"മുംബൈക്ക് വേണ്ടി കളിക്കണം': യൂട്യൂബ് താരം ഐഷോസ്പീഡ് ഇന്ത്യൻ ഫുട്ബോളിലേക്ക്?
Wednesday, October 22, 2025 7:09 AM IST
അപ്രതീക്ഷിതമായ പ്രഖ്യാപനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ അമ്പരപ്പിലാക്കിയിരിക്കുകയാണ് പ്രശസ്ത യുഎസ് യൂട്യൂബ് താരമായ ഡാരൻ ജേസൺ വാർക്കിൻസ് ജൂനിയർ, അഥവാ ഐഷോസ്പീഡ്.
20 വയസുകാരനായ ഈ അമേരിക്കൻ ഇൻഫ്ലുവൻസർ തന്റെ ഏറ്റവും പുതിയ ലൈവ് സ്ട്രീമിനിടെയാണ്, ഇന്ത്യയിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമാകാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ സ്പീഡ്, ഫുട്ബോൾ ലോകത്തെ പ്രധാന വേദികളിലെല്ലാം പരിചിത മുഖമാണ്.
ബലോൺ ഡി ഓർ പുരസ്കാര ചടങ്ങുകൾ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾ എന്നിവയിലെല്ലാം അദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്. 100 മീറ്റർ ഒളിമ്പിക് ചാമ്പ്യനായ നോഹ ലൈൽസിനെ മത്സരത്തിനായി വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഫുട്ബോൾ മൈതാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സ്പീഡിന്റെ തീരുമാനം.
തന്റെ ലൈവ് സ്ട്രീമിനിടെ, ഇന്ത്യയിലെ ഒരു മെട്രോ തൂണിൽ തന്റെ ചിത്രം വരച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഈ പുതിയ ആഗ്രഹത്തിന് പ്രചോദനമായത്. ഇത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു.
താനൊരു പ്രൊഫഷണൽ ഫുട്ബോളറാണെന്ന് ഇന്ത്യക്കാർ കരുതുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ ഇന്ത്യയിൽ പ്രൊഫഷണൽ താരമായി മാറാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
"ഞാൻ ഒരുപക്ഷേ ഇന്ത്യയിൽ പ്രൊഫഷണൽ കളിക്കാരനായേക്കും. എനിക്ക് മുംബൈക്ക് വേണ്ടി കളിക്കണം... എനിക്ക് ഇന്ത്യയിൽ ഒരു പ്രൊഫഷണൽ ഫുട്ബോളറാകാൻ സാധിക്കും,' മുംബൈയിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബ്ബിൽ ചേരാനുള്ള ആവേശം മറച്ചുവെക്കാതെ അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീഡിന്റെ ഈ വീഡിയോ "എക്സ്' പോലുള്ള സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും നിരവധി ആളുകൾ കാണുകയും ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നിലവിലെ പ്രകടനം മുൻനിർത്തി ചിലർ തമാശരൂപേണ പ്രതികരിച്ചു. "ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രകടനം ഇങ്ങനെയൊക്കെയാണെങ്കിൽ, സ്പീഡ് ഒരു നല്ല ഓപ്ഷനായി തോന്നുന്നു,' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
മറ്റൊരു കമന്റിൽ, "സത്യസന്ധമായി പറഞ്ഞാൽ, നമ്മുടെ ടീമിന്റെ പ്രകടനം പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ സ്പീഡിനെ ഉൾപ്പെടുത്തുന്നത് ഒരുപക്ഷേ വിജയശതമാനം വർദ്ധിപ്പിച്ചേക്കാം. ശ്രമിച്ചു നോക്കാവുന്നതാണ്,' എന്നും കുറിച്ചു. സ്പീഡിന് മുംബൈ സിറ്റി എഫ്സിയിലേക്ക് സ്വാഗതമെന്ന് ചിലർ ആവേശത്തോടെ പ്രവചിച്ചു.
ഒരു യൂട്യൂബ് താരമെന്നതിലുപരി ഫുട്ബോളിൽ സ്പീഡിന് മുൻപരിചയമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിഹാസ പരിശീലകനും മുൻ ആഴ്സണൽ മാനേജരുമായ ആഴ്സൻ വെങ്ങർ പരിശീലകനായിരുന്ന പ്രദർശന മത്സരങ്ങളിൽ അദ്ദേഹം മുമ്പ് പങ്കെടുത്തിട്ടുണ്ട്.
യൂട്യൂബിലൂടെ മാത്രമല്ല സ്പീഡിന് ഇന്ത്യയുമായി ബന്ധമുള്ളത്. 2023-ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം കാണാനായി അദ്ദേഹം മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
ഇതോടെ ഇന്ത്യൻ ആരാധകർക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ത്യയിൽ കളിക്കാനുള്ള സ്പീഡിന്റെ ആഗ്രഹം യാഥാർഥ്യമാവുമോ എന്ന ആകാംഷയിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകം.