മുഖപ്രസംഗം: ആശ്വാസകരമായ തെറ്റുതിരുത്തല്‍
Saturday, February 2, 2013 11:08 PM IST
സൂര്യനെല്ലി പീഡനക്കേസില്‍ 35 പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കിയതു നിയമവൃത്തങ്ങളില്‍ മാത്രമല്ല, പൊതുസമൂഹത്തിലും വലിയൊരു ചര്‍ച്ചാവിഷയമായിരിക്കുന്നു. കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എട്ടു വര്‍ഷം മുമ്പുണ്ടായ വിധിയാണ് ഇപ്പോള്‍ റദ്ദു ചെയ്തിരിക്കുന്നത്. ഹൈക്കോടതിവിധിയിലെ നിഗമനങ്ങള്‍ അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ പല നിഗമനങ്ങളുടെയും യുക്തിരാഹിത്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതൊക്കെ നീതിന്യായ സംവിധാനത്തിലെ പഴുതുകളെക്കുറിച്ച് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

സൂര്യനെല്ലിക്കേസിന്റെ വിധിയെഴുത്തില്‍ വന്ന പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പരമോന്നത കോടതി നടത്തിയ ഇടപെടല്‍ വൈകിയെങ്കിലും നീതി നിര്‍വഹിക്കപ്പെടുമെന്ന ഒരു പ്രതീക്ഷയാണ് അനേകരില്‍ ജനിപ്പിച്ചത്. വൈകിയെത്തുന്ന നീതിയുടെ അര്‍ഥരാഹിത്യവും അതുളവാക്കുന്ന ബുദ്ധിമുട്ടുകളും പണ്േട ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത കാരണങ്ങളാണു നീതി വൈകുന്നതിനു പിന്നിലുള്ളതെന്നു വിശദീകരിക്കപ്പെടുന്നുണ്െടങ്കിലും ഈ വൈകല്‍ വരുത്തിവയ്ക്കുന്ന പ്രതിസന്ധികളെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്.

സൂര്യനെല്ലിക്കേസ് കേരളത്തിന്റെ സാമൂഹ്യ, ധാര്‍മിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായത് അതുയര്‍ത്തുന്ന ചില അടിസ്ഥാന ധാര്‍മിക പ്രശ്നങ്ങളില്‍നിന്നാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ 42 പേര്‍ പല സ്ഥലത്തുവച്ചു 40 ദിവസത്തോളം പീഡിപ്പിച്ചുവെന്ന കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരേ ഹൈക്കോടതി ചില സംശയങ്ങള്‍ ഉയര്‍ത്തി. 40 ദിവസം വീടിനു പുറത്തു കഴിഞ്ഞ ഈ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി തെളിയിക്കപ്പെടാതിരുന്നതും ഹൈക്കോടതിവിധിയെ സ്വാധീനിച്ച സാഹചര്യമാകാം. എന്നാല്‍, സ്കൂള്‍ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുടെ അപക്വമായ മാനസിക വ്യാപാരങ്ങളും അവളെ പീഡിപ്പിക്കുകയും പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തവരുടെ കഴുകന്‍ മനോഭാവവുമൊക്കെ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്കു വീഴ്ചയുണ്ടായി എന്നാണു സുപ്രീംകോടതിയുടെ നിരീക്ഷണം.

സമൂഹത്തിലെ ധാര്‍മികത്തകര്‍ച്ചയുടെ ചൂണ്ടുപലകകളാണു സൂര്യനെല്ലിക്കേസും അതുപോലുള്ള സംഭവങ്ങളും. പല കേസുകളിലും പ്രതികളാകുന്നവര്‍ ചില്ലറക്കാരല്ല. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ കേസു നടത്താന്‍ കെല്പുള്ളവരാണിവരില്‍ പലരും. കേസില്‍ ഉള്‍പ്പെട്ട ഒരു അഭിഭാഷകന്‍ വിചാരണയുടെ കാലയളവില്‍ ഒളിവിലായിരിക്കെത്തന്നെ പലപ്പോഴും നാട്ടില്‍ വന്നും പോയുമിരുന്നു. പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവ് അഞ്ചുവര്‍ഷമായി ചുരുക്കിയശേഷം പരോളിലിറങ്ങി മുങ്ങിയ ഇയാളെപ്പറ്റി ഇപ്പോള്‍ യാതൊരു വിവരവുമില്ല. ഈ കേസിലെ രണ്ടാം പ്രതിയും 38-ാം പ്രതിയും സ്ത്രീകളായിരുന്നു. നിരവധി പേരുടെ പീഡനത്തിനു പെണ്‍കുട്ടി ഇരയായതില്‍ ഈ സ്ത്രീകളുടെ പങ്ക് നിര്‍ണായകമായിരുന്നു.


ഒട്ടുമിക്ക പീഡനക്കേസുകളിലും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇടനിലക്കാരികളായ സ്ത്രീകളുടെ സാന്നിധ്യം. ഇരയെ ശരിക്കും വില്പനച്ചരക്കാക്കി പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്യുന്ന ഈ സ്ത്രീവേഷങ്ങളോടു നിയമവും സമൂഹവും യാതൊരു സൌമനസ്യവും കാണിക്കരുത്. സ്ത്രീതന്നെ സ്ത്രീക്കു വിനയാകുകയാണിവിടെ. പിടികൂടപ്പെടുമ്പോഴും കേസിലുള്‍പ്പെടുമ്പോഴും പല പഴുതുകളിലൂടെയും ഇവര്‍ക്ക് അനായാസം രക്ഷപ്പെടാന്‍ കഴിയുന്നുവെന്നത് അവഗണിക്കാവുന്ന കാര്യമല്ല.

സ്ത്രീപീഡനക്കേസുകളിലും പെണ്‍വാണിഭക്കേസുകളിലും നിയമവും നീതിയും അപഹസിക്കപ്പെടുകയാണ്. സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് അസാധാരണമെന്നു നിയമജ്ഞര്‍തന്നെ വിശേഷിപ്പിക്കുന്നു. എങ്കിലും എത്ര വൈകിയാലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന കാവ്യനീതിയെക്കുറിച്ച് അതു ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്നു. സമ്പത്തും അധികാരവും നിയമത്തെയും നീതിനിര്‍വഹണത്തെയും സ്വാധീനിക്കുന്നുവെന്ന തോന്നല്‍ പൊതുസമൂഹത്തിനുണ്ടാകുന്നതാണ് ഒരു ജനാധിപത്യ സംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.

നാമമാത്ര ജനാധിപത്യം കൊണ്ടുനടക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജുഡീഷറിയെ തങ്ങളുടെ കളിപ്പാവയാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ ജുഡീഷറിയുടെ നീതിബോധവും ധാര്‍മികതയും പ്രശംസനീയംതന്നെ. ജുഡീഷറി പലപ്പോഴും ഇവിടെ കടുത്ത വിമര്‍ശനത്തിനു വിഷയമാകാറുണ്ട്. ഉന്നത ന്യായാധിപന്മാര്‍തന്നെ ജുഡീഷറിക്കെതിരേ വിമര്‍ശനശരങ്ങള്‍ തൊടുത്തുവിടാറുമുണ്ട്. ജുഡീഷറിയെ കൂടുതല്‍ ശുഭ്രമാക്കാന്‍ അത്തരം വിമര്‍ശനങ്ങള്‍ ഉപകരിച്ചിട്ടുണ്െടന്നു തോന്നുന്നു.

വികസനത്തിന്റെ പേരില്‍ എന്ത് അസാന്മാര്‍ഗികതയുമാകാം എന്നു കരുതുന്നവര്‍ നമ്മുടെ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമൊക്കെയുണ്ട്. എമേര്‍ജിംഗ് കേരളയുടെ പേരില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹം മറന്നിട്ടില്ല. വേളിയില്‍ ടൂറിസം വികസനത്തിന്റെ പേരില്‍ നിശാക്ളബ് തുടങ്ങാന്‍ പദ്ധതി അവതരിപ്പിക്കാനിരുന്നതു പിന്നീട് വിമര്‍ശനമുയര്‍ന്നപ്പോള്‍ പിന്‍വലിക്കുകയായിരുന്നു. ഇത്തരം പദ്ധതികളെ വിവേകമുള്ളവര്‍ എതിര്‍ത്തപ്പോള്‍ ഇവിടത്തെ ചില പുരോഗമനവാദികള്‍ക്കു രസിച്ചില്ല. നിശാക്ളബ് സംസ്കാരം നാട്ടില്‍ ലൈംഗിക അരാജകത്വം വിതയ്ക്കുകയും കൂട്ടമാനഭംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യുന്നതിനെപ്പറ്റി പലര്‍ക്കും പരാതിയില്ലെന്നു മാത്രമല്ല അതൊക്കെ വേണ്ട കാര്യങ്ങളാണെന്നുവരെയുള്ള നിലപാടാണ് അവര്‍ക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.