കഴിഞ്ഞ വർഷത്തെ പ്രയാഗ്രാജ് മഹാകുംഭമേളയ്ക്കിടെ രുദ്രാക്ഷമാലകൾ വിൽക്കുന്ന വീഡിയോയിലൂടെ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന 'മഹാകുംഭ് പെൺകുട്ടി' മോണാലിസ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
തന്റെ പ്രണയവിവാഹത്തെക്കുറിച്ച് ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ലൗ ജിഹാദ്' ആരോപണങ്ങളെയും പ്രായത്തെ സംബന്ധിച്ച തർക്കങ്ങളെയും പൂർണമായും തള്ളിക്കൊണ്ട് താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ പൂവാറിനടുത്തുള്ള ചരിത്രപ്രസിദ്ധമായ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു ഇന്ദോർ സ്വദേശിനിയായ മോണാലിസയും മഹാരാഷ്ട്രക്കാരനായ നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.
കേരളത്തിലെ മതേതര സ്വഭാവവും സാമൂഹിക സൗഹാർദ്ദവുമാണ് തങ്ങൾ വിവാഹത്തിനായി കേരളം തിരഞ്ഞെടുക്കാൻ കാരണമെന്ന് മോണാലിസ വ്യക്തമാക്കി. തികച്ചും ഹൈന്ദവ ആചാരപ്രകാരം നടന്ന വിവാഹത്തിൽ ചുവന്ന സാരിയും സിന്ദൂരവും അണിഞ്ഞാണ് മോണാലിസ എത്തിയത്.
ഫർമാൻ പരമ്പരാഗതമായ മുണ്ടും ഷർട്ടും ധരിച്ചു. തന്റെ വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഈ വിവാഹം നടന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഫർമാനെ വിവാഹം കഴിച്ചതെന്നും മോണാലിസ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മായിയുടെ മകനുമായി വിവാഹം നടത്താനായിരുന്നു മാതാപിതാക്കളുടെ പദ്ധതിയെന്നും എന്നാൽ ആ ബന്ധത്തിൽ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
ഫർമാൻ ആദ്യം വിവാഹത്തിന് മടിച്ചുനിന്നുവെങ്കിലും താൻ നിർബന്ധിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നതിലൂടെ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും തീരുമാനത്തെയും അവർ ഊന്നിപ്പറയുന്നു.
വിവാഹത്തിന് തൊട്ടുമുമ്പ് തന്നെ നാട്ടിലേക്ക് കൊണ്ടുപോകാൻ പിതാവ് ശ്രമിച്ചപ്പോൾ തമ്പാനൂർ പോലീസിന്റെ സഹായം തേടിയ ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. മോണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന തരത്തിലുള്ള പ്രചാരണങ്ങളെ പോലീസ് തള്ളിക്കളഞ്ഞു.
വിവാഹം നടന്ന അന്നുതന്നെ കേരള സർക്കാരിന്റെ കെ-സ്മാർട്ട് പോർട്ടൽ വഴി ഇരുവരും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തു. മോണാലിസയുടെ ജനന സർട്ടിഫിക്കറ്റ് പ്രകാരം അവർക്ക് 18 വയസ് പൂർത്തിയായെന്ന് അധികൃതർ സ്ഥിരീകരിച്ചതോടെ പ്രായത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കും അന്ത്യമായി.
ഇരുവരും ഒരേ സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് പ്രണയത്തിലായത്. ഈ പ്രണയബന്ധത്തിൽ മതപരിവർത്തനത്തിന് സ്ഥാനമില്ലെന്നും രണ്ടുപേരും സ്വന്തം മതത്തിൽ തന്നെ തുടരുന്നുവെന്നും ഫർമാൻ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എം.പി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിവാഹത്തിന് സാക്ഷികളായി എത്തിയത് വലിയ ശ്രദ്ധ പിടിച്ചുപറ്റി.
കേരളത്തിന്റെ യഥാർഥ മതസൗഹാർദ്ദത്തിന്റെ ഉദാഹരണമാണ് ഈ വിവാഹമെന്ന് നേതാക്കൾ വിശേഷിപ്പിച്ചു. നിലവിൽ പൂവാറിൽ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് താമസിക്കുന്ന ഈ ദമ്പതികൾ കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നത്.
VIDEO | Thiruvananthapuram, Kerala: “I got married according to Hindu rituals. It is not ‘love jihad’. I respect all religions and consider every religion equal,” says Viral Mahakumbh girl Monalisa.
— Press Trust of India (@PTI_News) March 12, 2026
(Full video available on https://t.co/n147TvrpG7) pic.twitter.com/LFNk6GzGMC
Tags : MahaKumbhGirl Monalisa FarmanKhan ViralWedding KeralaDiaries