ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിൽ തന്ത്രിക്കൊപ്പം മന്ത്രി
Monday, October 23, 2017 2:49 PM IST
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളേ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ അഭിപ്രായത്തെ അനുകൂലിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിയുടെ അഭിപ്രായത്തെ പൂർണമായും അനുകൂലിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര പ്രവേശന വിഷയത്തിൽ സർക്കാർ മുൻകൈയെടുക്കണമെന്ന് നേരത്തെ തന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച ശേഷം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.

ആചാരങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങൾ അറിഞ്ഞ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും വ്യക്തമാക്കിയ തന്ത്രി സർക്കാർ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാൻ തയാറാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാടറിയിച്ച് ദേവസ്വംമന്ത്രി രംഗത്തെത്തിയത്.
RELATED NEWS