ഹിമാചലിൽ മേഘവിസ്ഫോടനം, മിന്നൽപ്രളയം; രണ്ടു പേർ മരിച്ചു, 20 പേരെ കാണാതായി
Thursday, June 26, 2025 1:47 AM IST
സിംല: ഹിമാചൽപ്രദേശിലെ കംഗ്ര ജില്ലയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ രണ്ടു പേർ മരിച്ചു. 20 പേരെ കാണാതായി. മനുനി ഖാദിലായിരുന്നു അപകടം.
ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതി പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികളാണ് ഒഴുക്കിൽപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് ജോലികൾ നിർത്തിവച്ചിരിക്കുകയായിരുന്നു.
താത്കാലിക ഷെഡ്ഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. എസ്ഡിആർഎഫും റവന്യു അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കുളു ജില്ലയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മൂന്നു പേരെ കാണാതായി. നിരവധി വീടുകളും ഒരു സ്കൂൾ കെട്ടിടവും തകർന്നു. ഹിമാചലിന്റെ വിവിധയിടങ്ങളിൽ ഇന്നലെ മേഘവിസ്ഫോടനമുണ്ടായി.