ഓസീസിന്റെ ലോകകപ്പ് ഹീറോ മാക്സ്വെൽ വിരമിച്ചു
Tuesday, June 3, 2025 12:30 AM IST
മെൽബണ്‍: ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
13 വർഷത്തെ ഏകദിന കരിയറിനാണ് 36കാരനായ മാക്സി വിരാമമിട്ടത്. ഓസ്ട്രേലിയയ്ക്കായി 2012 ഓഗസ്റ്റിൽ ഏകദിന ഫോർമാറ്റിൽ അരങ്ങേറിയ മാക്സ്വെൽ 149 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ട്വന്റി20 ഫോർമാറ്റിൽ മാക്സ്വെൽ തുടർന്നും മഞ്ഞക്കുപ്പായത്തിൽ കളിക്കും.
2023 ഏകദിന ലോകകപ്പിൽ മുംബൈയിൽ അഫ്ഗാനിസ്ഥാനെതിരേ പരിക്കേറ്റ കാലുമായി പുറത്താവാതെ 201* റണ്‍സടിച്ച് മാക്സ്വെൽ റിക്കാർഡിട്ടിരുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.
സ്ഫോടനാത്മക ബാറ്റിംഗുമായി രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധ നേടിയ മാക്സ്വെൽ ഓഫ് സ്പിന്നറെന്ന നിലയിലും മികവുതെളിയിച്ചു. ഫീൽഡിംഗിലും മിന്നുംതാരമായിരുന്ന മാക്സ്വെൽ.
ഏകദിന കരിയർ
ഓസ്ട്രേലിയയ്ക്കായി 149 ഏകദിന മത്സരങ്ങൾ കളിച്ചു. 3,990 റണ്‍സ് സന്പാദ്യം. 33.81 ശരാശരിയിലും 126.70 സ്ട്രൈക്ക്റേറ്റിലുമായിരുന്നു ബാറ്റിംഗ്. നാല് സെഞ്ചുറികളും 23 അർധസെഞ്ചുറികളും നേടി. ഓഫ് സ്പിന്നറെന്ന നിലയിൽ മികവു തെളിയിച്ച താരം നാലു തവണ നാലു വിക്കറ്റ് നേട്ടം കരസ്ഥമാക്കി 77 വിക്കറ്റുകൾ വീഴ്ത്തി. 91 ക്യാച്ചുകൾ.
ഓസ്ട്രേലിയയ്ക്കിനി 2026 ഏകദിന ലോകകപ്പിന് മുന്‍പ് പുതിയ ടീമിനെ കണ്ടെത്തണം. മാക്സിയുടെ സഹതാരങ്ങളായിരുന്ന സ്റ്റീവ് സ്മിത്ത് 2025 മാർച്ചിലും മാർക്കസ് സ്റ്റോയിനിസ് 2025 ഫെബ്രുവരിയിലും, മാത്യൂ വെയ്ഡ് 2024 ഒക്ടോബറിലും ഡേവിഡ് വാർണർ 2024 ജനുവരിയിലും വിരമിച്ചിരുന്നു.
201* നോട്ടൗട്ട്
2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ പുറത്താവാതെ 201 റണ്‍സ് നേടിയതാണ് ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്. ഏകദിന ക്രിക്കറ്റിൽ ഒരു ഓസീസ് താരത്തിന്റെ ആദ്യ ഡബിൾ സെഞ്ചുറിയായിരുന്നു ഇത്.
ഏകദിന ചേസിംഗിൽ ഏതെങ്കിലും ഒരു താരം ഇരട്ട സെഞ്ചുറി നേടുന്നതും അന്നാദ്യമായിരുന്നു. മാത്രമല്ല, ഏകദിന ഡബിൾ നേടുന്ന ആദ്യ നോണ്‍-ഓപ്പണർ എന്ന നേട്ടവും മാക്സ്വെൽ സ്വന്തമാക്കി. ആറാമനായി ബാറ്റിംഗിന് ഇറങ്ങിയാണ് മാക്സ്വെല്ലിന്റെ ഏകദിന ഇരട്ട സെഞ്ചുറി എന്നതും സവിശേഷതയാണ്.
അഫ്ഗാൻ മുന്നോട്ടുവച്ച 292 റണ്‍സ് പിന്തുടരവെ ഓസീസ് ഒരുവേള 91-7 എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ടപ്പോൾ ഒന്‍പതാമനായി ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ച് ഓസീസിനെ ജയിപ്പിക്കുകയായിരുന്നു.