മിന്നൽ സന്ദർശനത്തിന് പോലീസ് സ്റ്റേഷനിലെത്തിയ ആളെ കണ്ടതും ഒന്നു ഞെട്ടി
Thursday, May 1, 2025 12:53 PM IST
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ നടുവട്ടം പോലീസ് സ്റ്റേഷനിൽ പകൽ വെളിച്ചത്തിൽ ഒരു പുള്ളിപ്പുലി മിന്നൽ സന്ദർശനത്തിന് എത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പുള്ളിപ്പുലി സ്റ്റേഷന്റെ ഇടനാഴികളിലൂടെ ആത്മവിശ്വാസത്തോടെ നടക്കുന്നതും വ്യത്യസ്ത മുറികളിലേക്ക് എത്തിനോക്കുന്നതും കാണാം.
അപരിചിതമായ ചുറ്റുപാടുകൾ കണ്ട് ഒട്ടും പേടിക്കാതെയാണ് പുലിയുടെ നടത്തം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പരിഭ്രാന്തരായിരുന്നു പക്ഷേ, അവർ പുലിയെ പിടികൂടുന്നതുവരെ ശാന്തരായി കാര്യങ്ങളെ മുന്നോട്ട് നയിച്ചു.
പുലി മുറികളിൽ കയറി എത്തി നോക്കി മടങ്ങിയ ഉടനെ പരിഭ്രാന്തിയോടെ ഒരു വാതിലിനു പിന്നിൽ നിന്ന് പുറത്തേക്ക് നോക്കുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം. പുള്ളിപ്പുലി നടന്നുപോയ ഉടനെ പെട്ടെന്ന് വാതിലടച്ച് പൂട്ടാൻ ശ്രമിച്ചു, പക്ഷേ ഒരു നിമിഷം കഷ്ടപ്പെട്ടാണ് ഒടുവിൽ കതകടച്ചത്.
പോലീസ് സംഘത്തിന്റെ ശാന്തമായ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു എക്സിൽ വീഡിയോ പങ്കുവച്ചു. “നീലഗിരിയിലെ നടുവട്ടം പോലീസ് സ്റ്റേഷൻ പരിശോധിക്കാൻ ഒരു പുള്ളിപ്പുലി തീരുമാനിച്ചു. ശാന്തമായി വാതിൽ അടച്ച് വനം ഉദ്യോഗസ്ഥരെ വിളിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ. ആർക്കും പരിക്കില്ല. പുള്ളിപ്പുലി സുരക്ഷിതമായി കാട്ടിലേക്ക് മടങ്ങി,” എന്ന അടിക്കുറിപ്പോടെയാണ് അവർ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ നർമ്മവും പ്രശംസയും കലർന്ന പ്രതികരണവുമായി നിരവധിപ്പേർ
രംഗത്തെത്തി. ചിലർ പുള്ളിപ്പുലി "ഒരു റിപ്പോർട്ട് ഫയൽ ചെയ്യാൻ" വന്നതാണെന്ന് പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തു. മറ്റുള്ളവർ ഓഫീസർ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു.