15 ദിവസത്തിനുള്ളിൽ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാൻ തെര. കമ്മീഷൻ
Thursday, June 26, 2025 1:47 AM IST
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർത്താലോ പുതുക്കിയാലോ 15 ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഫോട്ടോ ഐഡി കാർഡുകൾ ലഭിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനം അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർ രജിസ്ട്രേഷന്റെയും വോട്ടർ കാർഡുകളുടെ വിതരണത്തിലെയും സുതാര്യതയും വേഗതയും ഉറപ്പു വരുത്തുന്നതിനാണ് പുതിയ നടപടികൾ.
തെരഞ്ഞെടുപ്പു കമ്മീഷൻ പുതുതായി വികസിപ്പിച്ച "ഈസിനെറ്റ്' സംവിധാനവുമായി സംയോജിപ്പിച്ചുകൊണ്ടാണ് ഇതു പ്രാവർത്തികമാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചതു മുതൽ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതുവരെ ഓരോ ഘട്ടവും നിരീക്ഷിക്കാൻ സാധിക്കുമെന്നത് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. തപാൽ മുഖേനയായിരിക്കും വോട്ടർ ഐഡി കാർഡുകൾ ലഭിക്കുക.
എസ്എംഎസ് മുഖേനയായിരിക്കും അപേക്ഷകർക്കു തത്സമയ വിവരങ്ങൾ ലഭിക്കുക. voters.eci.gov.in എന്ന വെബ്സൈറ്റ് വഴി പുതിയ അപേക്ഷ സമർപ്പിക്കാനും പുതുക്കാനും സാധിക്കും.