പാട്ടിന്റെ ചാകര!
ഹരിപ്രസാദ്
Saturday, August 23, 2025 8:43 PM IST
1966 ഓഗസ്റ്റ് 19നാണ് വിഖ്യാത സിനിമ ചെമ്മീൻ പ്രദർശനത്തിനെത്തിയത്. ആ സിനിമയും അതിലെ പാട്ടുകളും തലമുറകൾക്ക് ഒരു വികാരമാണ്. ഈണങ്ങളും വരികളും ആലാപനവും മാത്രമല്ല, പാട്ടുകളിലെ പശ്ചാത്തല സംഗീതശകലങ്ങൾപോലും ഇന്നും പ്രിയങ്കരം, കാണാപ്പാഠം...
എവിടെ, ആരെഴുതിവച്ചതാവാം മുകളിൽ കൊടുത്ത വരികൾ? സംശയിക്കേണ്ട, അനശ്വരനായ വയലാർ തന്റെ ഡയറിയുടെ താളിൽ കുറിച്ചതാണ്. ചെമ്മീൻ സിനിമയിലെ ആദ്യ പാട്ട് ഉണർന്നദിനമെന്ന വിശേഷണത്തോടെ അച്ഛന്റെ ഡയറിക്കുറിപ്പിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു മകൾ യമുന വയലാർ.
കഴിഞ്ഞദിവസമായിരുന്നു മലയാള സിനിമാചരിത്രത്തിലെ ഇതിഹാസ ചിത്രങ്ങളിലൊന്നായ ചെമ്മീനിന്റെ അറുപതാം വാർഷികാഘോഷം. സിനിമയിലെ പാട്ടുകളെയും ഇതിഹാസം എന്നതിൽക്കുറ ഞ്ഞൊരു വാക്കാൽ വിശേഷിപ്പിക്കുകവയ്യ. മലയാളമുള്ളിടത്തെല്ലാം പാട്ടുപ്രേമികളുടെ ഹൃദയങ്ങളെ സ്നേഹവലയിൽ കുരുക്കിയിട്ടിരിക്കുകയാണ് ഇന്നും അവ. വരികളാണോ ഈണങ്ങളാണോ ആലാപനമാണോ കൂടുതൽ മികച്ചതെന്നു മത്സരിക്കുകയും, അനുഭവങ്ങൾ അലയടിക്കുകയും ചെയ്യുന്ന പാട്ടുകൾ.
ഏതെങ്കിലുമൊന്നിന്റെ ഒരു ശകലം ബിജിഎം കേട്ടാൽപ്പോലും "അതാ, ചെമ്മീനിലെ പാട്ട്' എന്നു പറയും മനസുകൾ! തലമുറകളുടെ ഓർമകളിൽ സുരഭിലമായ ഒരാകാശവാണിക്കാലം തെളിഞ്ഞുനിൽക്കുന്നുണ്ടാവും- കാണാപ്പൂമീനിനു പോകണ തോണിക്കാരാ എന്ന വരി ഇരച്ചെത്തുന്ന തിരപോലെ.., പതിനാലാം രാവിലെ പാലാഴിത്തിരയിലെ മത്സ്യകന്യകമാരുടെ മാണിക്യക്കല്ല് എങ്ങനെയിരിക്കുമെന്ന കൗതുകം... പാട്ടുപ്രേമികൾക്ക് ശരിക്കും ചാകര!
സലിൽദായുടെ കടലുകൾ
സംഗീതസംവിധായകൻ സലിൽ ചൗധരി ആദ്യം കണ്ട കടൽത്തീരങ്ങൾ ഒരുപക്ഷേ ദിഘയും മന്ദാർമണിയും ശങ്കർപുരും താജ്പുരുമൊക്കെയാവണം. കേരളത്തിലെ അന്പലപ്പുഴയും പുന്നപ്രയും ശീലിച്ച കടലോരജീവിതങ്ങളിലേക്ക് ബംഗാളി ഈണങ്ങൾ എത്ര സുന്ദരമായാണ് ഒഴുകിയെത്തിയിണങ്ങിയത്! ഇവിടത്തെ ഭാഷയോ സംസ്കാരമോ ഒട്ടും പരിചയമില്ലാത്ത അദ്ദേഹം രണ്ടിനെയും നവ്യമായ ശൈലിയിൽ സമീപിച്ചു.
മലയാള സിനിമാ സംഗീതത്തെ സാങ്കേതികമായും ഭാവാത്മകമായും പുതുക്കിപ്പണിതു. മുൻകൂട്ടിയൊരുക്കിയ ഈണങ്ങൾക്കിണങ്ങുംവിധം വരികളെഴുതി സുന്ദരമായ മെലഡികളുണ്ടാക്കാമെന്ന് അദ്ദേഹം ഉറപ്പിച്ചുവച്ചു. ബംഗാളിന്റെ നാടോടി ഈണങ്ങൾ, വെസ്റ്റേണ് ഓർക്കസ്ട്രേഷൻ- ഇതു രണ്ടുമൊന്നിച്ച് അറബിക്കടലിന്റെ മനസുകണ്ടു.
ആസാം, നേപ്പാൾ ഫോക് സംഗീതത്തിന്റെ തലോടലും അതിനൊപ്പമുണ്ടായിരുന്നു. അങ്ങനെ കടലിനക്കരെ പോണോരേ, മാനസമൈനേ വരൂ, പെണ്ണാളേ പെണ്ണാളേ, പുത്തൻ വലക്കാരേ എന്നീ ഗാനശില്പങ്ങളുണ്ടായി. യേശുദാസ്, മന്നാഡേ, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായർ എന്നിവരായിരുന്നു പ്രധാന ഗായകർ.
അതിരുകൾക്കപ്പുറം പടരുന്ന സംഗീതമുണ്ടാക്കണമെന്നത് സലിൽ ചൗധരിയുടെ ഹൃദയാവേശമായിരുന്നു. അതിന്റെ കൃത്യമായ ഉദാഹരണമായി ഈ പാട്ടുകൾ. രാജ്യത്തിന്റെ വടക്കുകിഴക്കുനിന്നുള്ള നാടോടി ശീലുകൾ തെക്കുപടിഞ്ഞാറുള്ള മത്സ്യത്തൊഴിലാളികളുടെ സ്വന്തം പാട്ടാകുന്നത് കടലിക്കരെ പോണോരേയിൽ കേട്ടറിയാം.
മാനസമൈനേ വരൂ എന്ന ഒരേയൊരു പാട്ടുകൊണ്ട് ബംഗാളി ഗായകനായ മന്നാഡേ മലയാളികൾക്കും സ്വന്തക്കാരനായി. ഈണംകൊണ്ടും ആലാപനംകൊണ്ടും ഒരു അസൽ ബംഗാളി മെലഡിയാണെങ്കിലും ഇന്നും പ്രത്യേകമായൊരിടം മലയാളിമനസുകളിൽ അതിനുണ്ട്.
കാത്തിരുന്നത് ഒഎൻവിയെ
പ്രിയപ്പെട്ട ഒഎൻവി,
ഞാൻ ഒരു പുതിയ സംരംഭത്തിലേർപ്പെടുകയാണ്. ചെമ്മീൻ ഫിലിം ചെയ്യാൻ പോകുന്നു. ഇതിന്നു പാട്ടെഴുതാൻ താങ്കളെയാണ് മനസിൽ കാണുന്നത്- ഒന്നുരണ്ടു പാട്ടുകൾ യൂസുഫ് അലി കേച്ചേരിയും എഴുതും. സലീൽ ചൗധരിയാണ് സംഗീത സംവിധായകൻ. ജൂലൈ മാസം പത്തിനുശേഷം തൃശൂരിൽവച്ച് മ്യൂസിക്കിന്റെ പണികൾ ആരംഭിക്കുന്നതാണ്.
അപ്പോൾ ഒന്നിവിടംവരെ വന്ന് ഈ കാര്യം നിർവഹിച്ചുതരാൻ പറ്റുമോ എന്ന് ഈ കത്തു കിട്ടിയാൽ മേൽ കൊടുത്ത മേൽവിലാസത്തിൽ എന്നെ ഒന്ന് അറിയിക്കുക....1963 ജൂണ് 28ന് തൃശൂരിലെ കണ്മണി ഫിലിം ഓഫീസിൽനിന്ന് സംവിധായകൻ രാമു കാര്യാട്ട് ഇങ്ങനെയൊരു കത്തെഴുതി. ചെമ്മീനിലെ പാട്ടുകൾ ഒഎൻവി എഴുതണമെന്ന ആഗ്രഹം കാര്യാട്ടിനു മാത്രമായിരുന്നില്ല.
1952 മുതൽതന്നെ സൗഹൃദവലയത്തിലുള്ള ഒഎൻവി മലയാളത്തിലെ തന്റെ ആദ്യ സിനിമയ്ക്ക് വരികളൊരുക്കണമെന്ന് സലിൽ ചൗധരിക്കും താത്പര്യമുണ്ടായിരുന്നു. വിധി മറ്റൊന്നായെന്നുമാത്രം. സിനിമയിലേക്കു ക്ഷണമെത്തുന്പോൾ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ അധ്യാപകനാണ് ഒ.എൻ.വി. കുറുപ്പ്. സിനിമയിൽ പ്രവർത്തിക്കാൻ സർക്കാർ ജീവനക്കാർക്ക് അന്ന് നിയന്ത്രണമുണ്ട്.
മാത്രമല്ല, സലിൽ ചൗധരി ബോംബെയിലായതിനാൽ അവിടെച്ചെന്നുവേണം പാട്ടെഴുതാൻ. അതിനു ലീവ് കിട്ടുകയും രണ്ടാഴ്ച വീട്ടിൽനിന്നു മാറിനിൽക്കുകയും എളുപ്പമല്ല. ഒഴിവാകുകമാത്രമായിരുന്നു മുന്നിലുള്ള വഴി. ബോംബെയിൽ വരണമെന്നത് ഒഴിവാക്കാനാകുമോയെന്ന് സലിൽദായോടു ചോദിച്ച് രാമു കാര്യാട്ട് വീണ്ടും ഒഎൻവിക്കു കത്തെഴുതിയിരുന്നു.
ഞാൻ സലീലിനെ കണ്ടു സംസാരിച്ചു, താങ്കളുടെ വരവ് ഒഴിവാക്കാമോ എന്ന കാര്യം. സാധ്യമല്ലെന്ന് അദ്ദേഹം തീർത്തു പറയുന്നു. എന്തെങ്കിലും ഒഴികഴിവുണ്ടെങ്കിൽ ഞാൻ അങ്ങനെ ചെയ്യുമായിരുന്നു. അതുകൊണ്ട് രണ്ടുദിവസം താങ്കൾ ഇവിടെ വരണം.
സ്നേഹപൂർവമായ ഒരു നിർബന്ധം ഇതിന്റെ പിന്നിലുണ്ട്. ഇനിയെല്ലാം താങ്കളുടെ യുക്തംപോലെ.. എന്നായിരുന്നു ബോംബെയിൽനിന്നയച്ച കത്തിന്റെ ഉള്ളടക്കം. ഒ.എൻ.വിക്ക് യാതൊരു നിർവാഹവുമില്ലായിരുന്നു. പകരം സുഹൃത്തായ വയലാറിനെ നിർദേശിച്ചതും അദ്ദേഹംതന്നെ. ശേഷം പിറന്നത് ചരിത്രം.