ക്ലാസന്റെ ക്ലാസ് ഇനിയില്ല!
Tuesday, June 3, 2025 12:30 AM IST
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിക് ക്ലാസൻ അപ്രതീക്ഷിതമായി 33-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
സമൂഹമാധ്യമത്തിലൂടെയാണ് ക്ലാസൻ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. വിരമിക്കലുമായി ബന്ധപ്പെട്ട് ക്ലാസൻ വ്യക്തമാക്കിയതിങ്ങനെ... “എന്നെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കുന്ന ദിവസമാണിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഞാൻ വിരമിക്കാൻ തീരുമാനിച്ചു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം.’’- ക്ലാസൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
2018ലാണ് ക്ലാസൻ തന്റെ കരിയർ ആരംഭിച്ചത്. ഫെബ്രുവരി ഏഴിന് ഇന്ത്യക്കെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. വൈറ്റ് ബോൾ ക്രിക്കറ്റ് താരമെന്ന നിലയിൽ കൂടുതൽ മികവു കാട്ടിയ ക്ലാസൻ 60 മത്സരങ്ങളിൽനിന്ന് 2141 റണ്‍സ് നേടി. 174 റണ്‍സാണ് ഉയർന്ന സ്കോർ. 43.69 ശരാശരിയും 117.05 സ്ട്രൈക്ക് റേറ്റും ക്ലാസനുണ്ട്.
നാല് സെഞ്ചുറിയും 11 അർധ സെഞ്ചുറിയും അടങ്ങുനതാണ് ഏകദിന കരിയർ. ഈ വർഷം മാർച്ചിൽ ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരേ കളിച്ച ഏകദിനമാണ് അവസാന രാജ്യാന്തര മത്സരം.
2018 ഫെബ്രുവരി 18ന് ഇന്ത്യക്കെതിരേ ടി20യിലും ക്ലാസൻ അരങ്ങേറ്റം നടത്തി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ വർഷം ജനുവരിയിൽ ക്ലാസൻ ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു.