വീടിന്റെ വില വെറും ഒരു ഡോളറോ, ഒരു മര്യാദ വേണ്ടേ? "കൗതുക പരസ്യത്തിന്റെ' രഹസ്യമിങ്ങനെ
വെബ് ഡെസ്ക്
Sunday, August 20, 2023 12:59 PM IST
ഇങ്ങനെയും വീടിന് വിലയിടാമോ? ഒരു മര്യാദ വേണ്ട ? എന്നാണ് ഏതാനും ദിവസം മുൻപ് വന്ന ഒരു പരസ്യം കണ്ടപ്പോൾ ലോകമെമ്പാടുമുള്ളവർക്ക് തോന്നിയത്. രണ്ടു മുറിയടക്കം അത്യാവശ്യ സൗകര്യങ്ങളുമായി 724 ചതുരശ്രഅടി വിസ്തീർണമുള്ള വീട് വിൽക്കാനിട്ടിരിക്കുകയാണ്. അതും വെറും ഒരു ഡോളറിന് (ഏകദേശം 83 ഇന്ത്യൻ രൂപ)!.
യുഎസിലെ മിഷിഗണിൽ യൂറോപ്യൻ വിന്റേജ് സ്റ്റൈലിൽ നിർമിച്ചിരിക്കുന്ന വീട് ഇത്ര കുറഞ്ഞ വിലയ്ക്ക് വിൽപനയ്ക്ക് വെച്ച വാർത്ത സമൂഹ മാധ്യമത്തിലുൾപ്പടെ കാട്ടുതീ പോലെ പടർന്നു. ലോകമെമ്പാടു നിന്നും വീട്ടുടമയ്ക്ക് വിളിയെത്തി. പക്ഷേ ഫോണിന്റെ മറുതലയ്ക്കൽ നിന്നും പിന്നീട് കേട്ടത് അമ്പരിപ്പിക്കുന്ന വാക്കുകളായിരുന്നു.
വീട് പെട്ടന്ന് വിറ്റു പോകാൻ വേണ്ടി ഉടമ കാട്ടിയ സൂത്രമായിരുന്നു ഇത്. ഇങ്ങനെയൊരു പരസ്യം കണ്ടാൽ ധാരാളം പേർ വിളിക്കുമെന്ന് ഇദ്ദേഹത്തിനറിയാം. അവരിൽ നിന്നും ഏറ്റവുമധികം തുക തരുന്നയാൾക്ക് വീട് വിൽക്കുക എന്നതായിരുന്നു ഉടമയുടെ പ്ലാൻ. എന്നാൽ ഇപ്പോഴും വീടിന്റെ ലേലം വിളി തുടരുകയാണെന്നത് ഏവരിലും കൗതുകമുളവാക്കിയിരിക്കുകയാണ്.
ഏകദേശം 30 മുതൽ 49 ലക്ഷം രൂപ വരെ ലഭിക്കാവുന്ന വസ്തുവാണിത്. എന്നാൽ വിളിക്കുന്ന ആളുകളുടെ ഇടയിൽ വിലപേശി ലേലം ഈ തുകയ്ക്ക് മുകളിലേക്ക് വന്നിരിക്കുകയാണെന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വന്നിട്ടില്ല. എന്തായാലും വിൽപന നടക്കാൻ ഇനിയും സമയമെടുത്തേക്കുമെന്നും നെറ്റിസൺസ് പറയുന്നു.
മാത്രമല്ല സമൂഹ മാധ്യമത്തിൽ വന്ന വീടിന്റെ ഇന്റീരിയർ ചിത്രങ്ങൾ കണ്ട നെറ്റിസൺസ് പറയുന്നത് വില ഒരു പരിധിയ്ക്ക് മുകളിലേക്ക് പോകില്ല എന്നാണ്. ലേലം വിളി അവസാനിച്ച് വീട് വിറ്റു പോകുന്ന തുക എത്രയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ഏവരും.