നിയന്ത്രണരേഖയില്‍ സംഘര്‍ഷത്തിനു അയവുവന്നതായി ഖുര്‍ഷിദ്
Monday, January 21, 2013 8:51 AM IST
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തേത്തുടര്‍ന്ന് ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ഉടലെടുത്ത ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു അയവുവന്നതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യ സ്വീകരിച്ച വിവേകപരമായ നിലപാട് നിയന്ത്രണരേഖയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ പാക്കിസ്ഥാനു പങ്കില്ലെന്ന് വ്യക്തമാക്കിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബാഷിറിന്റെ പ്രസ്താവനയോടു മന്ത്രി പ്രതികരിച്ചില്ല. എല്ലാ പ്രസ്താവനകള്‍ക്കും പ്രതികരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിനു മന്ത്രിയുടെ മറുപടി. അതിര്‍ത്തി വിഷയത്തില്‍ സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാധ്യമത്തില്‍ കൂടി ചര്‍ച്ചയ്ക്കു തയാറാണെന്ന ഹിനാ റബ്ബാനിയുടെ പ്രസ്താവന ഔദ്യോഗിക ക്ഷണമായി കരുതാനാവില്ലെന്നു ഖുര്‍ഷിദ് വ്യക്തമാക്കി.