ഡേവിഡ് ബെക്കാം പിഎസ്ജിക്കു വേണ്ടി ജേഴ്സി അണിയുന്നു
Thursday, January 31, 2013 9:18 PM IST
പാരിസ്: ഫ്രഞ്ച് ഫുട്ബോള്‍ ക്ളബ്ബായ പാരിസ് സെന്റ് ജര്‍മനു(പിഎസ്ജി) വേണ്ടി ഡേവിഡ് ബെക്കാം ജേഴ്സി അണിയുന്നു. മുന്‍ ഇംഗ്ളീഷ് താരമായ ബെക്കാം അഞ്ചു മാസത്തെ കരാറിലാണ് പിഎസ്ജിയുമായി ഒപ്പുവച്ചിരിക്കുന്നത്. പ്രതിഫലമായി ലഭിക്കുന്ന പത്തു ലക്ഷം പൌണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബെക്കാം ഉപയോഗിക്കുക.

ക്ളബ്ബിനു വേണ്ടി ഫ്രീ ആയി കളിക്കുമെന്നും താന്‍ പ്രതിഫലം വാങ്ങില്ലെന്നും ബെക്കാം പറഞ്ഞു. തന്റെ പ്രതിഫലം അവിടുത്തെ കുട്ടികളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുക. ഇത്തരമൊരു തീരുമാനമെടുത്തതില്‍ അഭിമാനമുണ്ടെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു. എസി മിലാന്‍ അടക്കം പന്ത്രണ്ടിലധികം ക്ളബ്ബുകളില്‍ നിന്നുള്ള വമ്പന്‍ ഓഫറുകള്‍ നിരസിച്ചാണ് ബെക്കാം, പിഎസ്ജിയുമായി കരാറില്‍ എത്തിയത്. അമേരിക്കന്‍ ക്ളബ്ബ് ലോസ്ആഞ്ചലസ് ഗാലക്സിയില്‍ നിന്ന് അഞ്ചുവര്‍ഷത്തിനുശേഷം വിരമിച്ച ബെക്കാം തന്റെ പുതിയ താവളത്തേക്കുറിച്ച് കഴിഞ്ഞദിവസം ചെറിയ സൂചന നല്‍കിയിരുന്നു.