ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
Saturday, June 21, 2025 11:09 PM IST
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺസ് കൊല്ലകടവ് എന്ന ശില്പി കോൺക്രീറ്റിൽ ശില്പവിസ്മയങ്ങളൊരുക്കി മലയാളികളെ അദ്ഭുതപ്പെടുത്തുകയാണ്.
കോൺക്രീറ്റ് എന്നു കേട്ടാൽ പലരും ഉടൻ നോക്കുക ഏതെങ്കിലും കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കാകും. അല്ലെങ്കിൽ ചില കോൺക്രീറ്റ് പോക്കറ്റ് റോഡുകളിലേക്ക്... സാധാരണക്കാർക്ക് കോൺക്രീറ്റിനെക്കുറിച്ച് അതിനപ്പുറമുള്ള സ്വപ്നങ്ങളൊന്നുമില്ല. എന്നാൽ, ഇവിടൊരാൾ കോൺക്രീറ്റിനെക്കുറിച്ചു കാണുന്ന സ്വപ്നങ്ങൾ ആരെയും വിസ്മയിപ്പിക്കും.
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺസ് കൊല്ലകടവ് എന്ന ശില്പി കോൺക്രീറ്റിൽ ശില്പവിസ്മയങ്ങളൊരുക്കി മലയാളികളെ അദ്ഭുതപ്പെടുത്തുകയാണ്.
സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ചെങ്ങന്നൂർ കൊല്ലകടവ് വെട്ടിക്കാട്ടുമലയിൽ ജോൺസ് ശില്പി മാത്രമല്ല മികച്ചൊരു ചിത്രകാരനും ഗായകനുംകൂടിയാണ്. ജോൺസിന്റെ കലാജീവിതത്തിന്റെ തുടക്കവും കൗതുകകരം.
ചില ഘട്ടങ്ങളിൽ ദൈവദൂതരെപ്പോലെ നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവരാകാം നമുക്കു വലിയ വഴിത്തിരിവുകൾ സൃഷ്ടിച്ചു നൽകുന്നത്. ജോൺസിന്റെ ജീവിതത്തിലേക്കും അങ്ങനെയൊരാൾ വന്നു.
പത്താം ക്ലാസിൽ ചെറിയനാട് ദേവസ്വം സ്കൂളിൽ പഠിക്കുന്ന സമയം. ജപ്പാൻ കുടിവെള്ള പദ്ധതിയെപ്പറ്റി ഒരു ചിത്രരചനാമത്സരം നടന്നു. ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുത്ത ജോൺസിന് ഒന്നാം സമ്മാനം. അതോടെ ചിത്രകലയോടുള്ള സ്നേഹം കൂടി. പ്രീഡിഗ്രി പാസായ ശേഷം ചിത്രകല പഠിക്കണമെന്നായിരുന്നു മോഹം.
എന്നാൽ, അതു വീട്ടിൽ പറയാൻ പോലുമുള്ള സാന്പത്തിക അവസ്ഥയിലായിരുന്നില്ല കുടുംബം. നിരാശയിൽ ദിവസങ്ങൾ തള്ളിനീക്കുന്നതിനിടയിലാണ് കൊല്ലകടവ് സെന്റ് ആഗ്നസ് പള്ളിയിൽ ധ്യാനം നയിക്കാൻ വന്ന ഫാ. തോമസ് കളവംകോടം ഒരു ദിവസം ജോൺസിന്റെ വീട് സന്ദർശിച്ചത്. വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അച്ചൻ ജോൺസിനു ചിത്രകല പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും സാന്പത്തിക ബുദ്ധിമുട്ട് മൂലം സാധിക്കാത്ത അവസ്ഥയാണെന്നു മനസിലാക്കി.
ഇതോടെ അച്ചൻ ഇടപെട്ട് കാരാഴ്മയിലെ മോഡേൺ ഫൈൻ ആർട്സിൽ ചിത്രകല അഭ്യസിക്കാനായി കൊണ്ടുചേർത്തു. അഞ്ചു മാസത്തെ ഫീസും അടച്ചുനൽകി. മാവേലിക്കര ഗവ. രവിവർമ ഫൈനാർട്സിലെ സൂപ്രണ്ടായിരുന്ന കൊച്ചുകുട്ടിസാർ നടത്തിയിരുന്നതായിരുന്നു ഈ സ്ഥാപനം. എന്നാൽ, കൊച്ചുകുട്ടിസാറിന്റെ നിര്യാണത്തെത്തുടർന്ന് സ്ഥാപനം പ്രവർത്തനം നിർത്തി.
പിന്നീട് ചുനക്കര കെ.ആർ.രാജന്റെ സ്കൂൾ ഒാഫ് പെയിന്റിംഗിൽ ചേർന്നു പഠിച്ചു. പലവട്ടം ശ്രമിച്ചിട്ട് ഒടുവിൽ 1999ൽ മാവേലിക്കര ഗവ. ഫൈൻ ആർട്സ് കോളജിൽ പ്രവേശനം ലഭിച്ചു. 2004ൽ കോഴ്സ് പൂർത്തിയാക്കി.
ചിത്രകലാതത്പരനായിരുന്ന ജോൺസിന്റെ മനസിൽ 2000ത്തിലാണ് ശില്പം കയറിപ്പറ്റിയത്. അങ്ങനെ ശില്പ നിർമാണം തുടങ്ങിവച്ചു. 2002ൽ കൊല്ലകടവ് കനകകാന്തി ജ്വല്ലറി ഉടമ ത്യാഗരാജൻ കടയുടെ മുന്നിൽ വയ്ക്കാൻ രണ്ട് സാലഭഞ്ജിക ശില്പങ്ങൾ നിർമിക്കാൻ ജോൺസിനോട് ആവശ്യപ്പെട്ടു. അതൊരു തുടക്കമായിരുന്നു.
ജോൺസ് അന്നു നിർമിച്ചു നൽകിയ ശില്പം എല്ലാവർക്കും ഇഷ്ടപ്പെട്ടു. കടയുടെ തന്നെ ഒരു പ്രത്യേകതയായി അതു മാറി. പിന്നെ പല കോണുകളിൽനിന്നും ശില്പങ്ങൾ നിർമിക്കാനുള്ള അന്വേഷണങ്ങൾ ജോൺസിനെ തേടിയെത്തിത്തുടങ്ങി. എങ്കിലും ചർച്ചയാകുന്ന ഒരു ശില്പം നിർമിക്കാനുള്ള അവസരം കിട്ടിയത് 2015ൽ ആയിരുന്നു.
മത്സ്യകന്യകയെ ഇരുത്തി
കായംകുളത്ത് ഇരിക്കുന്ന മത്സ്യകന്യകയുടെ കേരളത്തിലെ ഏറ്റവും വലിയ ശില്പം നിർമാണം തുടങ്ങി. 34 അടി നീളവും 26 അടി പൊക്കവുമുള്ള കൂറ്റൻ കോൺക്രീറ്റ് ശില്പം. ആലപ്പുഴയിലെ ഏറ്റവും വലിയ പൊതു ശില്പം കൂടിയാണിത്. കായംകുളത്തിന് ടൂറിസം ഭൂപടത്തിൽ ഇടമുണ്ടാക്കിക്കൊടുക്കാൻ ഈ ശില്പം സഹായിച്ചു.
മറ്റൊരുശില്പിയും മുൻപ് ചെയ്ത ശൈലിയിൽ ആകരുത് ശില്പമെന്നു സർക്കാർ നിർദേശിച്ചിരുന്നതിനാൽ ആരും ചെയ്തിട്ടില്ലാത്ത ഇരിക്കുന്ന മത്സ്യകന്യക എന്ന ആശയമാണ് ജോൺസ് ആവിഷ്കരിച്ചത്. എട്ടു തൊഴിലാളികളെയും ഒപ്പംകൂട്ടി മൂന്നര വർഷംകൊണ്ടാണ് ഇരിക്കുന്ന മത്സ്യകന്യകയെ സൃഷ്ടിച്ചത്.
പൂർത്തിയായ ശില്പം സർക്കാരിനു വേണ്ടി എംഎൽഎ യു. പ്രതിഭ സ്വീകരിക്കുന്പോൾ ജോൺസ് അഭിമാനത്തോടെ ചിരിച്ചു. കാരണം, ഇതിനകം ഈ ശില്പം ചർച്ചാവിഷയമായി മാറിയിരുന്നു. മത്സ്യകന്യകയുടെ നിര്‍മാണം നടക്കുന്നതിനിടയിലാണ് 2018ൽ ബംഗളൂരുവിൽ വിശുദ്ധ യൂദാശ്ലീഹയുടെ നാമത്തിലുള്ള പുതിയ പള്ളിയിലേക്കു ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം വേണമെന്ന ആവശ്യവുമായി ഇടവക വികാരി ഫാ. ആന്റണി പ്രവീണും കമ്മിറ്റിയംഗങ്ങളും കായംകുളത്ത് എത്തിയത്.
പുനലൂര്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരം നിലവിളിക്കുന്ന ക്രിസ്തുവിന്റെ രൂപമാണ് നിര്‍മിച്ചു നൽകിയത്.
കാഴ്ചയൊരുക്കി, കൗതുകവും
ഹരിപ്പാട് മാധവ ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും അമ്മയും കുഞ്ഞും, മഹാരാഷ്ട്ര താനെ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ മാലാഖമാർ, കര്‍ണാടകയില്‍ ചിത്രദുര്‍ഗ ജില്ലയില്‍ സായി ബാബ ആശ്രമത്തില്‍ നന്ദിശില്പം, വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കണ്ണൂര്‍ റൂറല്‍ ഡെവലമന്റ് സൊസൈറ്റിക്കു വേണ്ടി തേനീച്ചശില്പം, മറ്റം മഹാദേവ ക്ഷേത്രത്തിൽ ശിവശില്പം, ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുവത്താഴം, ചങ്ങനാശേരി കൂത്രപ്പള്ളി പള്ളിയുടെ മുന്നിൽ മാലാഖശില്പം, ചെങ്ങന്നൂരാദി പുരസ്കാര വെങ്കല ശില്പം, പുലിയൂര് സായാഹ്നകാറ്റ് മിനി പാര്‍ക്കിലെ കുടുംബം ശില്പം തുടങ്ങി കേരളത്തിനകത്തും പുറത്തുമായി ജോൺസിന്റെ കരവിരുതിൽ വിരിഞ്ഞത് നിരവധി ശില്പ വിസ്മയങ്ങൾ.
അംഗീകാരങ്ങളുടെ നിറവിൽ
ജോൺസിന്റെ പ്രതിഭയ്ക്കു സംസ്ഥാന സർക്കാരിന്റെ അടക്കമുള്ള അംഗീകാരങ്ങൾ തേടിയെത്തി. എംവി ദേവ് ഫൗണ്ടേഷന്റെ ശില്പ ഗന്ധര്വന് അവാര്‍ഡാണ് ജോണ്‍സിന് ആദ്യമായി ലഭിച്ച അവാര്‍ഡ്. 2015 ല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്, 2018ല്‍ അംബേദ്കര്‍, സ്വാമി ശാശ്വതീകാനന്ദ അവാര്‍ഡുകള്‍, 2020ല്‍ കുവൈറ്റ് കേരള പ്രവാസി മലയാളി അസോസിയേഷന് അവാര്‍ഡ്, 2024ല്‍ ശില്പ കൈരളി അവാര്‍ഡ്, 2025ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമിയുടെ സമം പുരസ്കാരം, സരസ് പുരസ്കാരം തുടങ്ങി പട്ടിക നീളുന്നു.
ചെങ്ങന്നൂര്‍ ഹാച്ചറിയില്‍ മൃഗസംരക്ഷണ വകുപ്പിനായി കോഴികളുടെ ശില്പം ഒരുക്കുന്ന തിരക്കിലാണ് ജോൺസിപ്പോൾ. 2022ല്‍ എന്‍ഡി മിയോണ്‍ തമിഴ് സിനിമയ്ക്ക് കലാസംവിധാനം നിർവഹിച്ചു. മികച്ച ഗായകന്‍കൂടിയായ ജോണ്‍സ് നിരവധി വേദികളില്‍ ഗാനമേളകളും നടത്തുന്നു. പരേതരായ കെ.ജെ. ദാനിയേലിന്റെയും വി.കെ. തങ്കമ്മയുടെയും മകനാണ് ജോണ്‍സ്. ബിജു ദാനിയേലും മെറിന ദാനിയേലും സഹോദരങ്ങളാണ്. പ്രകൃതിയിൽതന്നെയുള്ള രൂപങ്ങൾക്ക് ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആവിഷ്കാരം നൽകിയതിലൂടെയാണ് ജോൺസിന്റെ ശില്പങ്ങൾ കാഴ്ചക്കാരുടെ മനസിൽ ഇടംനേടുന്നത്.
മാത്യു സി. ജോസഫ്