ഊരും പേരും : പാതാളം
Sunday, November 26, 2023 1:10 AM IST
ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയെന്നുമുള്ള കഥകളും പ്രചാരത്തിലുണ്ട്. ദേശീയപാതയിൽ കളമശേരിയിൽനിന്നു മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ പാതാളത്ത് എത്താം.
മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയത് പാതാളത്തിലേക്കാണെന്ന് ഐതിഹ്യം. പാതാളം എവിടെയാണെന്നതിൽ ആർക്കും അത്ര കൃത്യതയില്ല.. അതേസമയം, ഭൂമിക്കടിയിലാണ് പാതാളമെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും വിശ്വാസം. ഇനി ജീവിച്ചിരിക്കുന്പോൾ പാതാളം കാണണമെന്നു മോഹമുള്ളവർക്കു കൊച്ചിയിലേക്കു വണ്ടികയറാം.
ഇവിടെ എറണാകുളം ജില്ലയിൽ ഓണ ഐതിഹ്യവുമായി ഇഴചേർന്നു കിടക്കുന്നൊരു പാതാളമുണ്ട്. കൊച്ചിയിലെ വ്യാവസായിക കേന്ദ്രമായ ഏലൂർ നഗരസഭയിലാണ് പെരിയാർ തീരത്തെ പാതാളം എന്ന സ്ഥലം. വാമനരൂപത്തിലെത്തിയ മഹാവിഷ്ണു മഹാബലിയെ ചവിട്ടിത്താഴ്ത്തിയ ഇടമെന്ന നിലയിലാണ് പാതാളത്തിന് ആ പേരുവന്നതെന്നാണ് വായ്മൊഴി കഥകൾ.
പാതാളത്തിൽനിന്നു ഗുഹകൾ വഴി മഹാബലി ചക്രവർത്തി തൃക്കാക്കര ക്ഷേത്രത്തിലെത്തിയെന്നും ഐതിഹ്യമുണ്ട്. ആളുകൾ ഉപയോഗിച്ചിരുന്ന ഗുഹകൾ പാതാളം, ഏലൂർ മേഖലകളിൽ ഉണ്ടായിരുന്നുവെന്ന ചരിത്രകാരന്മാരുടെ കണ്ടെത്തലുകളും മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഈ നാടിന്റെ കഥകൾക്കു ബലം പകരുന്നു. ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയെന്നുമുള്ള കഥകളും പ്രചാരത്തിലുണ്ട്.
ദേശീയപാതയിൽ കളമശേരിയിൽനിന്നു മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ പാതാളത്ത് എത്താം. നേരത്തേ ഒറ്റപ്പെട്ട പ്രദേശമായിരുന്നെങ്കിൽ, ഇവിടേക്കു വിവിധ പാലങ്ങൾ നിർമിക്കപ്പെട്ടതോടെ പാതാളം മേഖലയും വികസിച്ചു. കളമശേരിയിൽനിന്നു വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള പുതിയ പാതയിലൂടെയും പാതാളത്തേക്ക് എളുപ്പത്തിലെത്താം. മധ്യകേരളത്തിലെ പ്രമുഖ ഇഎസ്ഐ ആശുപത്രി പാതാളത്താണ്.
സിജോ പൈനാടത്ത്