വീഡിയോയിൽ നിന്നുമുള്ള ചിത്രം
ഉക്രെയ്നിൽ നിന്നുള്ള പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ മരിയ പങ്കുവെച്ച പുതിയ യാത്രാ വീഡിയോയാണ് ഇപ്പോൾ സമുഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ത്യയിൽ ആദ്യമായി മെട്രോ യാത്ര നടത്തിയ അനുഭവമാണ് മരിയ തനെ പ്രേക്ഷകരുമായി പങ്കുവെച്ചത്.
വെറും 30 രൂപ മാത്രം ചെലവഴിച്ച് നടത്തിയ ഈ യാത്ര അതിശയകരവും ഏറെ ലാഭകരവുമായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. ഇന്ത്യൻ മെട്രോ ട്രെയിനുകൾ ഏറെ മനോഹരമാണെന്ന് വിശേഷിപ്പിച്ച മരിയ, ട്രെയിനുകളുടെ കൃത്യമായ പരിപാലനത്തെയും ഉൾഭാഗത്തെ ശുചിത്വത്തെയും പ്രത്യേകം എടുത്തുപറഞ്ഞു.
സ്വന്തം മാതൃരാജ്യമായ ഉക്രെയ്നിലെ മെട്രോ സർവീസുകളേക്കാൾ കൂടുതൽ വൃത്തിയുള്ളതാണ് ചെന്നൈ മെട്രോയെന്നും അവർ അഭിപ്രായപ്പെട്ടു. മരിയയുടെ പ്രശംസയ്ക്ക് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മറുപടി നൽകിയിട്ടുണ്ട്.
യാത്രക്കാർക്ക് മികച്ചതും സുഖകരവുമായ യാത്രാനുഭവം നൽകാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും മരിയയ്ക്ക് നല്ലൊരു യാത്ര നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സിഎംആർഎൽ പ്രതികരിച്ചു. വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് മരിയയെ പിന്തുണച്ചും മറ്റ് ഇന്ത്യൻ നഗരങ്ങളിലെ മെട്രോ വിശേഷങ്ങൾ പങ്കുവെച്ചും രംഗത്തെത്തിയത്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മെട്രോകളിലൊന്നാണ് ചെന്നൈയിലേതെന്ന് ഒരു വിഭാഗം കമന്റ് ചെയ്തപ്പോൾ, ഹൈദരാബാദ് മെട്രോയും ഇതുപോലെ വളരെ വൃത്തിയുള്ളതാണെന്നും അവിടെയും സന്ദർശനം നടത്തണമെന്നും ചിലർ നിർദേശിച്ചു. 22 രൂപ മാത്രം യാത്രാനിരക്കുള്ള ജയ്പൂർ മെട്രോയെക്കുറിച്ചും കമന്റുകളിൽ പരാമർശമുണ്ട്.
മുമ്പും ഇന്ത്യയിലെ സവിശേഷമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് മരിയ ശ്രദ്ധ നേടിയിട്ടുണ്ട്. തിരക്കേറിയ ഇന്ത്യൻ റോഡുകൾ മുറിച്ചുകടക്കാൻ താൻ എങ്ങനെ പ്രാപ്തയായി എന്ന് വ്യക്തമാക്കുന്ന ഒക്ടോബറിലെ വീഡിയോ ഏറെ തരംഗമായിരുന്നു.
തുടക്കത്തിൽ വാഹനത്തിരക്ക് കണ്ട് ഭയന്ന് റോഡ് മുറിച്ചുകടക്കാൻ മടിച്ച താൻ, പിന്നീട് യാതൊരു ഭയവുമില്ലാതെ സുഗമമായി റോഡ് ക്രോസ് ചെയ്യുന്ന ഘട്ടത്തിലേക്ക് മാറിയത് ദൃശ്യങ്ങളിലൂടെ കാണിച്ച മരിയ, "ഇന്ത്യൻ റോഡുകൾ നിസാരക്കാർക്കുള്ളതല്ല" എന്ന കൗതുകകരമായ കുറിപ്പും അന്ന് പങ്കുവെച്ചിരുന്നു.
Tags : TravelVlog ChennaiMetro UkrainianInIndia IndianPublicTransport ChennaiDiaries CMRL