ഹെവി ലിഫ്റ്റിങ്ങിന് പുതിയ വഴി: കപ്പിയും സ്കൂട്ടറും; ജുഗാഡ് ടെക്നോളജി വൈറലാകുന്നു
Monday, October 20, 2025 6:19 PM IST
ഇന്ത്യക്കാരുടെ ജീവിതരീതിയുടെ പ്രധാന ഭാഗമാണ് "ജുഗാഡ്' എന്ന താൽക്കാലിക പരിഹാര തന്ത്രം. ദൈനംദിന പ്രശ്നങ്ങൾക്ക് പെട്ടെന്നുള്ളതും തന്മയത്വമുള്ളതുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ഇന്ത്യൻ ജനതക്ക് പ്രത്യേക കഴിവുണ്ട്.
ചോർച്ചയുള്ള പൈപ്പ് ടേപ്പ് ഉപയോഗിച്ച് താൽക്കാലികമായി ഒട്ടിക്കുന്നത് മുതൽ, നിർമ്മാണ സ്ഥലങ്ങളിൽ തദ്ദേശീയമായി ഉപകരണങ്ങൾ മെനഞ്ഞെടുക്കുന്നതുവരെ "ജുഗാഡ്' എന്ന പ്രായോഗികമായ സമീപനം പ്രശംസനീയമാണ്.
ഇത്തരത്തിൽ, പ്രശസ്തമായ ബുദ്ധിവൈഭവത്തെ അടയാളപ്പെടുത്തുന്ന ഒരു വീഡിയോ നിലവിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. നിർമ്മാണം നടക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് സിമന്റ് ചാക്കുകൾ ഉയർത്താൻ തൊഴിലാളി, സ്കൂട്ടർ ഉപയോഗിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.
നാലാം നിലയിലേക്ക് ഭാരം കൂടിയ സിമന്റ് ചാക്കുകൾ ചുമന്നു കയറ്റുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കണ്ടെത്തിയ ഈ മാർഗം ആളുകളെ അമ്പരപ്പിക്കുകയാണ്. വീഡിയോയിൽ കാണുന്നതുപോലെ, തൊഴിലാളികൾ സ്കൂട്ടറിന്റെ പിൻചക്രത്തിലേക്ക് ലോഹദണ്ഡുകൾ ഉപയോഗിച്ച് ഒരു കപ്പി സംവിധാനം വിദഗ്ധമായി ബന്ധിപ്പിച്ചു.
തുടർന്ന് ഒരാൾ സ്കൂട്ടർ ആക്സിലറേറ്റ് ചെയ്യുമ്പോൾ, കറങ്ങുന്ന ചക്രത്തിന്റെ ശക്തി ഉപയോഗിച്ച് സിമന്റ് ചാക്കുകൾ ഘടിപ്പിച്ച കയർ പതിയെ മുകളിലേക്ക് ഉയർത്തുകയാണ്. "ഇന്ത്യയിൽ കെട്ടിടങ്ങൾ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം, ഇതിനാണ് "ജുഗാഡ്' എന്ന് പറയുന്നത്,' എന്ന് പറഞ്ഞുകൊണ്ടാണ് ഹർപ്രീത് സിംഗ് ഗുലാത്തി വീഡിയോ ആരംഭിക്കുന്നത്.
ഈ വീഡിയോക്ക് "എഐ vs ദേശി ടെക്നോളജി' എന്ന അടിക്കുറിപ്പാണ് നൽകിയിരുന്നത്. ഈ ബുദ്ധിപരമായ എഞ്ചിനീയറിംഗ് കണ്ട് പ്രേക്ഷകർ അത്ഭുതം പ്രകടിപ്പിക്കുന്നു. "മേക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ അതിവേഗം വളരുന്ന മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാണ് നമ്മുടേതെന്നും, ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് പുറത്ത് പോകരുത് തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ നിറഞ്ഞത്.
അടിയന്തിര സാഹചര്യങ്ങളിൽ ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രശ്നങ്ങൾ ലളിതമായി പരിഹരിക്കുന്നതിൽ ഇന്ത്യൻ തൊഴിലാളികളുടെ മിടുക്കാണ് ഈ വീഡിയോ എടുത്തു കാണിക്കുന്നത്.