ഗാന്ധിജിയുടെ അപൂർവ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകൾ കണ്ടെടുത്തു
Saturday, September 28, 2019 3:28 PM IST
മഹാത്മാഗാന്ധിയുടെ അപൂർവ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകൾ കണ്ടെടുത്തു. ആറു മണിക്കൂറോളം ദൈർഘ്യം വരുന്ന 30 ഫിലിം റീലുകളാണ് നാഷണൽ ഫിലിം ആർക്കൈവ്സ് (എൻഎഫ്എഐ) കണ്ടെടുത്തത്. പാരമൗണ്ട്, ബ്രിട്ടിഷ് മൂവിടോൺ, വാർണർ, യൂണിവേഴ്സൽ തുടങ്ങിയ സ്റ്റൂഡിയോകളിലായിരുന്നു വീഡിയോകൾ ചിത്രീകരിച്ചത്.
വാർധയിലെ ആശ്രമത്തിൽ കസ്തൂർബയും ഗാന്ധിജിയുമായുള്ള നിമിഷങ്ങളും വീഡിയോയിലുണ്ട്. ജവാഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സരോജിനി നായിഡു തുടങ്ങിയവരും വിവിധ ദൃശ്യങ്ങളിലുണ്ട്. ഗാന്ധിജിയുടെ ചിതാഭസ്മവും വഹിച്ച് മദ്രാസിൽ നിന്നു രാമേശ്വരത്തേക്കു ട്രെയിൻ മാർഗം നടത്തിയ യാത്രയുടെ സമ്പൂർണ ദൃശ്യങ്ങൾ ഒരു റീലിലുണ്ട്.
മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ നാഷണൽ ഫിലിം ആർക്കൈവ്സിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കണ്ടെത്തലാണ്. റീലുകൾ ഡിജിറ്റൽവൽക്കരിക്കാൻ ശ്രമം നടക്കുകയാണെന്നും എൻഎഫ്എഐ ഡയറക്ടർ പ്രകാശ് മഗ്ദും പറഞ്ഞു.
