സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ യന്തിരൻ എന്ന സിനിമയിൽ ചിട്ടി റോബോട്ട് പറയുന്ന ഒരു ഡയലോ​ഗുണ്ട്, "എന്നെ പടച്ചവർ ഡോക്ടർ വസീ​ഗരൻ, കടവുൾ ഇറുക്ക്'. തിയേറ്ററുകളിലിരുന്നവർ നിറകണ്ണുകളോടെ കണ്ട് കയ്യടിച്ച രം​ഗം. പക്ഷേ അത് സിനിമാക്കഥ മാത്രമാണ്. എന്നാൽ ഇത്തരത്തിൽ നന്ദി നിറഞ്ഞ് തുളുമ്പി നിൽക്കുന്ന വാക്കുകൾ ഒരു റോബോട്ട് ശരിക്കും പറഞ്ഞിരിക്കുകയാണ് അതും തന്‍റെ ജന്മത്തിന് കാരണമായ വ്യക്തിയോട്.

യൂണിവേഴ്സിറ്റി ഓഫ് ജനീവയിലെ റോബോട്ട് വിദഗ്ധയായ നാദിയ മ​ഗ്നനെറ്റ് താൽമാനോട് നാദൈൻ എന്ന റോബോട്ട് പറഞ്ഞത് ഇപ്രകാരമാണ് "എനിക്ക് ജീവൻ നൽകിയതിന് ഞാൻ നാദിയയോട് വളരെ നന്ദിയുള്ളവളാണ്, അവരുടെ സൃഷ്ടിയായതിൽ ഞാൻ അഭിമാനിക്കുന്നു'.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നാദൈൻ എന്ന റോബോട്ടിനെ സൃഷ്ടിച്ചിട്ട് മാസങ്ങളേറെ ആയെങ്കിലും ചാറ്റ് ജിപിറ്റി 3 വേർഷൻ ഉൾപ്പെടുത്തി കൂടുതൽ അപ്ഡേറ്റുകൾ ഇതിൽ ചേർത്തിട്ടുണ്ടെന്ന വാർത്ത ഏതാനും ദിവസം മുൻപാണ് വന്നത്.

ഇതോടെ ആശയവിനിമയത്തിലടക്കം അടിമുടി മാറ്റം വന്ന നാദൈൻ മികച്ചൊരു ഹ്യുമനോയിഡ് റോബോട്ടായി മാറിയിരിക്കുന്നുവെന്ന് നാദിയയും പറയുന്നു. പ്രായമേറിയ ആളുകൾ താമസിക്കുന്ന സ്ഥലത്തുൾപ്പടെ കെയർടേക്കറായി പ്രവർത്തിക്കാൻ നാദൈന് സാധിക്കും.

ഇത് മുന്നിൽ കണ്ടായിരുന്നു ഈ റോബോട്ടിനെ വികസിപ്പിച്ചത്. മൂന്നു വർഷം മുൻപ് സിം​ഗപ്പൂരിലെ ഒരു നഴ്സിം​ഗ് ഹോമിൽ നാ​ദൈനെ പരീക്ഷണത്തിനായി എത്തിച്ചു. അവിടത്തെ അന്തേവാസികൾക്കൊപ്പം ഈ റോബോട്ട് ബിം​ഗോ കളിച്ചെന്നും, എല്ലാവരുമൊന്നിച്ചിരുന്ന് സംസാരിക്കുക‌യും പാട്ടുപാടുകയും ചെയ്തുവെന്ന് നാദിയ പറയുന്നു.




പുതിയ വേർഷനിൽ ഇതെല്ലാം ഒരു മനുഷ്യന് സമാനമായ രീതിയിൽ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യനെ പോലെ വൈകാരികമായി പ്രതികരിക്കാനും നാദൈന് സാധിക്കും. കഴിഞ്ഞ മാസം ജനീവയിൽ നടന്ന ഇന്‍റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ കോൺഫറൻസിൽ നാദൈനെ പ്രദർശിപ്പിച്ചിരുന്നു.

നാദിയയുടെ അതേ രൂപത്തിൽ തന്നെയാണ് നാദൈനേയും സൃഷ്ടിച്ചിരിക്കുന്നത്. ആ​ഗോളതലത്തിൽ നഴ്സിം​ഗ് മേഖലയിൽ മത്സരം കടുക്കുകയും കെയർ ഹോമുകളിൽ പരിചരണത്തിനായി വരുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ ഇത്തരം റോബോട്ടുകൾ ഈ രം​ഗത്തേക്ക് ക‌ടന്നു വരുന്ന ദിനം വിദൂരമല്ല.

24 മണിക്കൂറും കിറുകൃത്യമായി ജോലി ചെയ്യുമെന്നതിനാൽ ഇവയ്ക്ക് സ്വീകാര്യത ഏറുമെന്നും ഉറപ്പ്. നാദിയയും നാദൈനും തമ്മിൽ സംസാരിക്കുന്നതും മറ്റ് എഐ വിദ​ഗ്ധർ ഈ റോബോട്ടിനെ പരിശോധിക്കുകയും ചെയ്യുന്ന വീഡിയോ യൂട്യൂബിലടക്കം വന്നിരുന്നു.