എഐ ചിത്രം
ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോയുടെ ആറാം പതിപ്പ് (GTA 6) നവംബർ 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുകയാണ്. ഇന്ത്യൻ ഗെയിമർമാർക്ക് അർധരാത്രി 12 മണി മുതൽ തന്നെ ഗെയിം കളിച്ചുതുടങ്ങാം. പ്ലേസ്റ്റേഷൻ അഞ്ച്, എക്സ്ബോക്സ് സീരീസ് എക്സ്|എസ് കൺസോളുകളിലാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുന്നത്. അതേസമയം, പിസി പതിപ്പിന്റെ റിലീസ് തീയതി റോക്ക്സ്റ്റാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജേസൺ, ലൂസിയ എന്നീ പ്രധാന കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന ഗെയിമിന്റെ ഡിജിറ്റൽ പതിപ്പുകൾ പ്ലേസ്റ്റേഷൻ, എക്സ്ബോക്സ് സ്റ്റോറുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് എഡിഷന് 5,999 രൂപയും അൾട്ടിമേറ്റ് എഡിഷന് 7,499 രൂപയുമാണ് വില. നവംബർ 20-ന് മുമ്പ് ഗെയിം വാങ്ങുന്നവർക്ക് വിന്റേജ് വൈസ് സിറ്റി പ്ലാക്കും ഒരു മാസത്തെ ജിടിഎ പ്ലസ് അംഗത്വവും ലഭിക്കും. ഫിസിക്കൽ പതിപ്പുകൾ ഡിസ്ക് രൂപത്തിലല്ല, മറിച്ച് കോഡ് അടങ്ങിയ ബോക്സുകളായാണ് വിപണിയിലെത്തുന്നത്.
ഏകദേശം 212 ജിബി വരെ സ്റ്റോറേജ് ആവശ്യമുള്ളതിനാൽ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് കൺസോളിൽ ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. റിലീസ് സമയത്ത് തടസങ്ങളില്ലാതെ കളിക്കാനായി പ്ലേസ്റ്റേഷൻ അഞ്ച് അല്ലെങ്കിൽ എക്സ്ബോക്സ് ഉപയോക്താക്കൾക്ക് ഗെയിം മുൻകൂട്ടി ഡൗൺലോഡ് ചെയ്തുവെക്കാനുള്ള (പ്രീ-ലോഡ്) സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കൺസോൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് ഗെയിം ലൈബ്രറി വഴി ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
Tags : RockstarGames GTA6 GTA6Launch GTAVI GTA6India GrandTheftAutoVI