വെെവിധ്യാമാര്‍ന്ന ജീവ ജാലങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. അവയില്‍ ചിലതിനെ ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില ജീവികള്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. അത് കൗതുകവും അമ്പരപ്പും നമുക്ക് സമ്മാനിക്കും.

അത്തരത്തിലൊരു അനുഭവമാണ് ബ്രിട്ടീഷുകാരനായ ആന്‍റി ഹാക്കറ്റിനുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മത്സ്യത്തെ കഴിഞ്ഞ ദിവസം അദ്ദേഹം പിടികൂടി.

കരിമീന്‍ മത്സ്യബന്ധന മേഖലകളില്‍ ഒന്നായ ഫ്രാന്‍സിലെ ഷാംപെയ്നിലെ ബ്ലൂവാട്ടര്‍ തടാകത്തില്‍ നടത്തിയ മത്സ്യ ബന്ധനത്തിനിടെയാണ് ഈ ഭീമന്‍ മത്സ്യം വലയില്‍ കുടുങ്ങിയത്. കാരറ്റ് എന്ന് വിളിക്കുന്ന ഈ സ്വര്‍ണ മത്സ്യത്തിന് 30.5 കിലോ ഗ്രാം ഭാരമുണ്ട്.


ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട ഈ മത്സ്യത്തെ 20 വര്‍ഷം മുമ്പ് ജേസണ്‍ കൗളര്‍ എന്നയാളാണ് ഇവിടെ തുറന്നുവിട്ടത്. ഈ മത്സ്യത്തെ പിടിച്ചതിന് ഹാക്കറ്റിനെ അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി.

2019 ല്‍ യുഎസിലെ മിനസോട്ടയില്‍ ജേസണ്‍ ഫുഗേറ്റ് പിടികൂടിയ 13.6 കിലോഗ്രാം ഭാരമുള്ള മത്സ്യമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യമായി ഇതുവരെ കണക്കാക്കിയിരുന്നത്.

മത്സ്യത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം ഹാക്കറ്റ് അതിനെ തടാകത്തിലേക്ക് തന്നെ തിരിച്ച് സുരക്ഷിതമായി തുറന്നുവിട്ടു. അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കാരറ്റിന്‍റെ ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തു.