ആരോഗ്യമന്ത്രിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി
Thursday, August 24, 2017 8:07 AM IST
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലും ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ തീയതി നീട്ടിയത് കൂടുതൽ പേർക്ക് അവസരം ഒരുക്കാനാണ്. നിയമ സെക്രട്ടറി വിശദമായി പരിശോധിച്ചായിരുന്നു നിയമനം. അതിനാൽ തന്നെ ഇതിൽ തെറ്റായൊന്നുമില്ലെന്നും മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അടിയന്തരപ്രമേയത്തിനു മറുപടിയായി പറഞ്ഞു.

ആരോഗ്യമന്ത്രിക്കെതിരായ കോടതി പരാമർശം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ.സി. ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മന്ത്രിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് ദൗർഭാഗ്യകരമാണ്. ഒരാഴ്ചയ്ക്കിടെ മന്ത്രിക്കെതിരേ മൂന്നു തവണ കോടതി വിമർശനം വരുന്നത് ഇത് ആദ്യമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ സത്യഗ്രഹവും സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു.

രാവിലെ സഭ തുടങ്ങിയപ്പോൾ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചോദ്യോത്തരവേള തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് അവസാനിക്കും.
RELATED NEWS