അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
Sunday, October 1, 2023 6:14 AM IST
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക്കിൾസ് ഓഫ് നാർനിയ. ഏഴു ഭാഗങ്ങളുള്ള ഈ പരന്പര ബാലസാഹിത്യ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്നു.
നാർനിയയുടെ ദിനവൃത്താന്തം റിയലിസവും മാജിക് റിയലിസവും സമ്മേളിപ്പിക്കുന്നു. ഒപ്പം പുരാണങ്ങളിലും മുത്തശിക്കഥകളിലും ബൈബിൾ ദർശനങ്ങളിലും പ്രത്യക്ഷമാകുന്ന ഇമേജുകളെ ഉപയോഗിക്കുന്ന കഥാകഥനരീതിയും ഇവയ്ക്കുണ്ട്.
ഇതിന്റെ സാരാംശം കൃത്യമായി മനസിലാക്കിയാണ് ന്യൂസിലാൻഡ് സംവിധായകനായ ആഡംസണ് നാർനിയ പരന്പരയിലെ ആദ്യ കൃതിയായ ദ ലയണ്, ദ വിച്ച് ആൻഡ് ദ വാർഡ്രോബ് സിനിമാവിഷ്കാരം ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഒരു മികച്ച ഫാമിലി എന്റർടെയ്നർ; ഒപ്പം ആഴമുള്ള ചില പ്രമേയങ്ങളും നമുക്ക് ഇതിൽ ദർശിക്കാം.
അതൊരു യുദ്ധകാലം
രണ്ടാം ലോക മഹായുദ്ധമാണ് കഥയുടെ ചരിത്ര പശ്ചാത്തലം. ജർമൻ വ്യോമാക്രമണത്തിൽ ലണ്ടൻ നഗരം പൊരിയുന്നു. അവിടുത്തെ പെവൻസി കുടുംബം ബ്രിട്ടീഷ് വ്യോമസേനാ പൈലറ്റായ പിതാവിന്റെ അസാന്നിധ്യത്തിൽ നഗരം വിട്ടോടേണ്ട അവസ്ഥയിൽ. അവർ നാലു കുട്ടികൾ - പീറ്റർ, ലൂസി, സൂസൻ, എഡ്മണ്ട് - അവരുടെ അമ്മയുടെ സഹായത്തോടെ ഒരു ഗ്രാമത്തിലേക്ക് അയയ്ക്കപ്പെടുന്നു.
വലിയ ഒരു ബംഗ്ലാവിൽ, പുരാവസ്തുക്കളുമായി ഏകനായി കഴിയുന്ന പ്രഫസർ കിർക്കെയുടെ കൂടെയാണ് പെവൻസി കുട്ടികൾ താമസിക്കുക. കുട്ടികൾ പല സ്വഭാവക്കാർ. അതിൽ ഏറ്റം ഇളയവനായ എഡ്മണ്ട് തന്നിഷ്ടക്കാരനും പടുവികൃതിയും. പ്രഫസറുടെ സഹായത്തിന് മിസിസ് മക്റെഡി എന്ന സ്ത്രീയുമുണ്ട്.
ഒളിച്ചുകളി കാര്യമായപ്പോൾ
വികൃതി കാട്ടാനും ബഹളം വയ്ക്കാനും പാടില്ല എന്ന കർശനമായ നിർദേശം അവർ കുട്ടികൾക്കു കൊടുക്കുന്നുണ്ട്. എന്നാൽ, സമയം കൊല്ലാൻ കുട്ടികൾ പല കളികളിലും ഏർപ്പെടുന്നു. അങ്ങനെ ഒരു ദിവസം ഒളിച്ചുകളിക്കുന്ന സമയത്ത് വീട്ടിലെ പഴയ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഒരു അലമാരയ്ക്കുള്ളിൽ കയറി ഒളിച്ച ലൂസി ആകസ്മികമായി പിന്നിലുള്ള വാതിൽ തുറന്നു ചെന്നെത്തിയത് ഒരദ്ഭുത ലോകത്ത്.
മഞ്ഞു മൂടിക്കിടക്കുന്ന ഒരു വനപ്രദേശം. അവൾ നടന്ന് അതിന്റെ നടുവിൽ കണ്ട ഒരു വിളക്കുമാടത്തിന്റെ അടുത്തുവച്ച് ഒരു വിചിത്രജീവി(മനുഷ്യനും മൃഗവും ചേർന്ന)യെ കണ്ടുമുട്ടുന്നു.
അയാൾ അവളോടു ബഹുമാനം കാണിച്ച് സ്വയം റ്റംനസ് എന്ന പേരിൽ പരിചയപ്പെടുത്തുന്നു. അയാളുടെ വീട്ടിൽ കൊണ്ടുപോയി.
നിത്യ ശിശിരം
ആ നാട്ടിൽ ആദ്യമായെത്തുന്ന മനുഷ്യജീവി എന്ന നിലയിൽ അവളോടു നാർനിയ എന്ന ദേശത്തെപ്പറ്റി പറഞ്ഞുകൊടുക്കുന്നു. നാർനിയയുടെ സ്രഷ്ടാവ് അസ്ലൻ എന്ന രാജാവാണ്. (പിന്നീട് സിംഹരൂപത്തിൽ അസ്ലൻ പ്രത്യക്ഷമാകുന്നുണ്ട്). എന്നാൽ, നൂറു വർഷത്തിനപ്പുറം "വൈറ്റ് വിച്ച്' എന്നറിയപ്പെടുന്ന ദുർമന്ത്രവാദിനിയായ ജാഡിസ് ദേശം കീഴടക്കി അസ്ലന്റെ അനുയായികളെ ബന്ധിച്ചു. അതോടെ നാർനിയയിൽ നിത്യശിശിരമാണ്.
വിശേഷങ്ങൾ പറഞ്ഞ ശേഷം ലൂസിക്കു കഴിക്കാൻ മധുരപലഹാരവും നല്കി റ്റംനസ് തിരികെ വിടുന്നു. അവൾ തിരികെ ചെന്ന് അലമാരയ്ക്കുള്ളിലൂടെ വീട്ടിൽ പ്രവേശിക്കുന്പോൾ സഹോദരങ്ങൾ അവളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു, തുടങ്ങിവച്ച കളി കഴിഞ്ഞിട്ടില്ല. ലൂസി പറഞ്ഞ വിചിത്ര കഥ അവർക്കു വിശ്വസിക്കാനായില്ല.
വീണ്ടും അലമാരയിൽ
അന്നു രാത്രി തന്റെ അനുഭവം സത്യമോ എന്നുറപ്പിക്കാൻ ലൂസി വീണ്ടും അലമാരയ്ക്കുള്ളിൽ പ്രവേശിച്ചു നാർനിയയിൽ എത്തി. എന്നാൽ, അവളറിയാതെ വികൃതിയായ എഡ്മണ്ട് പിറകേ എത്തിയിരുന്നു. നാർനിയയിൽ റ്റംനസിനെ തേടി വീട്ടിൽ ചെന്ന ലൂസി കണ്ടത് റ്റംനസിന്റെ വീട് തകർത്തിട്ടിരിക്കുന്നതാണ്. പിന്നീടവൾ അവിടത്തെ നദീതീരത്തെ കുറേ ബീവറുകളെ കണ്ടുമുട്ടി അവരിൽനിന്നു കാര്യങ്ങൾ മനസിലാക്കി.
മനുഷ്യരെ നാർനിയയിൽ പ്രവേശിപ്പിച്ചു എന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി റ്റംനസിനെ ജാഡിസിന്റെ കിങ്കരന്മാർ തടവിലാക്കി. അവന്റെ വീടു തകർത്തു. മറ്റു ചില കാര്യങ്ങൾകൂടി ലൂസി അവരിൽനിന്നറിയുന്നു. നാർനിയയുടെ സ്രഷ്ടാവും രക്ഷകനുമായ അസ്ലൻ എന്ന സിംഹം ഒരു ബലിപീഠത്തിനരികെയാണ് വാസം. നാർനിയയെപ്പറ്റിയുള്ള പ്രവചനപ്രകാരം ആദാമിന്റെ രണ്ടാണ്മക്കളും ഹവ്വയുടെ രണ്ടു പെണ്മക്കളും നാർനിയയിലെത്തുന്പോൾ അവിടത്തെ നിത്യശൈത്യം അവസാനിക്കും.
അസ്ലാൻ അവർക്കു സഹായിയാകും. ഇങ്ങനെ സംഭ്രമജനകമായി വികസിക്കുന്ന കഥയിൽ ഒടുവിൽ പ്രവചനപൂർത്തീകരണം നടക്കുന്നതിന്റെ രസകരമായ കാഴ്ചകളാണുള്ളത്. നാർനിയ പുതിയ രാജഭരണത്തിലേക്കും വസന്തത്തിലേക്കും മാറുന്നു.
പണം വാരിയ ചിത്രം
വലിയ സാന്പത്തിക വിജയവും ഒപ്പം നിരൂപകപ്രശംസയും നേടിയ ഈ ചിത്രം ഓസ്കറടക്കം അനേകം പുരസ്കാരങ്ങൾക്കർഹമായി. കുടുംബചിത്രം എന്ന നിലയിലും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കലാസൃഷ്ടി എന്ന നിലയിലും അംഗീകരിക്കപ്പെട്ടു.
ഡിസ്നി സ്റ്റുഡിയോയുടെ ചരിത്രത്തിൽ ഏറ്റവും സാന്പത്തിക വിജയം നേടിയ അഞ്ചു ചിത്രങ്ങളിൽ ഇതും ഉൾപ്പെടുന്നു. ഇതിന്റെ വിജയത്തിന്റെ പിന്നാലെ ’നാർനിയ’ പരന്പരയിലെ രണ്ടു കഥകൾകൂടി ചലച്ചിത്രമാക്കപ്പെട്ടു.
ജിജി ജോസഫ് കൂട്ടുമ്മേൽ