ദണ്ഡകാരണ്യം
Sunday, January 14, 2024 1:44 AM IST
"ശിക്ഷയുടെ വനം' എന്നാണ് 'ദണ്ഡകാരണ്യം' എന്ന സംസ്കൃത വാക്കിന്റെ അര്‍ഥം.
ഭാരതീയ ഇതിഹാസമായ രാമായണത്തില്‍ സീതയും ശ്രീരാമനും വനവാസകാലം ചെലവഴിച്ചുവെന്നു കരുതപ്പെടുന്ന വനപ്രദേശമാണ് ദണ്ഡകാരണ്യം. ഇന്ന് ഛത്തീസ്ഗഢ്, തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി കിടക്കുന്ന ദണ്ഡകാരണ്യം നൂറ്റാണ്ടുകളായി ദുരൂഹതയുടെ മൂടുപടം അണിഞ്ഞു നില്‍ക്കുകയാണ്.
ചരിത്രകാരന്മാര്ക്കും നരവംശ ശാസ്ത്രജ്ഞര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കുമെല്ലാം പ്രിയപ്പെട്ട പ്രദേശമാണിത്."ശിക്ഷയുടെ വനം' എന്നാണ് 'ദണ്ഡകാരണ്യം' എന്ന സംസ്കൃത വാക്കിന്റെ അര്‍ഥം. നിരവധി കഥകളാണ് ഈ വനപ്രദേശവുമായി ബന്ധപ്പെട്ടു പ്രചാരത്തിലുള്ളത്.
മാണ്ഡവ്യ എന്നൊരു ദിവ്യന്റെ ശാപം ഏറ്റുവാങ്ങിയതിനെത്തുടര്‍ന്നാണ് ഈ പ്രദേശം ഘോരവനമായി മാറിയതെന്നാണ് അതിലൊരു കഥ. ചെയ്യാത്ത തെറ്റിനു ശിക്ഷിക്കപ്പെട്ട മാണ്ഡവ്യ ആ മനോവേദനയില്‍ ഈ പ്രദേശം ഭീകരരൂപികളും ദുരാത്മാക്കളും നിറഞ്ഞ പ്രദേശമായി തീരട്ടെ എന്നു ശപിക്കുകയായിരുന്നത്രേ. അതോടെ പ്രദേശത്തു മനുഷ്യവാസം അസാധ്യമായി തീരുകയായിരുന്നുവെന്നാണ് ഐതീഹ്യം. രാമായണത്തിലും മറ്റു ചില ഹൈന്ദവ ഗ്രന്ഥങ്ങളും പരാമര്‍ശിക്കുന്ന ഒരു സ്ഥലമാണിത്.
ഘോരവനം
ചരിത്രപരമായും ചില പ്രത്യേകതകളുള്ള പ്രദേശമാണിത്. ഇവിടെനിന്നു കണ്ടെത്തിയ കല്ലുകൊണ്ടുള്ള ആയുധങ്ങള്‍, മണ്‍പാത്രങ്ങള്‍, മറ്റു ചില കരകൗശല വസ്തുക്കള്‍ എന്നിവ നവീന ശിലായുഗത്തിലെ നിര്മിതികളാണെന്നാണ് അനുമാനം. എന്നിരുന്നാലും ഘോരവനമായതിനാല്‍ ഈ പ്രദേശത്തിന്റെ വിശദമായ ചരിത്രം ഇന്നും അജ്ഞാതമാണ്. ഘോരവനവും ദുര്‍ഘടമായ പാതകളും പുറംലോകത്തിന് ഇവിടം ഏറെക്കുറെ അപ്രാപ്യമാണ്.
മധ്യകാലഘട്ടത്തില്‍ നിരവധി ആളുകൾ ദണ്ഡകാരണ്യത്തിൽ അഭയം പ്രാപിച്ചിരുന്നു. രാജാക്കന്മാര്ക്കും ചക്രവര്‍ത്തിമാര്‍ക്കും എതിരേ പ്രവര്‍ത്തിച്ചിരുന്ന വിമതന്മാരും തിരുത്തല്വാദികളുമായിരുന്നു അവരിലധികവും. അത്ര പെട്ടെന്ന് ഒരാള്‍ക്കും ഇവിടേക്കു കടന്നു വരാനാകാത്തതിനാല്‍ അവരൊക്കെ ഇവിടെ സുരക്ഷിതരായി കഴിഞ്ഞു.
മാവോയിസ്റ്റ് ഭീഷണി
ബ്രിട്ടീഷ്ഭരണകാലത്ത് ഇവിടെനിന്നു ഭരണത്തിനെതിരേ നിരവധി ഗോത്രവര്‍ഗ മുന്നേറ്റങ്ങളുണ്ടായതിനാല് 'ബ്ലാക്ക് ഹോള്‍ ഓഫ് ഇന്ത്യ' എന്നാണ് പ്രദേശത്തെ അവര്‍ വിശേഷിപ്പിച്ചത്. പ്രദേശത്തെ അധീനതയിലാക്കാൻ ബ്രിട്ടീഷുകാര്‍ കിണഞ്ഞുശ്രമിച്ചു. ഒടുവില്‍ സഹികെട്ട ഗോത്രക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ കലാപത്തിനൊരുങ്ങുകയായിരുന്നു. നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഇവിടം അഭയകേന്ദ്രമായിട്ടുണ്ട്.
സമീപകാലത്തായി ദണ്ഡകാരണ്യം മാവോയിസ്റ്റ് കേന്ദ്രമാണ്. പ്രദേശത്തുള്ള മേധാവിത്വം സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സുരക്ഷാ സേനകളെയും ആക്രമിക്കാന്‍ ഇവർ ഉപയോഗിക്കുന്നു. ഗോത്രവര്‍ക്കാരുടെ അവകാശങ്ങള്‍ക്കായാണ് തങ്ങള്‍ പൊരുതുന്നതെന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റുകള്‍ പ്രദേശവാസികളുടെ നിര്‍ലോഭമായ പിന്തുണയും ഇതിലൂടെ നേടിയെടുക്കുന്നു.
ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയായ ദണ്ഡകാരണ്യം അപൂര്‍വ സസ്യ-ജന്തുജാലങ്ങളാല്‍ സമ്പന്നമാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങള്‍ മുതല്‍ അമൂല്യമായ ഔഷധ സസ്യങ്ങള്‍ വരെ ഇവിടെയുണ്ട്. ഇവിടെയുള്ള ഗോത്രവര്‍ഗക്കാരെ സഹായിക്കാനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും മാവോയിസ്റ്റ് അധീശത്വം പദ്ധതികള്‍ നടപ്പാക്കുന്നതു ദുഷ്കരമാക്കുന്നു.
എക്കോടൂറിസം നടപ്പാക്കുന്നതിലൂടെ പ്രദേശവാസികള്‍ക്കു വരുമാനം നേടാനുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ചരിത്രപരമായും സാസ്കാരികപരമായും പ്രകൃതിപരമായും വളരെയധികം പ്രാധാന്യമുള്ള ഈ പ്രദേശം ഭീഷണികളിൽനിന്നു മുക്തമാകേണ്ടതുണ്ട്.
അജിത് ജി. നായർ