ഓറഞ്ച് ക്യാപ് ഉറപ്പിച്ച് സായ് സുദർശൻ; പർപ്പിൾ ക്യാപ്പിനായി രണ്ടു പേർ
Tuesday, June 3, 2025 12:30 AM IST
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനോട് തോറ്റ് പുറത്തായതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ.
15 മത്സരങ്ങളിൽ 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദർശന് ഭീഷണിയായിരുന്ന മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ് 717 റണ്‍സുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 650 റണ്‍സടിച്ച ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ആണ് മൂന്നാം സ്ഥാനത്ത്.
614 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്കും 603 റണ്‍സുമായി ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യർക്കും മാത്രമാണ് സായ് സുദർശനെ മറികടക്കാൻ അവസരമുള്ളത്. എന്നാൽ സായ് സുദർശനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കിൽ വിരാട് കോഹ്ലി ഇന്ന് ഫൈനലിൽ 146 റണ്‍സും ശ്രേയസ് അയ്യർ 157 റണ്‍സും നേടേണ്ടിവരും.
പർപ്പിൾ ക്യാപിന് അവകാശിയായി നിലവിൽ 25 വിക്കറ്റുമായി ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണയാണ് ഒന്നാമത്. എന്നാൽ പ്രസിദ്ധിന് ഇനി മത്സരമില്ലെന്നിരിക്കേ ഇന്നത്തെ മത്സരം ശേഷിക്കേ ബംഗളൂരുവിന്റെ ജോഷ് ഹെയസ്ൽവുഡ് 21 വിക്കറ്റുമായി വെല്ലുവിളിയുയർത്തുന്നു.
ഇന്ന് നാല് വിക്കറ്റ് ഹെയസ്ൽവുഡ് വീഴ്ത്തിയാൽ ഇരുവരും ഒപ്പമെത്തും. അഞ്ച് വിക്കറ്റുമായി മിന്നലായാൽ പർപ്പിൾ ക്യാപ്പും സ്വന്തമാക്കും.