കള്ളപ്പണം പുറത്തെത്തിയെന്നു കണക്കുകളിൽ വ്യക്തം: കുമ്മനം
Wednesday, January 11, 2017 3:31 PM IST
തൃശൂർ: കള്ളപ്പണം പുറത്തെത്തി എന്നുതന്നെയാണു പാർലമെന്റ് ധനകാര്യ കമ്മിറ്റിക്കു റിസർവ് ബാങ്ക് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തിരിച്ചെത്തിയതിൽ നാലുലക്ഷം കോടി കള്ളപ്പണമാണെന്നാണു കണക്കുകൾ. നവംബർ എട്ടിനുശേഷം രണ്ടുലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ ഏഴരലക്ഷം കോടിയുടേതാണ്.
നിഷ്ക്രിയ അക്കൗണ്ടുകളിൽ 25,000 കോടിയാണ് നിക്ഷേപിക്കപ്പെട്ടത്. ഗ്രാമീണ-സഹകരണ ബാങ്കുകളിൽ നവംബർ എട്ടിനുശേഷം 13,000 കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ലോണ് തിരിച്ചടവായി 80,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ വൻ വിജയമാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദിയെ കുറ്റവിചാരണ ചെയ്യുമെന്നാണ് കോടിയേരി പറയുന്നത്. സാമ്പത്തിക പരിഷ്കരണ നടപടികൾ സാധാരണ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുകയും വലിയ ആശ്വാസം നല്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരേ നുണപ്രചാരണം നടത്തുന്ന കോടിയേരിയെയാകും ജനങ്ങൾ വിചാരണ ചെയ്യുകയെന്നും കുമ്മനം പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ ബിജെപി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ കള്ളപ്പണ മാഫിയയും അവർക്കൊപ്പം നിൽക്കുന്നവരും വിഭ്രാന്തിയിലാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പാമ്പാടി കോളജിലെ വിദ്യാർഥി ജിഷ്ണു മരിക്കാനിടയായ സംഭവം വിദഗ്ധസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കുമ്മനം പറഞ്ഞു. മരണത്തിനുപിന്നിലെ ദുരൂഹതകളും ഗൂഢാലോചനയും പുറത്തുവരണം.
കഞ്ചിക്കോട് സിപിഎം ആക്രമണത്തിനിരയായി ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൻ, വിമലാദേവി എന്നിവരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കുമ്മനം.
സംസ്ഥാനത്തു ക്രമസമാധാനനില പാടേ തകർന്നു. ദിനംപ്രതി നില വഷളാവുകയാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മോശമാണ് കേരളത്തിലെ ക്രമസമാധാന നില. ആഭ്യന്തര വകുപ്പിന്റെ പരാജയമാണിത് കാണിക്കുന്നത്. ഭരണകക്ഷി തന്നെ അക്രമത്തിനു നേതൃത്വം നൽകുകയാണ്. സർവകക്ഷി യോഗത്തിലും ഉഭയകക്ഷി ചർച്ചയിലും ഉണ്ടായ തീരുമാനങ്ങൾ സിപിഎമ്മും സർക്കാരും മാനിക്കുന്നില്ല. ആദിവാസി -ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിനിരയാകുന്നതിലേറെയും. ദളിത് വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.
കലാലയങ്ങളിൽ അശാന്തിയും കലാപവും രൂക്ഷമാകുന്നു. വിദ്യാർത്ഥികൾ പീഡനങ്ങൾക്കിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. സ്വകാര്യ മാനേജ്മെന്റുകളുടെ ചൂഷണത്തിനുമുന്നിൽ സർക്കാർ മൂകസാക്ഷിയാവുകയാണെന്നും കുമ്മനം ആരോപിച്ചു.