സ്നേഹത്തിന് ഒരേ മൂപ്പ്
ഡോ.എ.ഡി. മണികണ്ഠൻ
Saturday, August 2, 2025 9:26 PM IST
ആഫ്രിക്ക മുതൽ അമേരിക്കവരെയും, ആമസോണ് മുതൽ അട്ടപ്പാടിവരെയുമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഗോത്ര വർഗങ്ങൾക്ക് പ്രകൃതിയോടുള്ളത് തീവ്രമായ സ്നേഹവും ഭയഭക്തി ബഹുമാനവും വിശ്വാസവുമാണ്. അവർക്കിടയിൽ കാണുന്ന പ്രകൃതിസംബന്ധമായ കാഴ്ചപ്പാടുകളിലും വിശ്വാസങ്ങളിലും വ്യക്തമായ സമാനതകളുണ്ട്. വരുന്ന ഒന്പതിന് ലോക ആദിവാസിദിനമാണ്. ലോകം ആദരിച്ച രണ്ട് ആദിവാസി മൂപ്പന്മാരെക്കുറിച്ച്...
നൂറ്റാണ്ടുകൾക്കുമുന്പ് ജീവിച്ചു മറഞ്ഞുപോയ രണ്ടുപേർ. ഇരുവരുടെയും ജീവിതകാലത്തിന് ചുരുങ്ങിയത് ഒരു നൂറ്റാണ്ടിന്റെ അന്തരം. എന്നാൽ രണ്ടുപേരും അസാമാന്യ പ്രതിഭകളും പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യരെയും അങ്ങേയറ്റം സ്നേഹിച്ചവരുമായിരുന്നു. ലോകമൊന്നാകെ ആദരിച്ചവർ. ആദ്യത്തെയാൾ സിയാറ്റിൽ മൂപ്പനാണ്- 1780നും 90നും ഇടയിൽ ജനിച്ചയാൾ. അധിവസിച്ചിരുന്നത് ഇന്നത്തെ വാഷിംഗ്ടണിലെ സിയാറ്റിലിൽ. രണ്ടാമത്തെയാൾ ആനവായി മുദ്ദ മൂപ്പൻ.
നമുക്കടുത്തുള്ള ആനവായി കുറുംബ ഉൗരിൽ 1893നും 98നും ഇടയിൽ ജനനം. പ്രകൃതിസ്നേഹമായിരുന്നു സിയാറ്റിൽ മൂപ്പന്റെയും ആനവായി മൂപ്പന്റെയും പൊതുവായ തത്വശാസ്ത്രം. 1854ൽ സിയാറ്റിൽ മൂപ്പൻ നടത്തിയ ഒരു പ്രസംഗം ഹെൻട്രി സ്മിത്ത് രേഖപ്പെടുത്തി, മൂന്നു ദശാബ്ദങ്ങൾക്കുശേഷം പ്രസിദ്ധീകരിച്ചതോടെയാണ് മൂപ്പനിലേക്കു സവിശേഷശ്രദ്ധ പതിഞ്ഞത്.
1931ൽ ക്ലാറൻസ് ബാഗ്ലി തയാറാക്കിയ മൂപ്പന്റെ ജീവചരിത്ര പഠനത്തിൽ ഈ പ്രസംഗം ഉൾപ്പെടുത്തിയിരുന്നു. അതോടെ മൂപ്പന്റെ പ്രസംഗം ലോകമെന്പാടുമറിഞ്ഞു. എന്നാൽ ആനവായി മുദ്ദ മൂപ്പന്റെ ജീവിതത്തെയും ആശയങ്ങളെയും കുറിച്ച് ഗൗരവമായ പഠനങ്ങൾ നടത്താനും ജീവചരിത്രമെഴുതാനും ആരുമുണ്ടായില്ല. ആകെയുള്ളത് ഹ്രസ്വമായ മൂന്നു ഡോക്യുമെന്ററികളും ഏതാനും പത്രവാർത്തകളും.
സൗമ്യൻ, ധീരൻ സിയാറ്റിൽ മൂപ്പൻ
സുഖ്വാമിഷ് ഗോത്ര വർഗക്കാരനായ ഷ്വായബെയുടെയും ദുവാമിഷ് ഗോത്ര വർഗക്കാരിയായ ഷോലിറ്റ്സയുടെയും മകനായാണ് സിയാറ്റിൽ മൂപ്പൻ ജനിച്ചത്. വിശേഷണങ്ങൾ നിരവധി.
ആറടിപ്പൊക്കത്തിൽ വലിപ്പമുള്ള കടഞ്ഞെടുത്ത ശരീരം, പ്രൗഢി, വിരിഞ്ഞ തോളുകളും കുനിഞ്ഞ നെഞ്ചും, തെളിഞ്ഞ ബുദ്ധിശക്തി, ദയയും എളിമയുമുള്ള സൗമ്യഭാവം, അസാമാന്യ ധൈര്യശാലി. തുകൽകൊണ്ടുള്ള പുതപ്പും തുകലിന്റെതന്നെ ചെരിപ്പും കൈയിൽ വടിയുമായി നടന്ന അമരേന്ത്യക്കാരൻ. ഒരിക്കൽ വെള്ളയും കറുപ്പും നദീപ്രദേശങ്ങളിലെ ഇന്ത്യക്കാർ ഓൾഡ് മാൻ ഹൗസ് ഗോത്രവിഭാഗങ്ങൾക്കെതിരേ ഒരു നീക്കം നടത്തുന്നതായി വിവരംകിട്ടി.
ഉടനെ യോദ്ധാക്കളുടെ ഒരു അടിയന്തര യോഗം ചേർന്നു. സിയാറ്റിലും തന്റെ പദ്ധതി അവതരിപ്പിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടശേഷം ഈ പ്രതിരോധ പദ്ധതിയാണ് അംഗീകരിക്കപ്പെട്ടത്. അതിങ്ങനെയായിരുന്നു: ഒരു വളവുതിരിഞ്ഞാണ് ഇന്ത്യാക്കാരുടെ വള്ളങ്ങൾ വരുന്നത്. സിയാറ്റിലും ഒപ്പമുള്ള യോദ്ധാക്കളും ചേർന്ന് ഈ വളവിൽ നദിക്കു കുറുകേ വലിയൊരു മരം മുറിച്ചിട്ടു.
ഇതിറിയാതെ എത്തിയ വള്ളങ്ങൾ മരത്തിലിടിച്ചു തകർന്ന് മുന്നോട്ടുള്ള യാത്ര മുടങ്ങി. യോദ്ധാക്കൾ ഇന്ത്യാക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ ഇന്ത്യാക്കാർ തങ്ങളുടെ പദ്ധതി ഉപേക്ഷിച്ചു. അങ്ങനെ സിയാറ്റിൽ പെട്ടെന്ന് സ്വന്തം ജനതയുടെ ഹീറോയും തലവനുമായി പ്രഖ്യാപിക്കപ്പെട്ടു. തന്ത്രങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും സിയാറ്റിൽ ആ പ്രദേശത്തെ എല്ലാ പ്രഭുക്കന്മാരെയും മറികടന്ന് എല്ലാവരുടെയും അംഗീകൃത നേതാവായിമാറി.
കാലം അതിവേഗം കടന്നുപോയി. 1854ലെ തണുപ്പുള്ള ദിവസം. വാഷിംഗ്ടണ് പ്രദേശത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ കാര്യത്തിൽ അമരേന്ത്യക്കാരുമായി ഉടന്പടിയുണ്ടാക്കാൻ ഗവർണർ ഐസക് സ്റ്റീവാൻസ് സിയാറ്റിൽ മൂപ്പനെ സമീപിച്ചു. മൂപ്പന്റെ നേതൃത്വത്തിൽ സ്റ്റീവാൻസിനു വന്പിച്ച സ്വീകരണമാണ് ഒരുക്കിയത്. ഈ സ്വീകരണയോഗത്തിൽ മൂപ്പൻ നടത്തിയ പ്രസംഗമാണ് പിന്നീട് ചരിത്രപ്രസിദ്ധമായ സിയാറ്റിൽ മൂപ്പന്റെ പ്രസംഗം എന്നറിയപ്പെട്ടത്.
ഒടുക്കം സ്റ്റീവാൻസും അമേരിക്കൻ സർക്കാരും ചേർന്ന് മൂപ്പനെയും 6,200ലധികംവരുന്ന ജനതയെയും ചതിച്ചുവെന്നാണ് ചരിത്രം. അമേരിക്കൻ സർക്കാരിന്റെ നിർദേശാനുസരണം മൂപ്പനും കൂട്ടർക്കും സ്വന്തം ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു. 1866ൽ തനിക്കും സമുദായത്തിനുമുണ്ടായ ദുർവിധിയിൽ മനംനൊന്തായിരുന്നു മൂപ്പന്റെ മരണം. പ്രഗത്ഭ വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റെ പേരിൽനിന്നാണ് സിയാറ്റിൽ എന്ന സ്ഥലപ്പേരുണ്ടായത്.
ആനവായി മുദ്ദ മൂപ്പൻ- അത്ഭുതങ്ങളുടെ രാജാവ്
മുക്കാലി ജംഗ്ഷനിൽനിന്ന് ചിണ്ടക്കി റോഡിലൂടെ ആറു കിലോമീറ്റർ യാത്രചെയ്താൽ ആനവായി കുറുംബ ഉൗരിലെത്താം. ഇവിടത്തുകാർ ആനയെയാണ് ഇഷ്ടമൃഗമായി ആരാധിക്കുന്നത്.
ഉൗരിലെ കുലദൈവം ഗണപതിയാണ്. പണ്ടുമാത്രമല്ല, ഇന്നും ആനകളുടെ വിഹാരകേന്ദ്രമാണ് ആനവായി, കടുക്മണ്ണ, മുരുഗള ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. ആനയോടു ബന്ധപ്പെടുത്തിയാവണം ആനവായി എന്ന പേരുണ്ടായത്. ആനവായി ഉൗരുമൂപ്പൻ കക്കിയുടെ മകനായാണ് മുദ്ദൻ ജനിച്ചതെന്നാണ് വാമൊഴികളിൽനിന്നു ലഭിക്കുന്ന സൂചന.
സിയാറ്റിൽ മൂപ്പനെപ്പോലെ സൗമ്യനും അരോഗദൃഢഗാത്രനും വലിയ പൊക്കക്കാരനുമായിരുന്നു മുദ്ദൻ. കറുത്ത കോട്ടും കൈയിൽ ഒരു വടിയും പതിവ്. ഓർമയിലും ബുദ്ധിയിലും ആർക്കും തോൽപ്പിക്കാനാവില്ല. നിർഭയനും നല്ല പെരുമാറ്റക്കാരുനുമായിരുന്നത്രേ മുദ്ദ മൂപ്പൻ. 23 വിവാഹങ്ങൾവരെ ചെയ്തിരുന്നുവെന്നും നൂറിലധികം കുട്ടികളുണ്ടെന്നും മൂപ്പൻ അവകാശപ്പെട്ടിരുന്നതായി പറയുന്നു.
എന്നാൽ വിധവകളുടെയും, ഭർത്താവ് ഉപേക്ഷിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം മൂപ്പൻ ഏറ്റെടുക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്. മുരുഗള ഉൗരിനടുത്ത പാലപ്പട, ആനവായി ഉൗരുകളിൽ മൂപ്പൻ മാറിമാറി താമസിക്കുമായിരുന്നു. ആനവായി ഉൗരിൽ ആദ്യമായി പട്ടയംലഭിച്ചത് മൂപ്പനായിരുന്നു.
പാലപ്പട ഉൗരിൽ മൂപ്പന് പട്ടയമുള്ള ഏക്കർ കണക്കിനു ഭൂമിയുണ്ടായിരുന്നത്രേ. അത്ഭുതങ്ങളുടെ രാജാവായിരുന്നു മൂപ്പൻ. പച്ചമരുന്നുകളുടെ സഞ്ചരിക്കുന്ന വിജ്ഞാനകോശവും മൂപ്പന്മാരുടെ മൂപ്പനുമായിരുന്നു അദ്ദേഹം. കുറുംബരുടെ രാജാവും കണ്കണ്ട ദൈവവും അദ്ദേഹമായിരുന്നു.
പാലക്കാടിന്റെ ആദ്യത്തെ കളക്ടർ ടി. മാധവമേനോൻ, അട്ടപ്പാടിയിലെ ആദ്യത്തെ ഗ്രാമസേവകൻ പരിയകുട്ടി, നരവംശ ശാസ്ത്രജ്ഞനായിരുന്ന പി.ആർ.ജി മാത്തൂർ തുടങ്ങിയവരുടെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റിയയാളായിരുന്നു അദ്ദേഹം. ന്യൂഡൽഹിയിൽ പോയി റിപ്പബ്ലിക്ദിന പരേഡ് കാണുകയും രാഷ്ട്രപതിയെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സമ്മാനിച്ച കറുത്ത കോട്ട് പിന്നീടു മൂപ്പന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി.
വംശീയ വൈദ്യം, പരന്പരാഗത ആചാരങ്ങൾ, മന്ത്രവാദം തുടങ്ങിയവയിലെ അവസാനവാക്കുമായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ പരക്കേ അറിയപ്പെടുകയും എല്ലാവരാലും ബഹുമാനിക്കപ്പെടുകയും ചെയ്തു. മുദ്ദ മൂപ്പൻ കേരളത്തിനകത്തും പുറത്തും ഒരുപാടു യാത്രകൾ നടത്തി. വംശീയവൈദ്യം, മന്ത്രവാദം, മായാജാലം എന്നിവ പ്രയോഗിച്ചു.
ഒരിക്കൽ മുക്കാലിയിൽവച്ച് മരംകയറ്റിവന്ന ഒരു ലോറിയുടെ ചക്രം മണ്ണിൽ പൂണ്ടുപോയി. ലോറിക്കാർ പലവിധത്തിൽ ശ്രമിച്ചിട്ടും ലോറി അനക്കാനായില്ല. ആ സമയം അവിടെയെത്തിയ മുദ്ദ മൂപ്പൻ ഒരു മന്ത്രംചൊല്ലി ധ്യാനിച്ച് ഒരു മുളവടി ലോറിയുടെ ചക്രത്തിനടിയിൽ വച്ചു. ഉടനെ ഡ്രൈവർക്ക് ലോറി മുന്നോട്ടെടുക്കാൻ സാധിച്ചത്രേ.
കാൻസർ രോഗ ചികിത്സയിലൂടെ അട്ടപ്പാടിയിലും പുറത്തും പ്രശസ്തയായ വംശീയ വൈദ്യ വള്ളിയമ്മാൾ മുദ്ദ മൂപ്പന്റെ ശിഷ്യയാണ്. മറ്റൊരു വംശീയ ചികിത്സക ഒമ്മല കുഞ്ചൂർ രെങ്കി വൈദ്യ മൂപ്പന്റെ പേരക്കുട്ടിയും ശിഷ്യയുമാണ്.
ആയിരത്തിലധികം പച്ചമരുന്നുകളെക്കുറിച്ച് മൂപ്പന് അറിവുണ്ടായിരുന്നുവത്രേ. അതിൽനിന്നു പത്തെണ്ണംകൊണ്ടു നിർമിച്ച കുഴന്പായിരുന്നു മൂപ്പന്റെ ദീർഘായുസിന്റെ രഹസ്യമെന്നും പറയുന്നു. മന്ത്രശക്തികൊണ്ട് ആനകളെ വിളിച്ചുവരുത്താനും മൂപ്പനു സാധിക്കുമായിരുന്നെന്ന് ഒരു പക്ഷമുണ്ട്.
ആനവായിയിൽനിന്നു മുക്കാലിയിൽ വന്നാൽ കൊള്ളിക്കട എന്ന പേരിലറിയപ്പെടുന്ന പീടികയിൽ അവിടെയുള്ള ആളുകളുമായി ഏറെനേരം സംസാരിച്ചിരിക്കുമായിരുന്നു. 2013-ൽ നൂറ്റിയിരുപതാമത്തെ വയസിൽ കാര്യമായ അസുഖങ്ങളൊന്നുമില്ലാതെയാണ് മൂപ്പൻ മരിച്ചത്.
സിയാറ്റിൽ മൂപ്പനെയും മൂദ്ദ മൂപ്പനെയുംപോലെ മനുഷ്യത്വമുള്ള പ്രകൃതിസ്നേഹികളും ജ്ഞാനികളുമായിരുന്നു ലോകത്തെ ഭൂരിഭാഗം ഗോത്ര സംസ്കാരത്തിന്റെയും യഥാർഥ പിൻഗാമികൾ.
ഇന്നവർ വലിയ വെല്ലുവിളികൾ നേരിടുകയാണ്. അവരുടെ സംസ്കാരവും പാരന്പര്യവും അറിവുകളും ചൂഷണംചെയ്യാനും നശിപ്പിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്ന ഓർമപ്പെടുത്തലും മുന്നറിയിപ്പുമാകട്ടെ ലോക ആദിവാസിദിനം.
(സ്വതന്ത്ര സാമൂഹിക ഗവേഷകനായ ലേഖകൻ 2012 മുതൽ അട്ടപ്പാടിയിൽ ചരിത്രം, ആദിവാസി സംബന്ധമായ വിഷയങ്ങൾ എന്നിവയിൽ ഗവേഷണ പഠനങ്ങൾ നടത്തുന്നു).