റാഷൊമോണ്‍: തത്വചിന്തകന്റെ കാമറ കഥ പറയുന്പോൾ
Sunday, November 19, 2023 5:58 AM IST
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവയുടെ റാഷോമോണ്‍ (1951).
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവയുടെ റാഷോമോണ്‍ (1951). ഇതിന്റെ പ്രമേയത്തെ ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യർ എങ്ങനെയാണ് സ്വജീവിതാനുഭവങ്ങളെ ആഖ്യാനം ചെയ്യുന്നത്? നമ്മുടെ കഥകളിൽ എത്രത്തോളം സത്യസന്ധത സാധ്യമാണ്? അവ മിക്കവാറും സ്വയം ന്യായീകരണങ്ങളും സത്യാസത്യങ്ങൾ കൂട്ടിക്കലർത്തിയുമല്ലേ ആവിഷ്കരിക്കപ്പെടുക? പൂർണമായ സത്യം സാധ്യമാണോ? കുറൊസാവ പറയുന്നു: "മനുഷ്യർക്ക് ഒരിക്കലും താന്താങ്ങളെപ്പറ്റിയുള്ള സത്യം പറയാൻ കഴിയില്ല. അവർ തങ്ങളെപ്പറ്റി പറയുന്പോഴെല്ലാം അലങ്കാരപ്രയോഗങ്ങളാണ് ഉപയോഗിക്കുക.'
മൂന്നു ഫ്ലാഷ്ബാക്കുകൾ
റിയനോസുക്ക അകുതാവ എന്ന സാഹിത്യകാരന്റെ രണ്ടു ചെറുകഥകൾ അനുരൂപപ്പെടുത്തിയാണ് "റാഷൊമോണ്‍' കഥ രചിച്ചിരിക്കുന്നത്. യുദ്ധാനന്തര ജപ്പാന്റെ പ്രതീകമെന്ന പോലെ പുരാതന ജപ്പാന്റെ രാജധാനിയായ ക്വോട്ടോ നഗരത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന റാഷൊമോണ്‍ കവാടം കഥയുടെ പശ്ചാത്തലമാകുന്നു. തോരാത്ത മഴയുടെ നനഞ്ഞിരുണ്ട അന്തരീക്ഷത്തിൽ കവാടത്തിനുള്ളിൽ മൂന്നു പേർ കണ്ടുമുട്ടുന്നു: ഒരു പുരോഹിതൻ, ഒരു മരം വെട്ടുകാരൻ, അവരുടെയിടയിലേക്കു കടന്നുചെല്ലുന്ന ഒരു വഴിപോക്കൻ. ഈ വഴിപോക്കനോട് ഒരു കഥ അവർ പങ്കുവയ്ക്കുകയാണ്.
മൂന്നു ദിവസം മുന്‍പ് മരംവെട്ടുകാരൻ കാട്ടിൽ ഒരു സമുറായ് പ്രഭുവിന്റെ മൃതശരീരം കണ്ടിരുന്നു. അയാൾ അധികാരികളെ അറിയിച്ചതിനെത്തുടർന്ന്, കൊല്ലപ്പെട്ട സമുറായിയുടെ ഭാര്യ, കൊല ചെയ്തതായി സംശയിക്കപ്പെടുന്ന ഒരു കൊള്ളക്കാരനായ തായോമാരു എന്നിവർ കോടതി മുന്‍പാകെ മൊഴി നൽകുകയാണ്. മൂന്നു പ്രധാന ഫ്ലാഷ്ബാക്കുകളിലൂടെ സംഭവം പുനരാവിഷ്കരിക്കപ്പെടുകയാണ്. രണ്ടു കാര്യങ്ങൾ ഉറപ്പാക്കാം. ഒരു ബലാത്സംഗമോ ഉഭയകക്ഷി സമ്മതപ്രകാരമുള്ള വ്യഭിചാരമോ ഒപ്പം ഒരു മരണം- കൊലപാതകമോ ദ്വന്ദ്വയുദ്ധത്തിൽ സംഭവിച്ച മരണമോ അല്ലെങ്കിൽ ആത്മഹത്യയോ? ആരു പറയുന്നുവെന്നതനുസരിച്ചു സത്യം മാറാം!
തായോമാരുവിന്റെ മൊഴിപ്രകാരം വനത്തിൽവച്ചു കണ്ടുമുട്ടിയ സമുറായ്യെയും ഭാര്യയെയും തന്ത്രത്തിൽ വഴിതെറ്റിച്ചു തനിക്കു സൗകര്യമുള്ള സ്ഥലത്തെത്തിച്ചു. സമുറായ്യുടെ വാൾ സ്വന്തമാക്കാനായിരുന്നു അത്. പ്രഭുവിനെ ബന്ധിച്ചശേഷം അയാളുടെ ഭാര്യയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. അവൾ തന്റെ കഠാരകൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തനിക്ക് അവളെ കീഴടക്കാൻ കഴിഞ്ഞു. എല്ലാം കഴിഞ്ഞു തന്നോടു വിധേയത്വം കാട്ടിയ സ്ത്രീ ഒരേ സമയം രണ്ടു പുരുഷന്മാർ തനിക്കു പറ്റില്ല, അതിനാൽ അവർ തമ്മിൽ ദ്വന്ദ്വയുദ്ധം നടത്തി തീരുമാനിക്കാൻ പ്രേരിപ്പിച്ചു. ആ ദ്വന്ദ്വയുദ്ധത്തിലാണ് താൻ പ്രഭുവിനെ വധിച്ചതെന്നതിനാൽ അതു കൊലപാതകമല്ല.
മായാതെ ദൂരൂഹതകൾ
രണ്ടാം ഫ്ലാഷ്ബാക്കിൽ സ്ത്രീയുടെ മൊഴിപ്രകാരം താൻ തായോമാരുവിനു സ്വയം കീഴടങ്ങിയതല്ല അയാൾ ബലാത്കാരം ചെയ്തതാണ്. സംഭവശേഷം ബന്ധിതനായ തന്റെ ഭർത്താവിനോടു താൻ മാപ്പിരന്നു. എന്നാൽ, അയാൾ പ്രകടിപ്പിച്ച കോപംമൂലം താൻ ബോധരഹിതയായി. ബോധം വരുന്പോൾ അദ്ദേഹം സ്വന്തം കഠാരകൊണ്ട് സ്വയം കുത്തി മരിച്ച അവസ്ഥയിലായിരുന്നു. താനോ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും സാധിച്ചതുമില്ല.
മൂന്നാം കഥനത്തിൽ കൊല്ലപ്പെട്ടയാളുടെ ആത്മാവിനെ ആവാഹിച്ചു കൊണ്ടുവന്ന് സംഭവം പുനരവതരിപ്പിക്കുകയാണ്. ഇവിടെ അയാൾ ഭാര്യയെ പ്രതിക്കൂട്ടിലാക്കുന്നു. ഭാര്യ ബലാത്കാരത്തിനിരയായി എന്നിട്ടും അവൾ തായോമാരുവിനൊപ്പം പോകാൻ തയാറായി. ഞെട്ടിപ്പോയ കൊള്ളക്കാരൻ അവളെ എന്തുചെയ്യണമെന്നു തീരുമാനിക്കാൻ തന്നോടാവശ്യപ്പെട്ടു. കൊല്ലപ്പെടുമെന്നു ഭയപ്പെട്ട് അവൾ ഓടിപ്പോയി. താനാകട്ടെ തായോമാരുവിന് മാപ്പു കൊടുത്തശേഷം സ്വയം കുത്തി മരിച്ചു. കഠാര ആരോ മോഷ്ടിച്ചു.
കരുണയുടെ വെളിച്ചം
ഒടുവിൽ വീണ്ടും റാഷോമോണ്‍ കവാടത്തിനു താഴെ മരംവെട്ടുകാരൻ തന്റെ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നു. ഇയാളുടെ കഥയിൽ സകലതിനും കാരണക്കാരി സമുറായ്യുടെ ഭാര്യയാണ്. അവരുണ്ടാക്കിയ പ്രകോപനമാണ് ഭർത്താവും തായോമാരുവും തമ്മിൽ നടന്ന യുദ്ധത്തിനു നിമിത്തം. സമുറായ് കാട്ടിയ ഒരു ഔദാര്യം മുതലെടുത്ത് തായോമാരു അയാളെ വധിച്ചതാണ്. ഇക്കഥ കേട്ടുകൊണ്ടിരുന്ന പുരോഹിതൻ മനുഷ്യരെപ്പറ്റിയുള്ള പ്രത്യാശ കെട്ട അവസ്ഥയിലാണ്. സമുറായ്യുടെ കഠാര മോഷ്ടിച്ചത് മരംവെട്ടുകാരനാണെന്നു മറ്റുള്ളവർ മനസിലാക്കുന്നു. ഇതിനിടയിൽ അടുത്ത മുറിയിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു ശിശുവിന്റെ കരച്ചിൽകേട്ട് അവർ അങ്ങോട്ടു ശ്രദ്ധിക്കുന്നു.
വഴിപോക്കൻ കുഞ്ഞിന്റെ വസ്ത്രവും ആഭരണവും എടുക്കുന്നതോടെ മരംവെട്ടുകാരനും അയാളും തമ്മിൽ ശണ്ഠയായി. "എനിക്ക് മനുഷ്യവർഗത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു' എന്ന് പുരോഹിതൻ. എന്നാൽ, ആ ശിശുവിനെ മരംവെട്ടുകാരൻ വളർത്താനായി ഏറ്റെടുക്കുകയാണ്. അയാൾക്ക് ഏഴു മക്കളുണ്ട്.
കുറ്റാന്വേഷണം എങ്ങും എത്തുന്നില്ല. മനുഷ്യനിലെ നന്മയും തിന്മയും കണ്ട പുരോഹിതന് മരംവെട്ടുകാരൻ മഴതോർന്നു സൂര്യപ്രകാശത്തിലേക്കു കുഞ്ഞിനെയും എടുത്തുകൊണ്ടു പോകുന്പോൾ പുതിയ ഒരു കാഴ്ചപ്പാടാണുള്ളത്. തിന്മയും അസത്യവും നിറഞ്ഞ ലോകത്തിൽ ജീവന്റെ സമൃദ്ധി നല്കുന്ന കരുണ എന്ന ഭാവം അയാളിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നു.
ജിജി ജോസഫ് കൂട്ടുമ്മേൽ