കോവളം കൊട്ടാരം: മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്െടന്നു പന്ന്യന്‍
Wednesday, November 14, 2012 7:14 PM IST
കാസര്‍ഗോഡ്: കോവളം കൊട്ടാരം പ്രശ്നം മുന്നണിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കാസര്‍ഗോഡ് ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭൂമിയാണിത്.

ഇതു സര്‍ക്കാരിനു ലഭിക്കണമെന്നു പറയാന്‍ മുന്നണി തീരുമാനമൊന്നും വേണ്ട. എന്നാല്‍ ആയിരം കോടിയുടെ സ്വത്ത് സ്വകാര്യ മുതലാളിക്കു പാട്ടത്തിനു നല്‍കാനുള്ള തീരുമാനത്തെ എതിര്‍ക്കും. ഇതിനെതിരെയുള്ള സമരവുമായി സിപിഐ മുന്നോട്ടുപോകും. സര്‍വകക്ഷി യോഗം വിളിച്ചു കൊട്ടാര വില്‍പനയ്ക്കു അംഗീകാരം നേടാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. അതിനായി അവര്‍ സര്‍വ കക്ഷിയോഗത്തിലേക്കു പാര്‍ട്ടി പ്രതിനിധികളെയല്ല വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോവളം കൊട്ടാരം സംബന്ധിച്ചു സിപിഐ ഉന്നയിച്ച അഭിപ്രായത്തിനെതിരെ എല്‍ഡിഎഫില്‍ ആരും അഭിപ്രായം പറഞ്ഞിട്ടില്ല. അതുകൊണ്ടു സിപിഐ അഭിപ്രായത്തിനു എതിരാണു മറ്റു ഇടതു കക്ഷികള്‍ എന്നു വ്യക്തമാണ്. സര്‍വകക്ഷി യോഗം വിളിച്ചാല്‍ കക്ഷികള്‍ അവരുടെ അഭിപ്രായം പറയും. 21നു ഇടതു മുന്നണി യോഗം ചേര്‍ന്നു പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

കോവളം കൊട്ടാരം വിഷയം ഈ യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു. യുഡിഎഫ് കലാപ മുന്നണിയായി. പാര്‍ലമെന്റു തെരഞ്ഞെടുപ്പുവരെ മാത്രമേ സര്‍ക്കാരിന് ആയുസുള്ളൂവെന്നും പന്ന്യന്‍ പറഞ്ഞു.