ഗുസ്തിയും പാട്ടും തമ്മില്‍...
Sunday, November 19, 2023 5:36 AM IST
കോലാപ്പുരില്‍ ഗുസ്തിക്കാരനായിരുന്ന യുവാവ്. ബോംബെയിലേക്കു വന്ന് അയാള്‍ സംഗീത അധ്യാപകനും പാട്ടുകാരനുമായി. അയാളുടെ ശബ്ദം പതിനായിരക്കണക്കിനു സംഗീതപ്രേമികള്‍ക്കു പ്രിയങ്കരമായി. ഒട്ടേറെ ഹിറ്റുകള്‍ പിറന്നു. പത്മശ്രീയും ദേശീയ ചലച്ചിത്ര പുരസ്കാരവും അടക്കമുള്ള ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി., ഇത്തവണത്തെ ലതാ മങ്കേഷ്കര്‍ പുരസ്കാരവും...
പേരു പറഞ്ഞാല്‍ പല ഉത്തരേന്ത്യന്‍ ഗായകരെയും മലയാളികള്‍ അറിയണമെന്നില്ല. എന്നാല്‍, അവരുടെ പാട്ടുകേട്ട് ഇതു നല്ലതാണല്ലോ എന്നു സന്തോഷിച്ചവര്‍ ഒരുപാടുകാണും. അത്തരമൊരു ഗായകനാണ് സുരേഷ് വാഡ്കര്. ജീവിതത്തിലും ശബ്ദത്തിലും കൗതുകം നിറച്ചയാള്‍. കോലാപ്പുരില്‍ ജനിച്ച അദ്ദേഹം ഗുസ്തിക്കാരനായിരുന്നു എന്നതാണ് ജീവിതത്തിലെ കൗതുകം.
ബോംബെയില്‍ എത്തി പാട്ടുപഠിപ്പിക്കലും പാടലുമായി മുന്നോട്ടുപോയ അദ്ദേഹത്തിനു രവീന്ദ്ര ജെയിന് സിനിമയില്‍ ആദ്യ അവസരം കൊടുത്തു. വാഡ്കറിന്റെ പാട്ടുകേട്ട ലതാ മങ്കേഷ്കര്‍ക്കും തോന്നി, നല്ലതാണല്ലോ!. അങ്ങനെ വിജയിയായ ഒരു ഗായകന് ജനിച്ചു. ഇപ്പോഴിതാ അതേ ലതാ മങ്കേഷ്കറുടെ പേരിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ സംഗീത പുരസ്കാരം അറുപത്തെട്ടുകാരനായ സുരേഷ് വാഡ്കറെ തേടിയെത്തിയിരിക്കുന്നു.
പ്രഭ നിറച്ച് പ്രഭാകര്‍
കോലാപ്പുരില്‍ തുണിമില്ലിലെ തൊഴിലാളിയായിരുന്നു സുരേഷ് വാഡ്കറിന്റെ പിതാവ് ഈശ്വര്‍ വാഡ്കര്. ഗുസ്തിയും ബോഡി ബില്ഡിംഗുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അങ്ങനെ ബാലനായ സുരേഷും പിതാവിനൊപ്പം അഖാഡകളില്‍ ഗുസ്തിപിടിച്ചു നടന്നു.
പതിമൂന്നാം വയസിലാണ് സംഗീതത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത്. അന്നു പ്രയാഗ് സംഗീത് സമിതി നല്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ട്- പ്രഭാകര്‍ എന്ന പേരില്‍. ബിഎഡിനു തുല്യമായ ആ സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ സംഗീത അധ്യാപകനാകാം. അടുത്ത ബന്ധുവിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് പ്രയാഗ് സമിതിയില്‍ എത്തിയത്. പ്രഭാകര്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. വൈകാതെ ബോംബെയില്‍ എത്തി ആര്യ വൈദ്യ മന്ദിറില്‍ സംഗീത അധ്യാപകനായി.
1976ല്‍ സുര്‍-സിങ്കാര്‍ എന്ന സംഗീത മത്സരത്തില്‍ പങ്കെടുത്തതാണ് സുരേഷ് വാഡ്കറിനു വഴിത്തിരിവായത്. പ്രമുഖ സംഗീത സംവിധായകരായ ജയ്ദേവും രവീന്ദ്ര ജെയിനും വിധികര്‍ത്താക്കളായിരുന്ന മത്സരത്തില്‍ സുരേഷ് ഒന്നാമതെത്തി. രവീന്ദ്ര ജെയിന് തൊട്ടടുത്ത വര്‍ഷം തന്റെ പഹേലി എന്ന ചിത്രത്തില്‍ അവസരം നല്‍കുകയും ചെയ്തു. സോനാ കരേ ജില്മില് എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു. തൊട്ടുപിന്നാലെ ജയ്ദേവും ഗമന്‍ എന്ന ചിത്രത്തില്‍ അവസരം നല്കി.
ലത കേള്‍ക്കുന്നു
ലതാ മങ്കേഷ്കര്‍ വഴിയാണ് സുരേഷ് വാഡ്കര് ലക്ഷ്മികാന്ത്-പ്യാരേലാല്‍, ഖയ്യാം, കല്യാണ്ജി- ആനന്ദ്ജി തുടങ്ങിയ സംഗീത സംവിധായകരിലേക്ക് എത്തിയത്. ലക്ഷ്മി-പ്യാരേ ദ്വയം ലതയോടൊപ്പം ആദ്യത്തെ യുഗ്മഗാനം പാടിക്കുകയും ചെയ്തു. അവിടെനിന്നങ്ങോട്ടു നിരവധി പാട്ടുകള്‍ വാഡ്കറെ തേടിയെത്തി. പല ഭാഷകള്‍, സംഗീതധാരകള്‍, പ്രോജക്ടുകള്‍, റിയാലിറ്റി ഷോകള്‍, സംഗീത സ്കൂളുകള്‍.. ഇവയിലൂടെയെല്ലാം പാട്ടിന്റെ ആ പുഴ ഒഴുകുന്നു.
സംഗീതംതന്നെയാണ് എന്റെ ജീവിതം. സംഗീതത്തിനൊപ്പമാണ് ഞാന്‍ ശ്വാസമെടുക്കുന്നതുപോലും. കോവിഡ് ബാധിച്ച് ആശുപത്രിയിലായ സമയത്തും മൂന്നു മണിക്കൂര്‍ വരെ സാധകം ചെയ്തിരുന്നു. അതുമൂലമാണ് ശ്വാസകോശത്തിനു കാര്യമായ കേടുപാടുകള്‍ ഉണ്ടാകാതിരുന്നതെന്നു ഞാന്‍ കരുതുന്നു- അടുത്തയിടെ സുരേഷ് വാഡ്കര് പറഞ്ഞു.
പുതുമയുടെ പത്മശ്രീ
സംഗീതരംഗത്തു പിന്നാലെ വന്ന പലര്‍ക്കും രാജ്യം നേരത്തേ ബഹുമതികള്‍ നല്കി ആദരിച്ചിരുന്നു. പലപ്പോഴും വിഷമമുണ്ടായെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. കൃത്യസമയത്ത് ഇത്തരം ബഹുമതികള്‍ ലഭിക്കുന്നത് വളരെയധികം മൂല്യവത്താണ്. കരിയറിനും ഗുണംചെയ്യും- സുരേഷ് വാഡ്കര് പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് പത്മശ്രീ സ്വീകരിക്കുന്നതിനു പുതിയ ലുക്കിലാണ് വാഡ്കര് എത്തിയത്.
ഈ പ്രായത്തിലും പുതിയ രൂപം സ്വീകരിക്കണമെന്ന ആഗ്രഹം ഉണ്ടായിട്ടുണ്ട്. കുറച്ചു നാളായി ഞാനത് ശീലമാക്കിയിരിക്കുന്നു. പുതിയ ലുക്കില്‍ ഞാന്‍ മുടി സെറ്റ് ചെയ്തു. ഇല്ലെങ്കില്‍ സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍ ഞങ്ങളും ഉള്‍പ്പെടും. സ്റ്റേജ് പെര്‍ഫോമന്‍സ് സമയത്ത് അവതരണത്തില്‍ ഊാര്ജം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പലരും എന്റെ രൂപം ഇഷ്ടപ്പെട്ടു.
മറ്റുചിലര്‍ ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഇതെല്ലാം ഇപ്പോള്‍ ചെയ്യുന്നതെന്ന്. ഞാന്‍ പറഞ്ഞു- എനിക്ക് എന്തുകൊണ്ട് ചെയ്തുകൂടാ?!സാക്ഷാല്‍ രാജ്കപൂര്‍ ഒരിക്കല്‍ സുരേഷ് വാഡ്കറോടു പറഞ്ഞു: മകനേ, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ സിനിമയിലെ ഗായിക ലതാ മങ്കേഷ്കറും ഗായകന് നീയും ആയിരിക്കും! ലതാ മങ്കേഷ്കര്‍ അവാര്‍ഡ് ആ വാക്കുകളെ ശരിവയ്ക്കുന്നു.
ഹരിപ്രസാദ്