ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധങ്ങൾ, കൂട്ടക്കുരുതികൾ, ശീതസമരം എല്ലാം ഈ ചരിത്രത്തിന്റെ ഭാഗം. റോളണ്ട് ജോഫെയുടെ ’ദി കില്ലിംഗ് ഫീൽഡ്സ്’ ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. കംബോഡിയ എന്ന ചെറുരാജ്യത്ത് 1970കളിൽ സംഭവിച്ച മഹാഭീകരതകൾ അനുഭവസ്ഥരുടെ കണ്ണിലൂടെ ഈ സിനിമയിൽ തെളിയുന്നു.
കാംബോജ എന്ന കംബോഡിയ
ഇന്ത്യൻ പുരാവൃത്തങ്ങളിലെ കാംബോജ ദേശമാണ് ഇന്നത്തെ കംബോഡിയ. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ഫ്രഞ്ച്കോളനിവാഴ്ച അവസാനിച്ച ശേഷം കംബോഡിയ, ലാവോസ്, വിയറ്റ്നാം ഉൾപ്പെടുന്ന മേഖല രൂക്ഷസംഘർഷ വേദിയായി.
വൻശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലും തൊട്ടടുത്തു കിടക്കുന്ന മാവോയുടെ ചൈനയും കൂടിയപ്പോൾ വിയറ്റ്നാമും കംബോഡിയയും ലക്ഷോപലക്ഷം മനുഷ്യരുടെ കുരുതിക്കളങ്ങളായി.
ഈ രക്തപങ്കിലമായ മൂന്നു പതിറ്റാണ്ടുകളുടെ പശ്ചാത്തലമാണ് കില്ലിംഗ് ഫീൽഡ്സിൽ ചുരുൾനിവരുന്നത്. മുഖ്യമായും പോൾപോട്ടിന്റെ ആധിപത്യത്തിൽ ഖെമർ റൂഷ് വിപ്ലവസേന കംബോഡിയയെ ചവിട്ടിയരച്ച 1976 മുതൽ 80 വരെയുള്ള കാലഘട്ടം. ഫ്രാൻസിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കാതെ സോഷ്യലിസ്റ്റ് ഉട്ടോപ്യൻ സ്വപ്നങ്ങളുമായി കംബോഡിയയിൽ തിരിച്ചെത്തിയ പോൾപോട്ട് വളർത്തിയെടുത്ത പ്രസ്ഥാനമായിരുന്നു ഖെമർ റൂഷ്.
പോൾപോട്ട് ഭീകരത
അധികാരം പിടിച്ച പോൾപോട്ട് സ്റ്റാലിനെയും ഹിറ്റ്ലറെയും വെല്ലുന്ന ഭീകരതയാണ് രാജ്യത്തു നടപ്പാക്കിയത്.
കംപൂച്ചിയ എന്നു പുനർനാമകരണം ചെയ്യപ്പെട്ട രാജ്യം സ്റ്റാലിന്റെ ഗുലാഗുകളെയും നാസികളുടെ കോണ്‍സൻട്രേഷൻ ക്യാന്പുകളെയും ഓർമിപ്പിക്കുന്ന അടിമരാജ്യമായി മാറി. പണവിനിമയം, സ്വകാര്യ സ്വത്ത്, മതാനുഷ്ഠാനം എല്ലാം നിരോധിക്കപ്പെട്ടു.
വസ്ത്രധാരണവും ഭക്ഷണവുമെല്ലാം സർക്കാർ നിർദേശിക്കുന്നപടി മാത്രം! നഗരവാസികളെ ഖെമർ റൂഷ് പട്ടാളം ഗ്രാമങ്ങളിലെ കൃഷിക്യാന്പുകളിലേക്ക് ആട്ടിത്തെളിച്ചു. സ്കൂൾ, സർവകലാശാലകൾ എല്ലാം പൂട്ടി. കുട്ടികൾ സൈനികപരിശീലനത്തിനയയ്ക്കപ്പെട്ടു. ബുദ്ധിജീവികൾ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, മതനേതാക്കൾ തുടങ്ങി സമൂഹത്തിന്റെ നേതൃസ്ഥാനങ്ങളിലുള്ളവരെയെല്ലാം തടവിലാക്കി. നെൽപ്പാടങ്ങളിൽ ഉഴവുകാളകൾക്കു പകരം നുകം വഹിച്ചത് ഈ തടവുകാരായിരുന്നു.
30 ലക്ഷം ജീവനുകൾ
പോൾപോട്ട് യുഗം അവസാനിക്കുന്പോൾ മുപ്പതു ലക്ഷത്തോളം കംബോഡിയക്കാരുടെ കബന്ധങ്ങൾ കൂട്ടുകൃഷിയിടങ്ങളിലും വനങ്ങളിലും ചതുപ്പുകളിലും അഴുകിക്കിടന്നിരുന്നു. ഈ പ്രദേശങ്ങളെ ’കില്ലിംഗ് ഫീൽഡ്സ്’ എന്നു പാശ്ചാത്യ പത്രങ്ങൾ വിശേഷിപ്പിച്ചു.
കുരുതിപ്പാടങ്ങളിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടാൻ കഴിഞ്ഞ ഡിത് പ്രാണ്‍ എന്ന പത്രലേഖകന്റെ അനുഭവങ്ങളെ അമേരിക്കൻ സുഹൃത്തും ന്യൂയോർക്ക് ടൈംസിന്റെ യുദ്ധലേഖകനുമായ സിഡ്നി ഷാൻ ബെർഗ് The Death and Life of Dith Pran എന്ന പേരിൽ പുസ്തകമാക്കി.
കംബോഡിയയുടെ പതനത്തിന്റെ റിപ്പോർട്ടിംഗിന് അദ്ദേഹം പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. കംബോഡിയയിൽ സഞ്ചരിക്കുന്പോൾ അദ്ദേഹത്തിന് ദ്വിഭാഷിയും വഴികാട്ടിയും ഉറ്റസുഹൃത്തുമായിരുന്നു പത്രലേഖകനായ ഡിത് പ്രാണ്‍.
സാഹസിക രക്ഷപ്പെടൽ
ഖെമർ റൂഷ് കംബോഡിയ കീഴടക്കിയ ദിവസങ്ങളിൽ വിദേശ പത്രലേഖകർ വേട്ടയാടപ്പെട്ടു. അവിടെനിന്ന് അമേരിക്കൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ട ഷാൻ ബർഗ് ഡിത്തിനെയും കുടുംബത്തെയും കൂടെപ്പോരാൻ ക്ഷണിച്ചെങ്കിലും ഡിത് നാട്ടിൽത്തന്നെ തുടരാൻ തീരുമാനിച്ചു. ഷാൻ ബർഗിന് പ്രാണിനെ പിന്നീടു ബന്ധപ്പെടാനായില്ല. നാലു വർഷം നടത്തിയ അന്വേഷണവും വിഫലമായി. ഒടുവിൽ അപ്രതീക്ഷിതമായി പ്രാണ്‍ ഷാൻ ബർഗിനെ തേടിച്ചെന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഡിത്പ്രാണിന്റെ രക്ഷപ്പെടൽ കഥയാണ്. ഷാൻബർഗുമായി പിരിഞ്ഞ ശേഷം തന്റെ യഥാർഥ ഐഡന്റിറ്റി മറച്ചുവച്ച് തികച്ചും നിരക്ഷരനായ ഒരു കൃഷീവലന്റെ വേഷമണിഞ്ഞു പ്രാണ്‍ ഖെമർ കൊലയാളികളെ വെട്ടിച്ചു കുറേക്കാലം നാട്ടിൽ കഴിഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അനേകർ വധിക്കപ്പെട്ടു. പ്രാണ്‍ സാഹസികമായി വനഭൂമികൾ താണ്ടി വിയറ്റ്നാം അതിർത്തിയിലെത്തി. റെഡ്ക്രോസിന്റെ സഹായത്തോടെ 1979ൽ തായ്ലൻഡിൽ എത്തുകയും അവിടെനിന്ന് അമേരിക്കയിൽ അഭയം തേടുകയും ചെയ്തു.
അഭയാർഥിക്ക് ഓസ്കർ!
ഹെയിംഗ് എസ്. ഇൻഗോർ എന്ന കംബോഡിയൻ അഭയാർഥിയാണ് പ്രാണിന്റെ വേഷം ചെയ്തത്. പ്രഫഷണൽ നടൻ അല്ലാതിരുന്നിട്ടും ഹെയിംഗ് തന്റെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു മികച്ച സഹനടനുള്ള ഓസ്കർ നേടി. പ്രാണ്‍ അനുഭവിച്ചതിനു സമാനമായ അനുഭവങ്ങൾ ഹെയിംഗിനും ഉണ്ടായിരുന്നു. ഈ പുരസ്കാരം കൂടാതെ മൂന്നു നോമിനേഷനുകളും "ദ കില്ലിംഗ് ഫീൽഡ്സി'നു ലഭിച്ചു.
വൻ പ്രദർശനവിജയം നേടി. 1985ൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ്, അതേവർഷം തന്നെ ബ്രിട്ടീഷ് അക്കാഡമിയുടെ മികച്ച ചിത്രം, മികച്ച സിനിമാട്ടോഗ്രഫി, സഹനടൻ എന്നീ പുരസ്കാരങ്ങൾ നേടി. ഒരു പുരാതന ജനതയുടെ ആധുനികകാല ദുരന്തത്തിന്റെ നീറുന്ന സ്മരണകളെ പുനരാവിഷ്കരിക്കുകയായിരുന്നു റോളണ്ട് ജോഫെ.
ജിജി ജോസഫ് കൂട്ടുമ്മേൽ