കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെ ചെറുത്തു നിൽക്കുന്നതും ദീർഘ കാലം ഈടു നിൽക്കുന്നതുമായ ഉത്പന്നങ്ങളിലൂടെ ഉത്പന്ന ശ്രേണി വിപുലമാക്കുക എന്നുള്ളതാണ് പെയിന്‍റ് നിർമാണ കന്പനികളെല്ലാം ലക്ഷ്യമിടുന്നത്.

ഈ ലക്ഷ്യത്തിനപ്പുറം വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കൾക്കും ഉത്പന്നങ്ങളുടെ ഗുണമേൻമയ്ക്കും തുല്യ പ്രാധാന്യം നൽകി മുന്നേറുക എന്ന സമീപനമാണ് ബർജർ പെയിന്‍റ്സ് സ്വീകരിച്ചിട്ടുള്ളത്. ബർജർ പെയിന്‍റ്സിന്‍റെ നവീനമായ ആശയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും റീജിയണൽ സെയിൽസ് മാനേജരായ സെജു കെ ഈപ്പൻ വിശദീകരിക്കുന്നു.

എക്സ്പ്രസ് പെയിന്‍റിംഗ്; പെയിന്‍റിംഗിനെക്കുറിച്ച് നോ ടെൻഷൻ

വിദഗ്ധരായ തൊഴിലാളികളെ സൃഷിടിക്കുന്നു എന്നതിൽ മാത്രം കന്പനിയുടെ പ്രവർത്തനം ഒതുങ്ങുന്നില്ല. ഇങ്ങനെ പരിശീലനം നൽകി പ്രാപ്തരാക്കുന്ന പെയിന്‍റിംഗ് തൊഴിലാളികൾക്കു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉപയോക്താക്കൾക്ക് മികച്ച തൊഴിലാളികളെ ലഭ്യമാക്കാനും കന്പനി ശ്രദ്ധിക്കുന്നുണ്ട്. തൊഴിലാളികൾക്കും ഉപയോക്താക്കൾക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന പ്ലാറ്റ്ഫോമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

പെയിന്‍റിംഗ് ആവശ്യമുള്ള ഉപയോക്താക്കൾ ബർജർ പെയിന്‍റിന്‍റെ എക്സ്പ്രസ് പെയിന്‍റിംഗ്’ കോൾ സെന്‍ററിലേയ്ക്ക് വിളിച്ചാൽ മതി. പെയിന്‍റ് ചെയ്യേണ്ട വീടോ മറ്റു കെട്ടിടങ്ങളോ തുടർന്നു കന്പനിയുടെ എക്സിക്യുട്ടീവ് സന്ദർശിക്കും. അയാൾ കെട്ടിടത്തിന്‍റെ ഈർപ്പം മോയിസ്ച്ചർ മീറ്റർ ഉപയോഗിച്ച് അളക്കും. ലേസർ മീറ്റർ ഉപയോഗിച്ച് വീടിന്‍റെ ചുറ്റളവ് എടുക്കും. പിഎച്ച് പേപ്പർ ഉപയോഗിച്ച് പിഎച്ച് ടെസ്റ്റ് നടത്തും. ഇങ്ങനെ നടത്തുന്ന പരിശോധനകൾക്കു ശേഷം ഏകദേശം എത്ര രൂപ ചെലവു വരും എന്നു പറഞ്ഞു കൊടുക്കും. കന്പനിയുടെ എക്സിക്യുട്ടീവ് സൗജന്യമായാണ് ഈ നിർദേശങ്ങൾ എല്ലാം നൽകുന്നത്.
അതിനു ശേഷം കന്പനിയിൽ നിന്നും പരിശീലനം നേടിയ പെയിന്‍റിംഗ് ജോലിക്കാരുടെ ലിസ്റ്റ് കന്പനിയുടെ കൈവശമുണ്ട്. അതിൽ നിന്നും ഉപയോക്താക്കളുടെ സമീപത്തുള്ള പെയിന്‍റിംഗ് ജോലിക്കാരെ പെയിന്‍റിംഗിനായി നിയോഗിക്കും. ഇതു വഴി ഉപയോക്താക്കൾക്ക് വിദഗ്ധരായ തൊഴിലാളികളെ ലഭിക്കും. കന്പനിയുടെ എക്സിക്യുട്ടീവ് മേൽനോട്ടം വഹിക്കാനുള്ളതിനാൽ ഉപയോക്താക്കൾക്ക് പെയിന്‍റിംഗ് കാലത്തെ പലവിധ ടെൻഷനുകളും ഒഴിവാക്കാം. എക്സപ്രസ് പെയിന്‍റിംഗ് വഴിയായി 19 കോടി രൂപയുടെ ബിസിനസാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്.

വാരാന്ത പെയിന്‍റിംഗ്; ആഘോഷിക്കാം അവധിദിനങ്ങൾ

ആഴ്ച്ചയുടെ അവസാന ദിവസങ്ങൾ നഗരത്തിൽ ജീവിക്കുന്നവർക്ക് അവധി ദിവസങ്ങളാണ്. വെള്ളിയാഴ്ച്ച വൈകുന്നേരം നാട്ടിലേയ്ക്കു പോകുന്നവരാണ് പലരും. അവർക്ക് വീടൊന്നു പെയിന്‍റു ചെയ്യണമെങ്കിൽ അവധി ദിവസങ്ങൾ നാട്ടിലേയ്ക്കു പോകാതെ ഇവിടെ തങ്ങണം അല്ലെങ്കിൽ അവധി എടുക്കണം. നഗരത്തിൽ തന്നെ തങ്ങേണ്ട സ്ഥിതി വരും. ഇനി അങ്ങനെയൊരു വിഷമം ഉപയോക്താക്കൾക്കുണ്ടാകാതിരിക്കാനുള്ള സംവിധാനവും കന്പനി ഉടനെ നടപ്പിൽ വരുത്തും.

ഉപയോക്താക്കൾ പെയിന്‍റിംഗ് ബുക്ക് ചെയ്ത് വെള്ളിയാഴ്ച്ച വൈകുന്നേരം താക്കോൽ ഏൽപ്പിച്ചിട്ടു പോകാം. ഞായറാഴ്ച്ച വൈകുന്നേരമാകുന്പോഴേക്കും വീട് പെയിന്‍റ് ചെയ്തു വൃത്തിയാക്കി വെച്ചിട്ടുണ്ടാകും. നവംബർ മുതൽ മെട്രോ നഗരങ്ങളിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. കേരളത്തിൽ കൊച്ചി മാത്രമാണ് ഈ പദ്ധതിയിലുള്ളത്.

സ്വർണ്ണം, പണം എന്നിവ വീടിനുള്ളിൽ സൂക്ഷിക്കരുത് എന്നു പ്രത്യേകം ഉപയോക്താക്കളോട് പറയും. കന്പനിയുടെ കോൾ സെന്‍ററിൽ നിന്നും ഉപയോക്താക്കളെ വിളിച്ച് ഫീഡ് ബാക്ക് എടുത്തതിനു ശേഷം ഫൈവ് സ്റ്റാർ റേറ്റിംഗുള്ള പെയിന്‍റിംഗ് തൊഴിലാളികളെയാണ് ഇത്തരത്തിൽ നിയോഗിക്കുന്നത്.


ഗുണമേൻമ, ഉപയോക്താക്കൾ

ഉപയോക്താക്കൾക്ക് എപ്പോഴും പ്രാധാന്യം നൽകാൻ ശ്രദ്ധിക്കുന്നുണ്ട്. അതുപോലെ തന്നെ ഗുണമേൻമയ്ക്കും. അതാണ് കന്പനിയുടെ വിജയ രഹസ്യം. സിമന്‍റ് പ്രതലം, തടി പ്രതലം, ലോഹ പ്രതലം, വാട്ടർ പ്രൂഫിംഗ് ഈ ശ്രേണികളിൽ ഫുൾ റേഞ്ച് ഉത്പന്നങ്ങൾ ബർജർ പെയിന്‍റിന്‍റെ പക്കലുണ്ട്.

പുറം ഭിത്തിക്ക് ഉപയോഗിക്കുന്ന പത്തു വർഷം വരെ വാറന്‍റിയുള്ള വെതർ കോട്ട് ലോംഗ് ലൈഫ് പെയിന്‍റാണ് കന്പനിയുടെ പുതിയ ഉത്പന്നം. കുറഞ്ഞ വിലയുള്ള പെയിന്‍റാണെങ്കിലും കൂടിയ വിലയുള്ള പെയിന്‍റാണെങ്കിലും തൊഴിലാളികൾക്കു നൽകേണ്ടി വരുന്ന ചെലവ് ഒരു പോലെയാണ്. അതുകൊണ്ടു തന്നെ മികച്ച പെയിന്‍റടിച്ചാൽ അതായിരിക്കും ലാഭകരം. വില കുറഞ്ഞ പെയിന്‍റാണെങ്കിൽ ഇടയ്ക്കിടയ്ക്ക് പെയിന്‍റ് ചെയ്യേണ്ടി വരും. എന്നാൽ പത്തു വർഷം വാറന്‍റിയുള്ള പെയിന്‍റാണെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടുന്പോൾ വരുന്ന ചെലവ് കുറയ്ക്കാം.

കേരളത്തിലെ പെയിന്‍റ് വിപണിയുടെ വലുപ്പം ഏതാണ്ട് 2500 കോടി രൂപയുടേതാണ്. വിപണിയിൽ മേധാവിത്തമുള്ളത് നാലു കന്പനികൾക്കും. അതിൽ 76 ശതമാനം വിപണി വിഹിതമുള്ളത് ഏഷ്യൻ പെയിന്‍റിനും ബർജർ പെയിന്‍റിനുമാണ്. ഏറ്റവും വേഗം വളരുന്ന പെയിന്‍റ് കന്പനിയായ ബർജർ പെയിന്‍റിന്‍റെ വിപണി വിഹിതം 400 കോടി രൂപയാണ്. കന്പനി ഈ സാന്പത്തിക വർഷം 15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. കേരളത്തിൽ 1350 ഡീലർമാരും ഏഴു ഡിപ്പോകളുമുണ്ട്.

കൊൽക്കൊത്തയിലാണ് കന്പനിയുടെ ആസ്ഥാനം. കൊൽക്കൊത്ത യിൽ മൂന്നും പോണ്ടിച്ചേരി, ഗോവ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിൽ ഓരോ നിർമാണ യൂണിറ്റുകളു മാണുള്ളത്.

വിദഗ്ധരായ തൊഴിലാളികൾക്കായി ഐ ട്രെയിൻ

പെയിന്‍റിംഗിനെക്കുറിച്ച് ചിന്തിക്കുന്പോഴേ ഏറ്റവും വലിയ പ്രശ്നമായി കടന്നു വരുന്നത് തൊഴിലാളികൾക്കു നൽകേണ്ട കൂലിയാണ്. പെയിന്‍റിംഗിനു വരുന്ന ചെലവിൽ 65 ശതമാനത്തോളം വരും തൊഴിലാളികൾക്കുള്ള വേതനം. പക്ഷേ, ഇത്രയും വേതനം നൽകിയിട്ടും വിദഗ്ധരായ തൊഴിലാളികളെ കിട്ടാനില്ല എന്നുള്ളതു മറ്റൊരു പ്രശ്നം. പെയിന്‍റിംഗിന് എവിടെയും ആരും പരിശീലനം നൽകുന്നില്ല. സ്വന്തം പരിശ്രമത്തിലൂടെയാണ് പലരും പെയിന്‍റിംഗ് പഠിച്ചെടുക്കുന്നത്. അതു കൊണ്ടു തന്നെ മികച്ച പെയിന്‍റർമാരെ ലഭിക്കാനുമില്ല.

അതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഐ ട്രെയൻ എന്ന പദ്ധതിക്ക് ബർജർ പെയിന്‍റ് രൂപം കൊടുത്തത്. കന്പനിയിലെ ജോലിക്കാർക്കു പുറമേ പെയിന്‍റിംഗ് തൊഴിലാളികൾ, കോണ്‍ട്രാക്ടർമാർ, എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ മുതലായവർക്ക് പെയിന്‍റിംഗ് പരിശീലനം നൽകും. പരിശീലനം സൗജന്യമാണ്.

2015 ൽ കൊച്ചിയിലാണ് ഇത്തരത്തിലൊരു പരിശീലനത്തിന്‍റെ തുടക്കം. നിലവിൽ കൊച്ചിക്കു പുറമേ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലും പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനോടകം 4200 പേർ പരിശീലനവും നേടിക്കഴിഞ്ഞു.

രണ്ടു ദിവസത്തെ ഐ ട്രെയിൻ പരിശീലനം നേടുന്നവർക്ക് മെഷീൻ ഉപയോഗിച്ചുള്ള പെയിന്‍റിംഗിലും വൈദഗ്ധ്യം നേടാനവസരമുണ്ട്. ഇവർക്ക് സബ്സിഡി നിരക്കിൽ പെയിന്‍റിംഗ് മെഷീനുകൾ നൽകുകയും ചെയ്യും. ഇതു വഴി സമയം ലാഭിക്കാം. നല്ല ഫിനിംഷിംഗോടെ പെയിന്‍റിംഗ് പൂർത്തിയാക്കുകയും ചെയ്യാം. വിദഗ്ധരായ പെയിന്‍റിംഗ് തൊഴിലാളികളെ ലഭിക്കുന്നില്ല എന്നുള്ള ഉപഭോക്താവിന്‍റെ പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

ഉപഭോക്തക്കളോട് പെരുമാറേണ്ടത് എങ്ങനെ എന്ന കാര്യത്തിൽ സോഫ്റ്റ് സ്കിൽ ട്രെയിനിംഗും പെയിന്‍റിംഗ് ജോലിക്കാർക്ക് കന്പനി നൽകുന്നുണ്ട്.