വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളം സെമിയില്‍
Wednesday, February 27, 2013 8:35 AM IST
വിശാഖപട്ടണം: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെ 46 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം സെമിബര്‍ത്ത് ഉറപ്പാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം ടൂര്‍ണമെന്റിന്റെ സെമിയില്‍ സ്ഥാനം നേടുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം വി.എ.ജഗദീഷ് (119), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (പുറത്താകാതെ 104) എന്നിവരുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 320 എന്ന കൂറ്റന്‍ സ്കോര്‍ നേടി. 120 പന്ത് നേരിട്ട ജഗദീഷ് എട്ട് ഫോറും ഒരു സിക്സും നേടി. 70 പന്തില്‍ 12 ഫോറുകളുടെ പിന്‍ബലത്തിലാണ് സച്ചിന്‍ 104 റണ്‍സ് നേടിയത്. സഞ്ചു വി.സാംസണ്‍ 43 റണ്‍സ് നേടി. പഞ്ചാബിന് വേണ്ടി ഇന്ത്യന്‍ താരം യുവരാജ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 47.3 ഓവറില്‍ 274 റണ്‍സിന് പുറത്തായി. ഗുര്‍ക്രീദ് സിംഗ് (99), ക്യാപ്റ്റന്‍ മന്ദീപ് സിംഗ് (81) എന്നിവര്‍ പഞ്ചാബ് നിരയില്‍ പൊരുതിയെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല. യുവരാജ് സിംഗ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പ്രശാന്ത് പരമേശ്വരനായിരുന്നു യുവരാജിന്റെ വിക്കറ്റ്. ഇതടക്കം പ്രശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാര്യര്‍, പി.പ്രശാന്ത്, റൈഫി വിന്‍സന്റ് ഗോമസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.