വിദ്വേഷവിഷം വിതച്ചു രാജ്യത്തെ ചിതറിക്കരുത്
വിദ്വേഷം വിതയ്ക്കുന്ന, അത്യന്തം പ്രകോപനപരമായ പ്രസ്താവനകൾ നടത്തി ജനങ്ങളിൽ ഭിന്നിപ്പുളവാക്കുന്നവർ കൊടിയ രാജ്യദ്രോഹമാണു ചെയ്യുന്നത്. സാഹോദര്യത്തിലും സമത്വത്തിലുമൂന്നിയ ഇന്ത്യയുടെ പാരന്പര്യവും ചൈതന്യവുമാണ് ഇതിലൂടെ ഇവർ നഷ്ടമാക്കുന്നത്.
വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും സമൂഹത്തിൽ വിഷം പരത്തും. വ്യക്തിബന്ധങ്ങൾ മുതൽ രാജ്യത്തിന്റെ നിലനില്പിനെവരെ അതു ബാധിക്കും. സഹിഷ്ണുതയും വൈവിധ്യത്തിലെ ഏകത്വവും അടിസ്ഥാന മൂല്യമായി ഉയർത്തിക്കാട്ടുന്ന ഇന്ത്യയിൽ ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ വർധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും മറ്റുള്ളവർക്കു മാതൃക കാട്ടേണ്ടവരുമായവർ ഇത്തരം അനുചിത പ്രസ്താവനകൾ നടത്തുന്നത് കൂടുതൽ അപകടകരമാണ്. വർഗീയചുവയുള്ള പ്രസംഗവും പരാമാർശവും നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെയും വെസ്റ്റ് ഡൽഹിയിൽനിന്നുള്ള ബിജെപി പാർലമെന്റംഗമായ പർവേശ് സാഹിബ് സിംഗിനെയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താരപ്രചാരകരുടെ പട്ടികയിൽനിന്നു നീക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപിക്കു നിർദേശം നൽകിയിരിക്കുകയാണ്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന പ്രചാരണറാലികളിലായിരുന്നു പ്രമുഖ നേതാക്കളുടെ പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ. ഇതേത്തുടർന്ന്, വോട്ടർമാർക്കിടയിൽ ജാതീയവും വർഗീയവുമായ വികാരമിളക്കുന്ന പരാമർശങ്ങൾ അനുവദിക്കില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജാതി, സമുദായം, വിശ്വാസം, ഭാഷ, ദേശീയത എന്നിവയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുന്ന നടപടികളൊന്നും പാടില്ലെന്നും കമ്മീഷൻ നിഷ്കർഷിച്ചു.
ഇത്തരം വിഷലിപ്ത പ്രസ്താവനകൾ സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ചു യാതൊരു വേവലാതിയുമില്ലാത്ത ഈ നേതാക്കൾക്ക് എങ്ങനെയാണു നല്ല ഭരണാധികാരികളോ മികച്ച ജനപ്രതിനിധികളോ ആകാൻ കഴിയുക? ഒരു രാഷ്ട്രീയനേതാവ് ജനപ്രതിനിധിയായി മാറുന്പോൾ തനിക്കു വോട്ട് നൽകിയവരെ മാത്രമല്ല, ആ മണ്ഡലത്തിലെ എല്ലാ ജനങ്ങളെയുമാണു പ്രതിനിധീകരിക്കുന്നത്. അതുപോലെതന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്പോൾ രാജ്യത്തെ ജനങ്ങളെയൊന്നാകെ സേവിക്കുമെന്നും ഭരണഘടനയോടു പ്രതിബദ്ധത പുലർത്തുമെന്നും പറയുന്നവർ അതിനു കടകവിരുദ്ധമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതു പരസ്യമായ പ്രതിജ്ഞാലംഘനമല്ലേ?
വിദ്വേഷപ്രചാരണത്വര അടുത്തകാലത്ത് സകല സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയെത്തുടർന്നാണു കാര്യങ്ങൾ കൂടുതൽ രൂക്ഷമായത്. ഇരുവിഭാഗവും ഇതിൽ മത്സരിക്കുകയാണെന്നു തോന്നും. ഇതിനു മുന്പും മാന്യതയില്ലാത്ത പ്രസ്താവനകൾ ഉത്തരവാദപ്പെട്ട നേതാക്കളിൽനിന്നുണ്ടായിട്ടുണ്ട്. യാതൊരു കടിഞ്ഞാണുമില്ലാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നവരുടെ വായടപ്പിക്കാൻ ആരും ശ്രമിക്കാറുമില്ല. വിദ്വേഷ പ്രസ്താവനകളിലൂടെ പരക്കുന്ന വർഗീയ, വിഭാഗീയ വിഷം അന്തരീക്ഷത്തിലങ്ങനെ കനത്തുനിൽക്കും. ഇതിന്റെ ആഘാതം സമൂഹത്തെ ശ്വാസം മുട്ടിക്കും.
നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും മാത്രം കേമമെന്നും മറ്റുള്ളതെല്ലാം തീർത്തും മോശമെന്നുമുള്ള ചിന്ത ചിലരിലെങ്കിലും വളർന്നുവരുന്നതു സമൂഹത്തിന്റെ ധാർമികവും സാംസ്കാരികവുമായ അപചയമാണു വ്യക്തമാക്കുന്നത്. ഒരു പടികൂടി കടന്ന്, തങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും മാത്രമാണു സാംഗത്യമുള്ളതെന്നും മറ്റെല്ലാം അംഗീകരിക്കാനാവാത്തതാണെന്നും പറയുന്പോൾ അത് അസഹിഷ്ണുതയുടെ പരകോടിയിലേക്കുള്ള പ്രയാണമാണ്. ഇത്തരം പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെടുന്ന ചെറുപ്പക്കാരും തീവ്രചിന്താഗതിക്കാരും ക്രമേണ അക്രമത്തിലേക്കു നീങ്ങും. സമൂഹത്തിൽ അസ്വസ്ഥത പരത്താൻ അവസരം കാത്തിരിക്കുന്നവരുമുണ്ട്. അത്തരക്കാരുടെ ദുഷ്ടലാക്കുകളിൽ നിരപരാധികളും വീണുപോകാം.
എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംസ്കാരങ്ങളെയും സ്വാംശീകരിക്കുന്ന പാരന്പര്യമാണ് ഇന്ത്യക്കുള്ളത്. വൈവിധ്യങ്ങളിലും ഏകമനസോടെ നീങ്ങാനുള്ള കരുത്ത് ഭാരതീയനു ലഭിക്കുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാൽ ഈ ഐക്യവും സാഹോദര്യവും തകർക്കാനുള്ള ബോധപൂർവമായ ശ്രമം സജീവമാണിന്ന്. വിഷലിപ്ത പ്രസ്താവനകൾ അതിന്റെ ഭാഗമാണ്. ചില രാഷ്ട്രീയക്കാർ മാത്രമല്ല, മത, സാമുദായിക നേതാക്കളിലും സാംസ്കാരിക നായകരിൽപോലും ഇത്തരക്കാരുണ്ട്.
ജമ്മു-കാഷ്മീരിൽ ഉള്ളവർ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകൾ കാണാനാണെന്ന കണ്ടുപിടിത്തം നടത്തിയത് നീതി ആയോഗ് അംഗം വി.കെ. സാരസ്വത് ആയിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെന്നു വിശേഷിപ്പക്കപ്പെടുന്ന പാർലമെന്റിലും നിയമസഭകളിലുംപോലും പ്രകോപനപരമായ എത്രയോ പ്രസ്താവനകളാണുണ്ടാകുന്നത്. പാർലമെന്റിൽ ഈയിടെ എസ്പിജി നിയമഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ ഗാന്ധിഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനായി ബിജെപി അംഗം പ്രജ്ഞ സിംഗ് വിശേഷിപ്പച്ചതു വലിയ കോലാഹലത്തിനിടയാക്കിയിരുന്നു.
വിഡ്ഢിത്തം വിളന്പുന്ന നേതാക്കളുടെ എണ്ണം അടുത്തകാലത്ത് വർധിച്ചുവരികയാണ്. ഓക്സിജൻ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ പ്രസ്താവന ഏറെ കൗതുകമുയർത്തിയിരുന്നു. പശുവിനെ തടവിയാൽ ശ്വസനപ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുമെന്നായിരുന്നു ഈ മുഖ്യമന്ത്രിയുടെ മറ്റൊരു കണ്ടെത്തൽ.
തങ്ങളുടെ ഇത്തരം വിശ്വാസങ്ങളോടും നിലപാടുകളോടും യോജിപ്പില്ലാത്തവർ രാജ്യം വിട്ടുപോകാൻപോലും പറയാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിലെ ഒരു നേതാവ് ലോകപ്രശസ്തനായ ഒരു ചലച്ചിത്രകാരനോടു പറഞ്ഞത് ചന്ദ്രനിലേക്കു പോകാനാണ്. കർണാടകയിലെ കനകപുരയിൽ ക്രിസ്തുപ്രതിമ സ്ഥാപിക്കുന്നതിനെതിരേ ഒരുകൂട്ടമാളുകൾ പ്രതിഷേധവുമായെത്തിയതും തടസപ്പെടുത്തിയതും അസഹിഷ്ണുതയുടെ മറ്റൊരു മുഖമായിരുന്നു. വിവിധ വിഭാഗങ്ങളുടെ സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുകയാണു ജനാധിപത്യത്തിന്റെ കാതൽ.
പൊതുസമൂഹത്തിന്റെ ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടിയാകണം രാഷ്ട്രീയ പ്രവർത്തനം. മത, സാമുദായിക നേതാക്കളും സാംസ്കാരിക നായകരും സമൂഹത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കരുത്. വിദ്വേഷത്തിന്റെ വിഷവിത്തു വിതയ്ക്കുന്നവർ രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലേക്കു നയിക്കുകയാണ്.