ജിക്കി മാജിക്! കൃഷ്ണവേണി എന്ന ഗായികയെ അറിയുമോ?
Sunday, November 26, 2023 1:33 AM IST
കദളിവാഴക്കൈയിലിരുന്ന് എന്ന പാട്ടു പാടിയത് കൃഷ്ണവേണിയാണ്. പിള്ളവലു ഗജപതി കൃഷ്ണവേണിയെ മറ്റൊരു പേരുപറഞ്ഞാല്‍ മാത്രമേ മുന്‍ തലമുറപോലും അറിയൂ- ജിക്കി! ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഈ മാസം 88 വയസ്...
ബാലനടിയായി സിനിമയിലെത്തി ഗായികയായി പേരെടുത്തവര്‍ അധികംപേരുണ്ടാവില്ല. അത്തരമൊരാളെ പേരുപറഞ്ഞാല്‍, പാട്ടുപറഞ്ഞാല് നിങ്ങളറിയും- ജിക്കി. ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കൈയ്യിലിരുന്ന് എന്ന പാട്ട് തലമുറകള്‍ ഏറ്റുപാടിയതാണ്. പുതിയ രൂപഭാവങ്ങളില്‍ ഇന്നത്തെ യുവാക്കളും പാടുന്നു.
കാലമെത്ര കടന്നുപോയാലും ആ പാട്ടിന്റെ ഒറിജിനല്‍ ശബ്ദം മറക്കുമോ! ഇല്ല, അത് ജിക്കിയുടെ സ്വരമാണ്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, സിംഹളീസ്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളില്‍ പതിനായിരത്തോളം പാട്ടുകള്‍ പാടിയ ജിക്കി!
സ്ക്രീനില്‍നിന്നു പിന്നണിയിലേക്ക്
ആന്ധ്രയിലെ തിരുപ്പതിക്കടുത്ത ചന്ദ്രഗിരിയില്നിന്ന് അന്നത്തെ മദ്രാസിലേക്കു കുടിയേറിയവരാണ് ഗജപതി നായിഡുവും പത്നി രാജകാന്തമ്മയും. 1935 നവംബര്‍ മൂന്നിനാണ് മദ്രാസില്‍വച്ചു മകള്‍ കൃഷ്ണവേണി ജനിച്ചത്. ബന്ധുവായ ദേവരാജ നായിഡു സംഗീത സംവിധായകനും ചലച്ചിത്രമേഖലയുമായി അടുപ്പമുള്ളയാളുമായിരുന്നു. ആ വഴിയിലൂടെയാണ് കൃഷ്ണവേണി പാട്ടിന്റെയും സിനിമയുടെയും ലോകത്തെത്തിയത്.
1943ല്‍ പന്തുലമ്മ എന്ന തെലുഗു ചിത്രത്തില്‍ ബാലതാരമായി സ്ക്രീനിലെത്തി. 46ല്‍ ഹോളിവുഡ് ചിത്രമായ എക്സ്ക്യൂസ് മീയുടെ റീമേക്കായ മംഗളസൂത്രം എന്ന സിനിമയിലും അഭിനയിച്ചു. അന്നുതന്നെ ജിക്കിയുടെ ശബ്ദവും പാടാനുള്ള കഴിവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാസ്ത്രീയമായി സംഗീതം പഠിക്കാന്‍ അവസരം കിട്ടാഞ്ഞിട്ടുപോലും അവള് പാട്ടുകാരിയായി വളര്‍ന്നു.
1948ല്‍ ജ്ഞാനസുന്ദരി എന്ന തമിഴ് സിനിമയിലാണ് പാടാന്‍ ആദ്യമായി അവസരം കിട്ടിയത്. വിഖ്യാതനായ എസ്.വി. വെങ്കട്ടരാമന് ആയിരുന്നു സംഗീത സംവിധായകന്. ജിക്കിയുടെ പാട്ട് സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് വിവിധ ഭാഷകളില്‍ സ്ഥിരം പിന്നണിഗായികയായി അവര്‍ മാറി.
1950കളുടെ തുടക്കകാലത്തു പി. ലീലയ്ക്കൊപ്പം ജിക്കി പിന്നണിഗാനലോകത്തു മിന്നിത്തിളങ്ങി. പിന്നീട് പി. സുശീലയുടെ താരോദയമുണ്ടായിട്ടും ജിക്കി സ്വന്തം സ്ഥാനത്തു തുടര്‍ന്നു. ഇരുവരും ഒരുമിച്ച് ഒട്ടേറെ പാട്ടുകള്‍ പാടി.
ടി.എം. സൗന്ദര്രാജന്, ശീര്‍കാഴി ഗോവിന്ദരാജന്‍, ഘണ്ടശാല, പി.ബി. ശ്രീനിവാസ് തുടങ്ങി എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ എന്നിവര്‍ വരെയുള്ള ഗായകര്‍ക്കൊപ്പം ജിക്കിയുടെ സ്വരം സംഗീതപ്രേമികള്‍ ഏറ്റുവാങ്ങി.
എ.എം. രാജയും ജിക്കിയും
ആലപിച്ചത് എ.എം. രാജയും ജിക്കിയും എന്നു കേട്ടാല്‍ ഒന്നു കാതുകൂര്‍പ്പിക്കും റേഡിയോ ശ്രോതാക്കള്‍. അത്രയും സുന്ദരമായിരുന്നു ആ ജീവിതപങ്കാളിമാരുടെ പാട്ടുകള്‍. ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ ഈണത്തിലും അദ്ദേഹത്തോടൊപ്പവും ജിക്കി ഒട്ടേറെ പാട്ടുകള്‍ പാടി. ആ യുഗ്മഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. രാജ്യത്തിനകത്തും അമേരിക്ക, സിംഗപ്പുര്‍, മലേഷ്യ തുടങ്ങി വിദേശങ്ങളിലും ലൈവ് പരിപാടികളും അവതരിപ്പിച്ചു.
അവരുടെ ജീവിതയുഗ്മഗാനം അവസാനിച്ചത് രാജയുടെ അപകട മരണത്തോടെയായിരുന്നു. 1989 ഏപ്രിലില്‍ കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെ തിരുനെല്‍വേലിയിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ രാജ തീവണ്ടിയില്‍ തിരിച്ചു കയറാനുള്ള ശ്രമത്തിനിടെ ട്രാക്കിലേക്കു വീഴുകയായിരുന്നു. തീവണ്ടിക്കുള്ളില്‍ ആ രംഗം കണ്ടു തരിച്ചിരിക്കാനേ ജിക്കിക്കു കഴിഞ്ഞുള്ളൂ.
ആ പ്രണയഗാനം
ഇരുവരും ഒരുമിച്ചൊരു പ്രണയഗാനമായത് റിക്കാര്‍ഡ് ചെയ്യാനുള്ള പാട്ടിന്റെ വരികള്‍ എഴുതിയ കടലാസിലൂടെയാണെന്നത് കൗതുകം നിറയ്ക്കുന്ന കഥ. ജിക്കിക്കു പാടാനുള്ള പാട്ടിന്റെ വരികള്‍ക്കടിയില്‍ ആരോ ചെറിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിച്ചോദിച്ചിരിക്കുന്നു- ഉന്നെയും ഉന്‍ പാട്ടെയും റൊമ്പ പുടിച്ചിരിക്ക്. ഉന്നെ കല്യാണം പണ്ണിക്കാ ആസപ്പെടറേന്. സമ്മതമാ?
1955ലെ മഹേശ്വരി എന്ന തമിഴ് സിനിമയിലെ പാട്ടുകളുടെ റിഹേഴ്സലിനിടെയായിരുന്നു രാജയുടെ വിവാഹാഭ്യര്‍ഥന. സമ്മതം എന്നു മറുപടി നല്കാന് ജിക്കിക്ക് അധികം സമയം വേണ്ടിവന്നില്ല. രാജയുടെ മരണത്തെത്തുടര്‍ന്ന് ജിക്കി ഏറെക്കാലം പാട്ടുകളുടെ ലോകത്തുനിന്നു മാറിനിന്നിരുന്നു.
കാന്‍സര്‍ ബാധിതയായി ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ജിക്കിയുടെ മരണം. തമിഴ്നാട്, ആന്ധ്ര സര്‍ക്കാരുകള്‍ ചികിത്സാ സഹായം ഉള്‍പ്പെടെ നല്കി അവരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും 2004 ഓഗസ്റ്റ് 16ന് ജിക്കി വിടപറഞ്ഞു. എന്തായിരുന്നു ജിക്കിയുടെ ആലാപനത്തിന്റെ സവിശേഷത? സംശയംവേണ്ട, അത് അക്ഷരസ്ഫുടതയായിരുന്നു.
ഹരിപ്രസാദ്