കെ സിനിമാമേഖലയിൽ സ്ഥാനമില്ലെന്ന് സ്വയം മനസിലാക്കി പിൻവാങ്ങുന്നു. അതിനു കാരണമാകുന്നത് ന്യൂജനറേഷൻ സിനിമക്കാരുടെ ലഹരി ഉപയോഗമാണ്.
സിനിമാമേഖലയെ സംബന്ധിച്ച് ലഹരി വ്യാപനത്തിന്റെ പേരിൽ പരക്കെ പരാതികളും ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ടായിരുന്നപ്പോഴാണ് നിർമാതാക്കളുടെ സംഘടനതന്നെ പ്രതികരണവുമായി രംഗത്തുവന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങൾക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടികളിലേക്ക് തിരിയുകയാണെന്നായിരുന്നു സംഘടനയുടെ തലപ്പത്തുള്ളവരുടെ വെളിപ്പെടുത്തൽ.
സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങൾ നിർമാതാക്കളിൽനിന്ന് സംഘടന ശേഖരിച്ചുവരുകയാണെന്നും വിവരങ്ങൾ ലഭിച്ചശേഷം സർക്കാരിനെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ചില സിനിമകളുടെ സന്ദേശംതന്നെ ലഹരി ഉപയോഗത്തെ ന്യായീകരിക്കുന്നതാണെന്ന ആരോപണം ഉയർന്നിരുന്നു.
‘നല്ല സമയം’ എന്ന ചലച്ചിത്രം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി രംഗങ്ങളുള്ള കാരണത്താൽ എക്സൈസ് കേസെടുക്കുകയും തിയറ്ററുകളിൽനിന്ന് പിൻവലിച്ചതുമൊക്കെ സമീപകാലത്തുണ്ടായതാണ്. എംഡിഎംഎ ഉൾപ്പെടെ രാസലഹരികൾ ഉപയോഗിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് പല സിനിമകളും പ്രോത്സാഹനമാകുന്നുണ്ടെങ്കിലും അതിരും അതിത്തിയും കടന്ന് എന്തും വെള്ളിത്തിരയിലൊരുക്കാമെന്ന സാഹചര്യം വന്നിരിക്കുന്നു. സമീപകാല സംഭവങ്ങളും തുറന്നുപറച്ചിലുകളും ലഹരിമാഫിയയുടെ കടന്നുകയറ്റം വേഗമെത്തിയന്നതിന്റെ സൂചകങ്ങളാണ്.
ബോളിവുഡിൽനിന്ന് മോളിവുഡ് വരെ
പതിറ്റാണ്ടുകളായി ബോംബെ അധോലോകവും ബോളിവുഡ് സിനിമാലോകവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെപ്പറ്റി പല കഥകളും പ്രചരിച്ചിട്ടുള്ളതാണ്. ബോളിവുഡ് സിനിമകൾക്ക് ലഹരിമാഫിയ വലിയ തോതിൽ പണംമുടക്കുന്നുണ്ട്. സിനിമയിൽനിന്നുള്ള ലാഭം എന്നതിനപ്പുറം ലഹരിക്കന്പോളത്തിലെ നേട്ടമാണ് അവർ ഉന്നം വയ്ക്കുന്നത്. സിനിമയിൽ ലഹരിദൃശ്യം പ്രദർശിപ്പിക്കുന്നതിലൂടെ മയക്കുമരുന്ന് ഉപയോഗത്തിനു പ്രേരണ നൽകുകയെന്നതാണ് ലക്ഷ്യം.
ലഹരിയിൽ ഊർജം നേടുന്ന നായകൻ വില്ലന്മാരെ നിലംപരിശാക്കുന്പോൾ അത് അനുകരിക്കുന്നതിന് പ്രേരകമാകുന്നു. നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീഴുന്പോൾ ഞാനവിടെയെത്തിയിരിക്കുമെന്ന് ഒരു സിനിമയിൽ സൂപ്പർ നായകൻ പറഞ്ഞത് ഇന്നും ചിലർ ഏറ്റുചൊല്ലുന്നതാണ്. ഇത്രയധികം സ്വാധീനം സിനിമ എന്ന കലാരൂപത്തിനുണ്ടെന്ന തിരിച്ചറിവിലാണ് ദൃശ്യങ്ങളാൽ മയക്കുമരുന്നുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്. സമീപകാലത്ത് ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ നായകൻ ലഹരി ഉപയോഗിക്കുന്ന രംഗം കൂട്ടിച്ചേർക്കാൻ വൻതുക ലഹരിമാഫിയ നൽകിയെന്ന വാർത്ത പുറത്തുവന്നിരുന്നു.
മലയാള സിനിമയെ സംബന്ധിച്ച് ലഹരി മാഫിയയുടെ കൈകടത്തൽ യുവനായകന്മാരുടെ കരിയറിനെ തന്നെ ചോദ്യചിഹ്നമാക്കുന്നു. രണ്ടു യുവ നായകരുടെ പേരെടുത്തു പറഞ്ഞായിരുന്നു നിർമാതാക്കൾ ഈ വിഷയത്തിൽ പത്രസമ്മേളനം നടത്തിയത്. സെറ്റിൽ പ്രശ്നമുണ്ടാക്കിയതും അഭിനയിക്കുന്ന സിനിമ ഏതെന്നുപോലും മറന്നുപോകുന്നതുമായ നിലയിലേക്ക് എത്തിച്ചതും യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതുമൊക്കെ പ്രേക്ഷകർ കേട്ടതാണ്.
ലഹരി സിരകളിൽ പടർന്നുകയറി അക്രമം കാട്ടുന്ന സ്ഥിതിയിലേക്ക് യുവതാരങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇതൊക്കെയും ബോളിവുഡിനു സമാനമായി മലയാളത്തിലും ലഹരിമാഫിയ സിനിമാ വ്യവസായത്തിന്റെ നിയന്ത്രിതാക്കളായി മാറുന്നതിന്റെ സൂചനകളാണ്.
വിജയ പരാജയങ്ങൾ
വിവാദങ്ങളും വാർത്തകളും ഒട്ടും കുറവായിരുന്നില്ലെങ്കിലും ബിസിനസ് എന്ന നിലയിൽ മലയാള സിനിമ മോശം സാഹചര്യത്തിലൂടെയാണ് ഇക്കൊല്ലം കടന്നുപോയത്. മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കം, ജോജു ജോർജ് നായകനായ ഇരട്ട, മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, രണ്ട് തലമുറയിലെ പ്രണയകഥ പറഞ്ഞ പ്രണയ വിലാസം, വിജയരാഘവൻ 90 കഴിഞ്ഞ വയോധികനായി എത്തിയ പൂക്കാലം, സുരാജ് വെഞ്ഞാറമ്മൂടിന്റെ മദനോത്സവം, ടൊവിനോ തോമസ് നായകനായ നീലവെളിച്ചം തുടങ്ങി ഒരുപിടി ചിത്രങ്ങൾ അഭിപ്രായം നേടിയെങ്കിലും ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല.
അതേ സമയം അന്യഭാഷാചിത്രങ്ങൾ മികച്ച കളക്ഷൻ നേടുകയും ചെയ്യുന്നുണ്ട്. ഷാരുഖ് ഖാന്റെ തിരിച്ചുവരവ് ഒരുക്കിയ പഠാൻ, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങൾ മികച്ച കളക്ഷനാണ് മലയാളക്കരയിൽനിന്നു നേടിയത്.
2023ന്റെ രണ്ടാം പകുതിയിൽ റിലീസിനൊരുങ്ങുന്ന വന്പൻ സിനിമകൾ നല്ല നാളുകളെ സമ്മാനിക്കുമെന്നു പ്രതീക്ഷിക്കാം. സൂപ്പർതാരങ്ങളുടടെയും യുവതാരങ്ങളുടെയും അടക്കം ഒരുപിടി ബിഗ് ബജറ്റ് സിനിമകൾ അണിയറയിൽ സജ്ജമാവുകയാണ്. ദിലീപിന്റെ ബാന്ദ്രയും മോഹൻലാലിന്റെ റാമും മലൈക്കോട്ടൈ വാലിബനും മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡും ബസൂക്കയും ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയും പൃഥ്വിരാജിന്റെ ആടുജീവിതവും ഫഹദ് ഫാസിലിന്റെ ധൂമവും ഇതിൽപ്പെടും.
ഭാഷാ അതിർത്തികൾക്ക് അപ്പുറം പാൻ ഇന്ത്യൻ റിലീസായി മലയാളത്തിൽനിന്ന് സിനിമകൾ എത്തുന്നതും മലയാളി താരങ്ങൾക്ക് അന്യഭാഷകളിൽ വലിയ സ്വീകാര്യത ലഭിക്കുന്നതും നല്ല നാളെകളെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ലിജിൻ കെ. ഈപ്പൻ