വീഡിയോയിൽ നിന്നുമുള്ള ചിത്രം
എയർ ഇന്ത്യ വിമാനത്തിലെ ഇടുങ്ങിയ ശുചിമുറി ഉപയോഗിക്കാൻ ബുദ്ധിമുട്ടുന്ന ഉയർന്ന ശരീരപൊക്കമുള്ള യാത്രക്കാരന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദമ്പതികൾക്ക് ഇൻഫ്ലുവൻസർമാർക്കിടയിലും സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം നേരിടേണ്ടി വന്നു. റെയ്മണ്ട്, റമീസ ദമ്പതികൾ തങ്ങളുടെ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ, ആറടി എട്ടിഞ്ച് ഉയരമുള്ള ഭർത്താവ് വിമാനത്തിലെ ടോയ്ലറ്റിലേക്ക് കുനിഞ്ഞും തോൾ ചരിചും കഷ്ടപ്പെട്ട് കയറുന്നത് കാണാം.
ഉയരമുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ തമാശയായി ചിത്രീകരിക്കാനാണ് ഇരുവരും ശ്രമിച്ചതെങ്കിലും, ഇതിന്റെ പേരിൽ എയർ ഇന്ത്യ എയർലൈൻസിനെ കുറ്റപ്പെടുത്തിയതാണ് ആളുകളെ ചൊടിപ്പിച്ചത്. വിമാനങ്ങൾ നിർമ്മിക്കുന്നത് എയർ ഇന്ത്യയല്ലെന്നും ബോയിംഗ്, എയർബസ് തുടങ്ങിയ അന്താരാഷ്ട്ര വിമാന നിർമ്മാണ കമ്പനികളാണെന്നും ചൂണ്ടിക്കാട്ടി ഒട്ടേറെ ഉപയോക്താക്കൾ ദമ്പതികളെ തിരുത്തി രംഗത്തെത്തി.
ലോകത്തെ പ്രമുഖ എയർലൈനുകളെല്ലാം ഇതേ മാതൃകയിലുള്ള വിമാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും, പ്രാഥമിക വിവരമില്ലാതെ എയർലൈനെ കുറ്റപ്പെടുത്തുന്നത് വിവരക്കേടാണെന്നും ആളുകൾ കമന്റ് ബോക്സിൽ കുറിച്ചു. ഇന്ത്യയെയും പ്രാദേശിക സേവനങ്ങളെയും ആവശ്യമില്ലാതെ അധിക്ഷേപിക്കുന്നതിനെതിരെയും വിമർശനമുയർന്നു. ചിലർ ഉയരത്തിന് പുറമെ വ്യക്തിപരമായ ശരീരഭാരത്തെക്കുറിച്ചും കമന്റുകളിൽ പരാമർശിച്ചു.
വിമാനത്തിനുള്ളിലെ യാത്രക്കാരുടെ സീറ്റുകൾക്ക് പരമാവധി സ്ഥലം നൽകുന്നതിനായി വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് ശുചിമുറികൾ രൂപകൽപ്പന ചെയ്യുന്നത്. ടോയ്ലറ്റും വാഷ്ബേസിനും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വിമാന നിർമ്മാതാക്കൾ തയ്യാറാക്കുന്ന ഈ ഡിസൈനിൽ എയർലൈനുകൾക്ക് വലിയ മാറ്റങ്ങൾ വരുത്താനാകില്ല. യാഥാർഥ്യം ഇതായിരിക്കെ, വിമാനത്തിന്റെ ആഗോള നിർമ്മാണ രീതിയെ മനസിലാക്കാതെ എയർ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രചരണം ദമ്പതികൾക്ക് തിരിച്ചടിയാവുകയായിരുന്നു.
Tags : ViralVideo AirIndia TravelInfluencer AviationNews Boeing Airbus