മിഗ് 21: വിശ്വസ്തനായ പോരാളി
എ. ജയേഷ്കുമാർ
Saturday, August 16, 2025 9:47 PM IST
സെപ്റ്റംബർ 19ന് മിഗ് 21ന്റെ ഇന്ത്യൻ വായുസേനയിലെ അവസാന സ്ക്വാഡ്രനായ 23 സ്ക്വാഡ്രൻ പാന്തേഴ്സിനു ചണ്ഡിഗഡിൽ യാത്രയയപ്പ് നൽകുന്നതോടെ പതിറ്റാണ്ടുകൾ നീണ്ട യുഗം അവസാനിക്കുന്നു...
1971, ഡിസംബർ മൂന്ന്.
കനത്ത മഞ്ഞുവീഴ്ചയിലും കുറച്ചുദിവസമായി കാഷ്മീരിലെ പാക് അതിർത്തിയിൽ ടാങ്കുകൾ നിരത്തി ജാഗരൂകരാണ് ഇന്ത്യൻ കരസേന. നവംബറിൽ ആരംഭിച്ചതാണ് എന്തിനും തയാറായുള്ള ആ നിൽപ്പ്. ഏതു നിമിഷവും അപ്പുറത്തുനിന്ന് ഒരാക്രമണം പ്രതീക്ഷിക്കുന്നുണ്ട്.
ഒടുവിൽ ഡിസംബർ മൂന്നിന് അതു സംഭവിച്ചു. അന്നാണ് പീരങ്കികൾ അവർക്കു നേരേ വെടി തുപ്പിയത്. മിന്നൽ വേഗത്തിൽ ഇന്ത്യൻ സൈന്യം തയാറായി. ശത്രു മുന്നിലുണ്ട്, അവർ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിൽ കാലുകുത്തിക്കഴിഞ്ഞെന്നു മനസിലാക്കിയ ഇന്ത്യൻ കരസേന ആഞ്ഞടിച്ചു. കാഷ്മീർ വഴിയുള്ള ഈ ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് ഡൽഹിയിലേക്ക് അടിയന്തര രഹസ്യാന്വേഷണ സന്ദേശമെത്തിയത്. വീണ്ടും ആക്രമണമുണ്ടാകാം.
എന്നാൽ അത് കാഷ്മീരിലൂടെയായിരിക്കില്ല. ഇന്ത്യ ടാങ്കുകൾ വിന്യസിക്കാത്ത പഞ്ചാബ്-രാജസ്ഥാൻ അതിർത്തിവഴി ആയിരിക്കും. അതിർത്തിയിൽ ഇന്ത്യക്കു സൈനികപോസ്റ്റ് ഉണ്ടെങ്കിലും ടാങ്ക് ഉപയോഗിച്ച് അവരെ തകർക്കാമെന്നും താത്കാലിക റോഡ് ഉണ്ടാക്കാമെന്നുമായിരുന്നു പാക് കണക്കുകൂട്ടൽ. പാക്കിസ്ഥാന്റെ ഈ ആക്രമണപദ്ധതി തകിടംമറിക്കണം. രാജ്യത്തിനും സേനയ്ക്കും മുന്നിലുള്ളത് ഒരു രാത്രി മാത്രമാണ്. ആ സാഹസികത ആര് ഏറ്റെടുക്കും.
ഞൊടിയിടയിൽ ഇന്ത്യയുടെ മൂന്നു സേനകളെയും ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ തീരുമാനമായി. മുഖ്യ പോരാളിയായി ഇന്ത്യ മുന്നിൽ നിർത്തിയത് വ്യോമസേനയെയായിരുന്നു. കാരണം, പാക് ലക്ഷ്യം ഇന്ത്യൻ വ്യോമതാവളങ്ങളാണ്. ഇന്ത്യൻ വ്യോമസേന എന്തിനും തയാറായി നിൽക്കുകയായിരുന്നു. ശത്രുരാജ്യത്തിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ ആക്രമിക്കുകയും അവരുടെ പോർവിമാനങ്ങളെ തകർക്കുകയും ചെയ്യണം.
അതിനായി അവർ നിയോഗിച്ചത് അസാമാന്യ പ്രഹരശേഷിയുള്ള, എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകൾ വർഷിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ സൂപ്പർസോണിക് ജെറ്റ് യുദ്ധവിമാനത്തെയാണ്- റഷ്യൻ നിർമിത മിഖോയെൻ ഗുരെവിച്ച് 21 അഥവാ മിഗ് 21. ഒറ്റക്കുതിപ്പിൽ 1,210 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ശേഷി, നാലു മീറ്റർ ഉയരവും 14.5 മീറ്റർ നീളവുമുള്ള വിമാനത്തിന്റെ ചിറകിന്റെ വലിപ്പം 7.154 മീറ്റർ. 5,846 കിലോ ഭാരം.
ആയുധങ്ങളും വൈമാനികരും ഉൾപ്പെടെ 8,825 കിലോ ഭാരം വഹിക്കാം. മണിക്കൂറിൽ 2,175 കിലോമീറ്ററാണു പറക്കൽവേഗം. ശത്രുവിമാനങ്ങളെ പ്രതിരോധിച്ച് തുരത്താനും ശത്രുരാജ്യത്ത് നാശം വിതയ്ക്കാനും ഒരുപോലെ സാധിക്കുന്ന മൾട്ടിറോൾ ഫൈറ്റർ-ഇന്റർസെപ്റ്റർ. ഇതൊക്കെയായിരുന്നു ആ തീരുമാനത്തിനു പിന്നിൽ.
പ്രഭാതത്തിലെ ശുഭവാർത്ത
അടുത്ത പ്രഭാതത്തിൽ ഇന്ത്യയെ കാത്തിരുന്നതു ശുഭവാർത്തകളായിരുന്നു. കിഴക്കൻ പാക്കിസ്ഥാനിലെ (ഇപ്പോൾ ബംഗ്ലാദേശ്) തേസ്ഗാവ്, കുർമിറ്റോള വ്യോമതാവളങ്ങൾ മിഗ് 21 ഒറ്റ രാത്രികൊണ്ട് തകർത്തുതരിപ്പണമാക്കി.
പാക്കിസ്ഥാന്റെ ഈ മുഖ്യ വ്യോമതാവളങ്ങളിലെ റണ്‍വേകൾ വെറും ഗർത്തങ്ങളായി മാറി. ഇന്ധന, വെടിക്കോപ്പുകൾ നശിപ്പിക്കപ്പെട്ടു. കിഴക്കൻ മേഖലയിലെ പാക്കിസ്ഥാൻ വ്യോമസേന വെറും 48 മണിക്കൂറിനുള്ളിൽ നിലംപരിശായി. ധാക്കയിൽ പാക്കിസ്ഥാൻ സേനയുടെ കീഴടങ്ങലിലേക്കു നയിച്ച ദ്രുതഗതിയിലുള്ള ഇന്ത്യൻ കരസേനയുടെ മുന്നേറ്റത്തിനു വഴിവെട്ടിയത് മിഗ് 21 ആയിരുന്നു.
മിഗിന്റെ അടുത്ത ലക്ഷ്യസ്ഥാനം പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ചക്ലാല, സർഗോധ, മുരിദ് വ്യോമതാവളങ്ങളായിരുന്നു. അമേരിക്കൻ നിർമിത എഫ് 86 സാബറുകളും എഫ് 104 സ്റ്റാർഫൈറ്ററുകളും ഉൾപ്പെടെയുള്ള ഫൈറ്റർ സ്ക്വാഡ്രണുകൾ വിന്യസിപ്പിച്ച ഇടം. അവിടേക്ക് പാക് പ്രതിരോധമേഖല കടന്ന് മിഗ് 21 നുഴഞ്ഞുകയറി. റണ്‍വേകൾ, വിമാന ഹാംഗറുകൾ, ഇന്ധനസംഭരണകേന്ദ്രങ്ങൾ, റഡാർ ഇൻസ്റ്റലേഷനുകൾ എന്നിവയെല്ലാം മിഗ് തകർത്തു.
സർഗോധയിലെ ബേസ് ഓഫ് ഗാർഡിനെ പിടികൂടിയായിരുന്നു മിഗിന്റെ അന്നത്തെ മടക്കം. പാക് സേനയുടെ ബദൽ മാർഗമായിരുന്ന ഷോർകോട്ട്, മിയാൻവാലി വ്യോമതാവളങ്ങളും മിഗിന്റെ പ്രഹരശേഷി അറിഞ്ഞത് ഡിസംബർ നാലിനായിരുന്നു. വെറും 10 ദിവസത്തെ ഇടവേളയിൽ മിഗ് 21ന്റെ വീരചരിത്രം വീണ്ടും ലോകത്തെ അന്പരിപ്പിച്ചു. ആ കഥ ഇങ്ങനെ:
പ്രതീക്ഷ കാത്ത് വീണ്ടും
1971 ഡിസംബർ 14,
സ്ഥലം ഗുവാഹത്തി.
വ്യോമസേനയുടെ 28-ാമത്തെ സ്ക്വാഡ്രണ്‍ ഓപ്പറേഷൻസ് റൂമിനു മുന്നിലേക്ക് സ്റ്റേഷൻ കമാൻഡറുടെ ജീപ്പ് കുതിച്ചെത്തി. ഡൽഹിയിൽനിന്നെത്തിയ നിർണായകവിവരം അദ്ദേഹം കമാൻഡിംഗ് ഓഫീസറെ അറിയിച്ചു. ഇപ്പോൾ സമയം 10.55, കൃത്യം 25 മിനിറ്റിനകം അതായത് 11.20നു ധാക്കയിലെ സർക്യൂട്ട് ഹൗസ് ആക്രമിക്കണം. ബംഗ്ലാദേശിൽ അപ്പോൾ സമയം 11.50 ആയിരിക്കും.
ആ സമയത്ത് ധാക്കയിൽ ഗവർണർ മാലിക്കിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നുണ്ട്. അതാണ് ആക്രമിക്കേണ്ട സമയം. അത്രയും പറഞ്ഞ സ്റ്റേഷൻ കമാൻഡർ ഓഫീസർക്കു നൽകിയത് ധാക്കയുടെ ടൂറിസ്റ്റ് ഭൂപടമാണ്. ലക്ഷ്യം ഇവിടെയാണ്, റോഡ് ക്രോസിംഗിനടുത്ത്. മാപ്പിലേക്കു നോക്കിയ സ്റ്റേഷൻ ഓഫീസർ കാണുന്നത് നൂറുകണക്കിന് റോഡ് ക്രോസിംഗുകൾ.
എല്ലാം ഒരുപോലെയിരിക്കുന്നു. ഓഫീസറുടെ ദയനീയത മനസിലായിട്ടും “വേഗം ചെയ്യൂ” എന്നാണ് കമാൻഡർ പറഞ്ഞത്. 32 റോക്കറ്റുകൾ വീതമുള്ള നാല് മിഗ് 21 വിമാനങ്ങൾ തയാറായിരുന്നു, എന്നാൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾക്കെതിരേ മിസൈലുകൾ മികച്ച ആയുധങ്ങളല്ല. 500 കിലോഗ്രാം ബോംബുകൾ കയറ്റാൻ സമയവും ഇല്ല. അത്രയും ബോംബ് നിറയ്ക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കും. മീറ്റിംഗ് അവസാനിച്ച് ഉദ്യോഗസ്ഥർ പോയശേഷം കെട്ടിടം ആക്രമിക്കുന്നതിൽ അർഥമില്ല.
ദൗത്യത്തെക്കുറിച്ച് പൈലറ്റുമാരോടു വിശദീകരിക്കാനും മതിയായ സമയമില്ല, ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയില്ല, വിമാനത്തിൽ കയറ്റാൻ ഏറ്റവും അനുയോജ്യമായ ആയുധങ്ങളില്ല. പക്ഷേ ദൗത്യം നിർണായകമാണ്. നാല് പൈലറ്റുമാർ ഫൈറ്ററുകളിൽ ഓടിക്കയറി എൻജിൻ സ്റ്റാർട്ട് ചെയ്തു. അപ്പോഴാണ് ഒരു മുതിർന്ന പൈലറ്റ് ഒരു കടലാസുമായി സ്റ്റേഷൻ കമാൻഡറുടെ അടുത്തേക്ക് ഓടിയടുത്തത്.
അതിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്. ടാർഗറ്റ് ഗവണ്മെന്റ് ഹൗസ് ആണ് സർക്യൂട്ട് ഹൗസ് അല്ല. സംഘം വീണ്ടും ടൂറിസ്റ്റ് മാപ്പ് നോക്കി. പുതിയ ടാർഗറ്റിനെ തിരിച്ചറിയാനുള്ള അടയാളം പച്ച നിറമായിരുന്നു, നിമിഷങ്ങൾക്കകം നാല് മിഗ് 21 യുദ്ധവിമാനങ്ങൾ റണ്‍വേയിൽനിന്ന് കുതിച്ചുയർന്നു. ആവശ്യത്തിന് ബോംബില്ല, ടാർഗറ്റ് കൃത്യമല്ല, രണ്ടാമത് ഒരു അവസരം കിട്ടുകയുമില്ല.
കൃത്യത അതു മാത്രമാണ് വിജയം കൈവരിക്കാനുള്ള മാർഗം. വിമാനവേഗം, ഡൈവ് ആംഗിൾ, കാറ്റ് ഇവയിൽ പോലും നേരിയ മാറ്റമുണ്ടായാൽ ലക്ഷ്യം കൈവരിക്കാതെ മടങ്ങേണ്ടിവരും. പിന്നെ വ്യോമസേനയല്ല, രാജ്യമാണ് ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടിവരിക. ഇതെല്ലാം മനസിൽ വച്ചായിരുന്നു മിഗ് 21 പൈലറ്റുമാർ പറത്തിയത്. മിഗ് 21 ആ നാല് പൈലറ്റുമാരെയും ചതിച്ചില്ല. രാജ്യത്തിന്റെ പ്രതീക്ഷ കാത്തു.
ഇന്ത്യൻ മിഗ് 21 വിമാനങ്ങൾ തന്റെ ഒൗദ്യോഗിക വസതിയായ സർക്കാർ ഹൗസ് തകർത്തതിന്റെ ഞെട്ടലിൽ, കിഴക്കൻ പാക്കിസ്ഥാൻ ഗവർണറായ ഡോ. എ.എം. മാലിക് വിറയ്ക്കുന്ന കൈകൾകൊണ്ട് രാജിക്കത്ത് എഴുതി. കത്തിന്റെ കോപ്പി അദ്ദേഹം നൽകിയത് മിഗിനെ ഭയന്ന് തനിക്കൊപ്പം ബങ്കറിൽ ഒളിച്ച ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനായ ജോണ്‍ കെല്ലിക്കും ലണ്ടനിലെ ഞായറാഴ്ച പത്രമായ ദി ഒബ്സർവറിലെ ഗാവിൻ യങ്ങിനുമാണ്.
അതോടെ ലോകം അറിഞ്ഞു, മാലിക് തോൽവി സമ്മതിച്ചെന്ന്. പിന്നാലെ ലോകം സാക്ഷ്യംവഹിച്ചത് ലോകത്തിലെതന്നെ ഏറ്റവും വലിയ സൈനിക കീഴടങ്ങലിനായിരുന്നു. അന്ന് ബംഗ്ലാദേശ് വിമോചനസമരത്തിനും അറുതിയായി. 98,000 പാക് സൈനികരാണ് ഇന്ത്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങൽ.
ഓപ്പറേഷൻ സിന്ദൂർ വരെ
1971നുശേഷം മിഗിന്റെ ധീരചരിത്രം രാജ്യമറിഞ്ഞത് കാർഗിൽ യുദ്ധത്തിലാണ്. 1999ലെ യുദ്ധസമയത്ത് പാക് നുഴഞ്ഞുകയറ്റക്കാരെ നേരിടുകയായിരുന്നു പ്രധാന ദൗത്യം. കാർഗിൽ, ലേ മേഖലകളിലെ കോംപാറ്റ് എയർ പട്രോളിംഗ് നടത്തിയത് അന്ന് മിഗ് 21 ആണ്. മൈനസ് അഞ്ചു ഡിഗ്രി മുതൽ 11 വരെയാണ് തണുപ്പ്.
16,000 അടി ഉയരത്തിലുള്ള കാർഗിൽ മലനിര, എല്ലാംകൊണ്ടും വെല്ലുവിളി നിറഞ്ഞ അവസ്ഥയിലായിരുന്നു ഇന്ത്യൻ കര, വ്യോമസേനകൾ. ഈ സമയത്ത് വ്യോമാതിർത്തി കടന്നെത്തുന്ന ശത്രുയുദ്ധവിമാനങ്ങളെയും നിരീക്ഷണവിമാനങ്ങളെയും തുരത്തുകയെന്ന ജോലിയാണ് മിഗ് 21ന് ലഭിച്ചത്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ലഡാക്കിലെ ബറ്റാലിക് മേഖലയിലേക്കായിരുന്നു മിഗ് 21 വിമാനങ്ങളെത്തിയത്. സേനയിലെ ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ. നചികേതയും സ്ക്വാഡ്രണ്‍ ലീഡറായ അജയ് അഹൂജയുമായിരുന്നു ഈ വിമാനങ്ങൾ പറത്തിയിരുന്നത്.
പക്ഷേ മിഗ് വിമാനം വെടിവച്ചിട്ട് ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ. നചികേതയെ പാക്കിസ്ഥാൻ തടവുകാരനാക്കി. കാർഗിൽ യുദ്ധത്തിലെ ആദ്യത്തെ യുദ്ധത്തടവുകാരനാണ് ക്യാപ്റ്റൻ നചികേത. എന്നാൽ ധീരനായ സ്ക്വാഡ്രണ്‍ ലീഡർ അജയ് അഹൂജ, നചികേതയെ തെരഞ്ഞിറങ്ങി. അപകടകരമാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം മിഗ് 21ൽ ശത്രുക്കളുടെ തലയ്ക്ക് മീതെ വട്ടമിട്ടു പറന്നു. പെട്ടെന്നായിരുന്നു കാര്യങ്ങൾ മാറി മറിഞ്ഞത്.
പാക് മിസൈൽ മിഗ് 21ൽ വന്നിടിച്ചു. അജയ് അഹൂജ പാരച്യൂട്ട് വഴി പുറത്തേക്കു ചാടി. എന്നാൽ ചെന്നിറങ്ങിയത് പാക് സേനയുടെ കൈകളിലേക്കാണ്. യുദ്ധത്തടവുകാരനായി കൊണ്ടുപോകുന്നതിനു പകരം, പാകിസ്ഥാൻ സൈന്യം അദ്ദേഹത്തെ പിടികൂടി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. സ്ട്രൈക്ക് വിമാനങ്ങൾക്ക് അകന്പടിയേകിയും ശ്രീനഗർ, ഉധംപുർ പോലുള്ള ഫോർവേഡ് എയർ ബേസുകളിൽ സുരക്ഷ ഒരുക്കിയും കാർഗിൽ യുദ്ധത്തിൽ മിഗ് തന്റെ ധീരത ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുകതന്നെചെയ്തു.
പിന്നീട് 2019 ലെ ബാലാകോട്ട് ആക്രമണസമയത്തും സുഖോയ് എംകെ 30 മിറാഷ് വിമാനങ്ങൾക്ക് അകന്പടിയേകി മിഗ് 21 കരുത്തു തെളിയിച്ചു. പാക് മണ്ണിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത സർജിക്കൽ സ്ട്രൈക്കിനു ശേഷം സുഖോയ് ഇന്ത്യൻ വ്യോമാതിർത്തിയിൽ തിരിച്ചെത്തിയതും പാക് എഫ് 16 വിമാനങ്ങൾ പിന്നാലെ കുതിച്ചെത്തി. എന്നാൽ മിഗ് 21 ശക്തമായ പ്രതിരോധം തീർത്തതോടെ പാക് പോർവിമാനങ്ങൾക്ക് ഇന്ത്യൻ ആകാശത്തേക്കു കടക്കാനാവാതെ തിരികെ പറക്കേണ്ടിവന്നു.
അഭിനന്ദൻ വർധമാൻ എന്ന ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ പറത്തിയ മിഗ് 21 ഒരു പാക് എഫ് 16 വിമാനം വെടിവച്ചിടുകയും മറ്റു പോർവിമാനങ്ങളെ പാക് മണ്ണിലേക്കു തുരത്തുകയും ചെയ്തെങ്കിലും പാക് ആകാശം ഭേദിച്ച മിഗ് 21 പാക്കി സ്ഥാന്റെ സർഫേസ് ടു എയർ മിസൈലേറ്റ് തകർന്നുവീണു. പാരച്യൂട്ടിൽ ഇറങ്ങിയ അഭിനന്ദനെ പാക് സൈന്യം പിടികൂടിയെങ്കിലും പിന്നീട് ഇന്ത്യൻ സമ്മർദത്തിനു വഴങ്ങി രാജ്യത്തിനു കൈമാറി. ഏറ്റവുമൊടുവിൽ 2025ലെ ഓപ്പറേഷൻ സിന്ദൂറിലും മിഗ് 21 പങ്കാളിയായി.
മിഗ് യുഗം
ശീതസമരകാലത്ത് സോവിയറ്റ് യൂണിയന്റെ കരുത്തിന്റെ പ്രതീകമായിരുന്ന മിഗ് 21 ഇന്റർസെപ്റ്റർ ആയും ഫൈറ്റർ ആയും ഉപയോഗിക്കാവുന്ന ശബ്ദാതിവേഗ യുദ്ധവിമാനമാണ്. 1963ലാണ് മിഗ് 21 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതെങ്കിലും 71ലെ യുദ്ധത്തിനു ശേഷമാണ് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. മിഗ് 21 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനത്തിലുണ്ടായിരുന്ന യുദ്ധവിമാനംകൂടിയാണ്.
874 മിഗ് 21 ഇന്ത്യക്കുണ്ടായിരുന്നതിൽ 660 എണ്ണം ഇന്ത്യ തദ്ദേശീയമായി നിർമിച്ചവയാണ്.ഇന്ത്യയുടെ ആകാശത്തെ വൈദേശിക ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുകയായിരുന്നു മിഗ് 21ന്റെ വരവിന്റെ ഉദ്ദേശ്യം. യുദ്ധവിമാനങ്ങളുടെ ചരിത്രത്തിൽതന്നെ താരതമ്യമില്ലാത്ത ഒരുപിടി വിജയ റെക്കോഡുമായാണ് മിഗ് അവസാന പറക്കലിനൊരുങ്ങുന്നത്.
അറുപതുകളിലും എഴുപതുകളിലും ആകാശത്ത് ഇന്ത്യക്ക് അർഥശങ്കയേതുമില്ലാത്തവിധം മേൽക്കൈ നേടിക്കൊടുത്തത് മിഗ് 21 ആയിരുന്നു. പല വിഭാഗങ്ങളിലായായിരുന്നു ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ(എച്ച്എഎൽ) മിഗിന്റെ നിർമാണം. മിഗ് എഫ്എൽ, മിഗ് 21 എം, മിഗ് 21 ബൈസ്, മിഗ് 21 ബൈസണ്‍ എന്നീ അപ്ഗ്രേഡഡ് വേർഷനുകൾ എച്ച്എഎല്ലിൽ നിർമിച്ചു. അവസാനത്തെ കാറ്റഗറിയായ ബൈസണ്‍ ആണ് ഇപ്പോൾ സേനയോടു വിടപറയുന്നത്.
മിഗിന്റെ കഴിവ് ഇന്ത്യയിലോ റഷ്യയിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെട്ട യുദ്ധവിമാനമെന്ന ഖ്യാതികൂടി ഇതിനുണ്ട്. അറുപതോളം രാജ്യങ്ങളുടെ കരുത്തായിരുന്നു മിഗ്. ഇരുപതിലേറെ രാജ്യങ്ങളുടെ പ്രതിരോധക്കോട്ടയിൽ ഈ വിശ്വസ്തനായ പോരാളി ഇപ്പോഴുമുണ്ടെന്നാണു കണക്ക്. സെപ്റ്റംബർ 19ന് മിഗ് 21 ന്റെ ഇന്ത്യൻ വായുസേനയിലെ അവസാന സ്ക്വാഡ്രനായ 23 സ്ക്വാഡ്രൻ പാന്തേഴ്സിനു ചണ്ഡിഗഢിൽ യാത്രയയപ്പ് നൽകുന്നതോടെ പതിറ്റാണ്ടുകൾ നീണ്ട യുഗം അവസാനിക്കും.