ദൈവേഷ്ടത്തിനു വഴങ്ങി...
(ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ ശ്ളൈഹികശുശ്രൂഷയുടെ അവസാന ഞായറാഴ്ചയായിരുന്ന 24ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികളോടായി നടത്തിയ പ്രസംഗം.)

പ്രിയ സഹോദരീസഹോദരന്മാരേ,

നമ്മുടെ കര്‍ത്താവായ യേശുവിന്റെ രൂപാന്തരീകരണത്തിന്റെ സുവിശേഷമാണു നോമ്പുകാലത്തിലെ രണ്ടാം ഞായറാഴ്ച ആരാധനക്രമം നമുക്കെപ്പോഴും നല്കുന്നത്. പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോഴാണു യേശു രൂപാന്തരപ്പെട്ടത് എന്നതിനു സുവിശേഷകനായ ലൂക്കാ പ്രത്യേക ഊന്നല്‍ കൊടുക്കുന്നു. ശിഷ്യന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരോടൊത്ത് ഉന്നതമായ മലയില്‍ ധ്യാനത്തിലിരിക്കുമ്പോള്‍ യേശുവിനു പിതാവുമായുള്ള ബന്ധത്തിലെ ഗാഢമായ ഒരു അനുഭവമാണ് ഉണ്ടായത്. ദൈവിക വെളിപാടുണ്ടായ അവസരങ്ങളിലെല്ലാം യേശുവിനൊപ്പം ഈ മൂന്നു ശിഷ്യരും സന്നിഹിതരായിരുന്നു (ലൂക്ക 5:10, 8:51, 9:28).

തന്റെ മരണത്തെയും പുനരുത്ഥാനത്തെയുംപറ്റി അല്പംമുമ്പു പറഞ്ഞ കര്‍ത്താവ് (9:22) ശിഷ്യര്‍ക്കു തന്റെ മഹത്ത്വം വെളിപ്പെടുത്തിക്കൊടുക്കുന്നുണ്ട്. യേശുവിന്റെ ജ്ഞാനസ്നാന സമയത്തെന്നതുപോലെ രൂപാന്തരീകരണസമയത്തും സ്വര്‍ഗസ്ഥനായ പിതാവിന്റെ സ്വരം നാം ശ്രവിക്കുന്നു: ഇവന്‍ എന്റെ പുത്രനാകുന്നു. തെരഞ്ഞെടുക്കപ്പെട്ടവനായ ഇവന്റെ സ്വരം ശ്രവിക്കുവിന്‍ (9:35). രൂപാന്തരീകരണ സമയത്ത്, പഴയ നിയമത്തിലെ നിയമത്തെയും പ്രവാചകന്മാരെയും പ്രതിനിധാനം ചെയ്യുന്നവരായ മോശയുടെയും ഏലീശ്വായുടെയും സാന്നിധ്യം വളരെ പ്രാധാന്യമുള്ളതാണ്. രക്ഷാകരചരിത്രം പുതിയൊരു പുറപ്പാട് നയിക്കുന്ന യേശുവില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നു. യേശു പുറപ്പാടു നയിക്കുന്നതു മോശയുടെ കാലത്തേതുപോലെ വാഗ്ദത്ത ഭൂമിയിലേക്കല്ല, സ്വര്‍ഗത്തിലേക്കാണ്. 'കര്‍ത്താവേ, നമ്മള്‍ ഇവിടെയിരിക്കുന്നതു നല്ലതാകുന്നു' (9:33) എന്ന പത്രോസിന്റെ വാക്കുകള്‍ ഈ അലൌകിക അനുഭവം തടയുന്നതിനുള്ള അസാധ്യശ്രമത്തെയാണു സൂചിപ്പിക്കുന്നത്. സെന്റ് അഗസ്റിന്‍ പറയുന്നു: 'മലമുകളിലിരുന്ന പത്രോസിനു യേശു ആത്മാവിന്റെ ഭക്ഷണമായിരുന്നു. പ്രചോദനം പകരുന്ന ദൈവത്തിന്റെ വിശുദ്ധ സ്നേഹത്തില്‍ നിറഞ്ഞിരിക്കുമ്പോള്‍ അധ്വാനത്തിന്റെയും വേദനകളുടെയും ഇടത്തേക്ക് അദ്ദേഹം എന്തിനാണു മടങ്ങിപ്പോകുന്നത്?

സുവിശേഷത്തിലെ ഈ ഭാഗം ധ്യാനിക്കുമ്പോള്‍ നമുക്കു വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനാവും. പ്രാര്‍ഥനയുടെ പ്രാധാന്യമാണ് ആദ്യത്തേത്. അതില്ലാതെയുള്ള അപ്പസ്തോല പ്രവര്‍ത്തനങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും അര്‍ഥമില്ലാത്ത വ്യായാമമായി ചുരുങ്ങിപ്പോകും. വ്യക്തിപരവും സാമൂഹികവുമായ പ്രാര്‍ഥനയ്ക്ക് ആവശ്യമായ സമയം കൊടുക്കേണ്ടതു നോമ്പില്‍ നാം പഠിക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തിനു ജീവശ്വാസം നല്കുന്നതു പ്രാര്‍ഥനയാണ്. താബോര്‍ മലയില്‍വച്ചു പത്രോസ് ആഗ്രഹിച്ചതുപോലെ ലോകത്തില്‍നിന്നും അതിന്റെ വൈരുധ്യങ്ങളില്‍നിന്നും ഒരാളെ അകറ്റിനിര്‍ത്താന്‍ വേണ്ടിയുള്ളതല്ല പ്രാര്‍ഥന. പ്രത്യുത, നേര്‍വഴിയിലേക്കും പ്രവര്‍ത്തനത്തിലേക്കും നയിക്കാനുള്ളതാണത്.


ക്രൈസ്തവജീവിതം ദൈവത്തെ ദര്‍ശിക്കുന്നതിനുവേണ്ടിയുള്ള നിരന്തരമായ മലകയറ്റവും തിരിച്ചിറക്കവുമാണെന്നു നോമ്പുകാല സന്ദേശത്തില്‍ ഞാന്‍ എഴുതിയിരുന്നു. ദൈവത്തില്‍നിന്നു സ്നേഹവും ഊര്‍ജവും ഉള്‍ക്കൊണ്ട്, ദൈവസ്നേഹത്തോടെ നമ്മുടെ സഹോദരീസഹോദരന്മാരെ സേവിക്കാന്‍ കഴിയണം. പ്രിയ സഹോദരീസഹോദരന്മാരേ, ദൈവത്തിന്റെ ഈ വാക്കുകള്‍, എന്റെ ജീവിതത്തിലെ ഈ ഘട്ടത്തില്‍ എന്നെ പ്രത്യേകമായി ഉദ്ദേശിച്ചിട്ടുള്ളതാണെന്നു ഞാന്‍ കരുതുന്നു.

കൂടുതല്‍ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുംവേണ്ടി സ്വയം ഉഴിഞ്ഞുവയ്ക്കുന്നതിനുള്ള മലകയറ്റത്തിനു കര്‍ത്താവ് എന്നെ വിളിക്കുകയാണ്. എന്നാല്‍, ഇതിനര്‍ഥം ഞാന്‍ സഭയെ ഉപേക്ഷിക്കുന്നു എന്നല്ല. മറിച്ച്, ഇതുചെയ്യാന്‍ ദൈവം എന്നോട് ആവശ്യപ്പെടുന്നുണ്െടങ്കില്‍ അതു ഞാന്‍ ഇതുവരെ ചെയ്ത അതേ സ്നേഹത്തോടും അര്‍പ്പണത്തോടുംകൂടെയും, അതേസമയം എന്റെ പ്രായത്തിനും ശേഷിക്കും കൂടുതല്‍ യോജിച്ചവിധത്തിലും, തുടര്‍ന്നും സഭയെ സേവിക്കുന്നതിനാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥത നമുക്ക് അപേക്ഷിക്കാം. പ്രാര്‍ഥനയിലും പ്രവര്‍ത്തനത്തിലും യേശുവിന്റെ മാര്‍ഗം പിന്തുടരുന്നതിന് അമ്മ എപ്പോഴും നമ്മെ സഹായിക്കും.

ഈ പ്രാര്‍ഥനയ്ക്കു സന്നിഹിതരായിരിക്കുന്ന എല്ലാവരെയും ഞാന്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു. ഈ ദിവസങ്ങളില്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും വിവിധ രൂപങ്ങളില്‍ കൃതജ്ഞതയും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഉയിര്‍പ്പുഞായര്‍വരെ നോമ്പിലെ യാത്ര തുടരുന്ന നമുക്കു രക്ഷകനായ യേശുവില്‍ കണ്ണുകള്‍ അര്‍പ്പിച്ചിരിക്കാം. രൂപാന്തരീകരണം നടന്ന മലയില്‍ അവിടുത്തെ മഹത്ത്വമാണല്ലോ വെളിപ്പെടുത്തപ്പെട്ടത്. ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹം നിങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകട്ടെ.