റൊണാൾഡോയ്ക്ക് എതിരില്ല; രണ്ടാം വട്ടവും യൂറോപ്പിലെ മികച്ച ഫുട്ബോളർ
Thursday, August 25, 2016 8:48 PM IST
മൊണാക്കോ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിയൊന്നുകാരനായ റൊണാൾഡോ റയൽ മാഡ്രിഡിലെ സഹതാരം ഗരെത് ബെയ്ലിനെയും അത്ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാനെയും മറികടന്നാണ് രണ്ടാമതും യൂറോപ്പിലെ മികച്ച ഫുട്ബോളർ ആകുന്നത്.

റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും പോർച്ചുഗലിന്റെ ജെഴ്സിയിൽ യുവേഫ യൂറോ കപ്പു നേടിയതാണ് റൊണാൾഡോയെ മികച്ച താരത്തിലേക്കുള്ള വഴിയിൽ ബഹുദൂരം മുന്നിലെത്തിച്ചത്. യൂറോ കപ്പിൽ റൊണാൽഡോയുടെ മികവിലാണ് പോർച്ചുഗൽ ഫൈനലിൽ എത്തിയത്. എന്നാൽ, ഫൈനലിൽ പരിക്കേറ്റ് കളംവിടേണ്ടിവന്നെങ്കിലും ആതിഥേയരായ ഫ്രാൻസിനെ കീഴടക്കി പറങ്കിപ്പട തങ്ങളുടെ കന്നി യൂറോ കപ്പ് ചുണ്ടോടടുപ്പിച്ചു. 2014ലാണ് റൊണാൾഡോയെ തേടി മികച്ച യൂറോപ്യൻ താരത്തിനുള്ള പുരസ്കാരം മുമ്പ് എത്തിയത്.

2003 മുതൽ 2009വരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നു റൊണാൾഡോ. 2009ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൽ എത്തി. മാഞ്ചസ്റ്ററിനൊപ്പവും റയലിനൊപ്പവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ പങ്കാളിയായി. ഇരു ടീമുകൾക്കൊപ്പവും ഫിഫ ക്ലബ് ലോകകപ്പിലും പോർച്ചുഗൽ താരം മുത്തമിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.